എയർ ആംബുലൻസിന് ഇനി പ്രത്യേക സമിതിയുടെ അനുമതി വേണം; ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
- Published by:Rajesh V
- news18-malayalam
Last Updated:
വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ മാറ്റേണ്ട രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അഡ്മിനിസ്ട്രേറ്റർ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയർ ആംബലൻസിൽ മാറ്റാൻ സാധിക്കൂ.
കൊച്ചി: ജനങ്ങളുടെ ശക്തമായ പ്രതിഷേധങ്ങൾ അവഗണിച്ച് പുതിയ തീരുമാനങ്ങളും നിയന്ത്രണങ്ങളുമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ. ദ്വീപിലെ എയർ ആംബുലൻസ് സംവിധാനത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നതാണ് 24 ന് പുറത്തിറക്കിയ പുതിയ ഉത്തരവ്.
വിദഗ്ധ ചികിത്സയ്ക്കായി എയർ ആംബുലൻസിൽ മാറ്റേണ്ട രോഗികളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അഡ്മിനിസ്ട്രേറ്റർ നാലംഗ സമിതിയെ നിയോഗിച്ചു. മെഡിക്കൽ ഡയറക്ടർ ഉൾപ്പെടുന്ന നാലംഗ സമിതിയുടെ തീരുമാനത്തിന് അനുസരിച്ച് മാത്രമേ ഇനി രോഗികളെ എയർ ആംബലൻസിൽ മാറ്റാൻ സാധിക്കൂ. കമ്മിറ്റിയുടെ അനുമതി ഇല്ലെങ്കിൽ രോഗികളെ കപ്പൽ മാർഗമേ മാറ്റാൻ സാധിക്കുകയുള്ളൂ. നിലവിൽ അതാത് ദ്വീപുകളിലെ മെഡിക്കൽ ഓഫീസർക്ക് എയർ ആംബുലൻസിന് അനുമതി നൽകാൻ സാധിക്കുമായിരുന്നു. പുതിയ തീരുമാനം ദ്വീപിലെ സാഹചര്യം കൂടുതൽ സങ്കീർണാക്കുമെന്നാണ് ദ്വീപ് നിവാസികൾ പറയുന്നത്.
advertisement
വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാരെ കണ്ടെത്താനാവശ്യപ്പെടുന്ന പുതിയ ഉത്തരവും ഇറക്കിയിട്ടുണ്ട്. കാര്യക്ഷമതയില്ലാത്ത ജീവനക്കാർക്കെതിരേ നടപടിയുണ്ടായേക്കും. വിവിധ വകുപ്പുകളിലെ കരാർ ജീവനക്കാരായ ദ്വീപുകാരെ പിരിച്ചുവിട്ടതിൽ വലിയ പ്രതിഷേധമുയരുന്നതിനിടെയാണ് പുതിയ തീരുമാനം.

ഇതിനിടെ, അഡ്മിനിസ്ട്രേറ്റർക്കെതിരേ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ദ്വീപിൽ വ്യാഴാഴ്ച സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് നാല് മണിക്ക് ഓൺലൈനായി ചേരുന്ന യോഗത്തിൽ എംപി ഉൾപ്പെടെ ദ്വീപിലെ എല്ലാ പാർട്ടികളുടെ നേതാക്കളും പങ്കെടുക്കും. യോഗത്തിൽ പങ്കെടുക്കുന്ന കാര്യം ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് ദ്വീപിലെ ബിജെപി നേതൃത്വം വ്യക്തമാക്കി.
advertisement
അഡ്മിനിസ്ട്രേറ്ററെ തിരികെ വിളിക്കുക, പരിഷ്കാരങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഷ്ട്രപതിക്ക് ഭീമഹർജി നൽകാനുള്ള ഒരുക്കത്തിലാണ് ദ്വീപ് നിവാസികൾ. ഇതിനായുള്ള ഒപ്പു ശേഖരണവും പുരോഗമിക്കുകയാണ്. ഹൈക്കോടതിയിലും സുപ്രീംകോടതിയുലുമായി നിയമനടപടികൾ സ്വീകരിക്കാനും ലക്ഷദ്വീപ് എംപിയും വിവിധ സംഘടനകളും ആലോചന തുടങ്ങിയിട്ടുണ്ട്.
'ലക്ഷദ്വീപ് സമുദ്രത്തിലെ ഇന്ത്യൻ രത്നം; വിവരമില്ലാത്ത വർഗീയവാദികളായ ഭരണാധികാരികൾ അതിനെ നശിപ്പിക്കുന്നു' : രാഹുൽ ഗാന്ധി
മഹാസമുദ്രത്തിലെ ഇന്ത്യൻ രത്നമാണ് ലക്ഷദ്വീപ് എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗന്ധി. വർഗീയവാദികളായ ഭരണാധികാരികൾ അതിനെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് ജനതക്കൊപ്പം താൻ എക്കാലവും അടിയുറച്ചു നിൽക്കുമെന്ന് ട്വിറ്ററിൽ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. ''ലക്ഷദ്വീപ് കടലിലെ ഇന്ത്യയുടെ രത്നമാണ്. അധികാരത്തിലിരിക്കുന്ന വിവരമില്ലാത്ത വർഗീയവാദികൾ അതിനെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഞാൻ ലക്ഷദ്വീപിലെ ജനങ്ങൾക്കൊപ്പം നിലയുറപ്പിക്കുന്നു'' - രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
advertisement
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പദവിയിൽനിന്ന് പ്രഫുൽ പട്ടേലിനെ ഉടൻ പുറത്താക്കണമെന്ന് കോൺഗ്രസ് ആവശ്യമുന്നയിച്ചിരുന്നു. ലക്ഷദ്വീപിന്‍റെ സമാധാനവും സംസ്കാരവും നശിപ്പിക്കുക മാത്രമല്ല, അന്യായമായ നിയന്ത്രണങ്ങൾ ഏർപെടുത്തി ദ്വീപിലെ ജനസമൂഹത്തെ പീഡിപ്പിക്കുകയും ചെയ്യുകയാണ് പട്ടേലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി അജയ് മാക്കൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2021 5:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എയർ ആംബുലൻസിന് ഇനി പ്രത്യേക സമിതിയുടെ അനുമതി വേണം; ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍