അമേരിക്കൻ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടു; സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് ധനമന്ത്രി
- Published by:Rajesh V
- news18-malayalam
Last Updated:
പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്നും സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് തുടക്കമായി. അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും യാത്ര പുറപ്പെട്ടു. പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചത്. ഭാര്യ കമല വിജയനും ഒപ്പമുണ്ട്.
ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വി പി ജോയി തുടങ്ങിയവര്‍ മുഖ്യമന്ത്രിയെ അനുഗമിക്കുന്നുണ്ട്. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക് ക്വീയില്‍ ലോകകേരള സഭ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ഷംസീര്‍ അധ്യക്ഷനാകും. ധനമന്ത്രി ബാലഗോപാല്‍ അടക്കം പങ്കെടുക്കും.
advertisement
മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രവാസി മലയാളികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
യു എന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. തുടര്‍ന്ന് ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15,16 തീയതികളില്‍ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ക്യൂബാ സന്ദര്‍ശന സംഘത്തിലുണ്ട്. വിദേശ സന്ദർശനം കഴിഞ്ഞ് ഈ മാസം 19 നാണ് മുഖ്യമന്ത്രി മടങ്ങിയെത്തുക.
advertisement
അതേസമയം, വിദേശസന്ദര്‍ശനം ധൂര്‍ത്തെന്ന ആരോപണം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ തള്ളി. പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയപ്രേരിതമാണെന്നും സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്നും കൂടുതല്‍ നിക്ഷേപങ്ങള്‍ വരുമെന്നും ധനമന്ത്രി പറഞ്ഞു. രാഷ്ട്രീയ വിരോധം സൂക്ഷിച്ചോട്ടെ, പക്ഷെ നാടിനു ഗുണമുള്ള കാര്യങ്ങളിൽ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 08, 2023 7:51 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അമേരിക്കൻ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും പുറപ്പെട്ടു; സംസ്ഥാനത്തിന് ഗുണം ചെയ്യുമെന്ന് ധനമന്ത്രി