കണ്ണാടിക്കൽ കണ്ണീർക്കടലായി; അർജുന് വിട നൽകി കേരളം
- Published by:Vishnupriya S
- news18-malayalam
Last Updated:
അർജുന്റെ മൃതദേഹം സംസ്കരിച്ചു. അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്
നാടിന്‍റെ യാത്രാമൊഴി ഏറ്റുവാങ്ങി കോഴിക്കോട് കണ്ണാടിക്കലിലെ വീടിനോട് ചേര്‍ന്ന് അര്‍ജുന് അന്ത്യവിശ്രമം. അർജുന്റെ മൃതദേഹം സംസ്കരിച്ചു. വൻ ജനാവലിയുടെ സാന്നിധ്യത്തിൽ രാവിലെ 11.20ഓടെയാണ് സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. അന്തിമോപചാരമര്‍പ്പിക്കാൻ ആയിരങ്ങളാണ് എത്തിയത്. 11.45ഓടെ അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി അര്‍ജുന്‍റെ ചിതയ്ക്ക് തീകൊളുത്തി. സഹോദരന്‍ അഭിജിത്താണ് ചിതയ്ക്ക് തീ പകര്‍ന്നത്.
ഓരോ കുടുംബത്തിലെയും ഒരംഗം നഷ്ടമായ വേദനയാണ് കണ്ണാടിക്കല്‍ എത്തിയവര്‍ പങ്കിട്ടത്. കേരളം ഒരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലുളള ഒരു അന്ത്യ യാത്രയ്ക്കുശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ മൃതദേഹം ഇന്ന് രാവിലെയാണ് വീട്ടിലെത്തിച്ചത്. കുടുംബാംഗങ്ങളും നാട്ടുകാരും അവസാനമായി അർജുന് അന്ത്യാഞ്ജലി അർപ്പിച്ചു.
മൃതദേഹം വഹിച്ചുള്ള ആംബുലൻസിനെ അനുഗമിച്ച് വിലാപയാത്ര ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ ജനങ്ങൾ തിങ്ങി നിറഞ്ഞ 'അമരാവതി' എന്ന വീടിനരികിലേക്ക് എത്തിയത്. മുദ്രാവാക്യം വിളികളോടെ അർജുനെ നാട് ഏറ്റുവാങ്ങി. ആദ്യം ബന്ധുക്കള്‍ക്ക് മാത്രം കുറച്ച് സമയം അന്ത്യാഞ്ജലി അർപ്പിക്കാൻ സമയം നൽകി. പിന്നീട് നാട്ടുകാർക്കും അർജുന് ആദരമർപ്പിക്കാനായി പല നാടുകളിൽ നിന്നെത്തിയവർക്കുമായി പൊതുദർശനം നടന്നു.
advertisement
കോഴിക്കോട് ജില്ലാ അതിർത്തിയിൽ മന്ത്രി എകെ ശശീന്ദ്രനും കെ കെ രമ എംഎൽഎയും ജില്ല കളക്ടർ സ്നേഹിൽ കുമാറും ചേർന്നാണ് മൃതദേഹം ഏറ്റുവാങ്ങിയത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വെച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.
ഏഴരയ്ക്ക് മൃതദേഹം വഹിച്ചുള്ള വിലാപയാത്ര പൂളാടിക്കുന്നിലെത്തി. ഇവിടെ നിന്നാണ് വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായി രാവിലെ ഒമ്പതരയോടെയാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്. കേരള, കർണാടക പൊലീസും വിലാപയാത്രയെ അനുഗമിച്ചിരുന്നു. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയ്‌ലും മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്‌റഫും ഷിരൂരിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപേയും വിലാപയാത്രയ്ക്കൊപ്പം അര്‍ജുന്‍റെ വീട്ടിലെത്തി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
September 28, 2024 1:17 PM IST