കോട്ടയം : കരാറുകാരനിൽ നിന്ന് കൈക്കൂലി (Bribe) വാങ്ങുന്നതിനിടെ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറെ (Assistant Executive Engineer) വിജിലൻസ് (Vigilance and anti corruption) പിടികൂടി. ചങ്ങനാശേരി പെരുന്ന കുറുപ്പൻപറമ്പിൽ ബിനു ജോസിനെ (55) ആണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. മിനി സിവിൽ സ്റ്റേഷനിലെ ചെറുകിട ജലസേചന വിഭാഗം ഓഫിസിൽ കരാറുകാരനിൽനിന്നു 10,000 രൂപ വാങ്ങി കംപ്യൂട്ടർ കീബോർഡിന്റെ അടിയിലേക്കു വച്ചതിനു പിന്നാലെ വിജിലൻസ് സംഘം ബിനുവിനെ പിടികൂടുകയായിരുന്നു.
2 വർഷം മുൻപ് 45 ലക്ഷം രൂപയുടെ ലിഫ്റ്റ് ഇറിഗേഷൻ ജോലികൾ പരാതിക്കാരന്‍ കരാർ അടിസ്ഥാനത്തിൽ ചെയ്തിരുന്നു. ഇതിന്റെ ബില്ലുകൾ മാറുന്നതിന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിരന്തരം കൈക്കൂലി ആവശ്യപ്പെട്ടെന്നാണു പരാതി. പല തവണ 10,000 രൂപ വീതം നൽകിയെങ്കിലും പിന്നെയും കൈക്കൂലി വാങ്ങുന്നതിനു വേണ്ടി 2 വർഷമായി ബില്ലുകൾ പൂർണമായി നൽകാതെ ബോധപൂര്‍വം വൈകിപിച്ചതായി പരാതിയിലുണ്ട്. കിട്ടാനുള്ള തുകയുടെ 4 ശതമാനത്തോളം കൈക്കൂലിയായി ഇവര്‍ വാങ്ങിട്ടുണ്ട്.
കരാര്‍ എടുക്കുമ്പോള്‍ സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ പണിപൂർത്തിയായപ്പോൾ തിരികെ കിട്ടാനായി ഓഫിസിൽ എത്തിയപ്പോഴും ഇവര്‍ 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ ബന്ധപ്പെടാന്‍ തീരുമാനിച്ചത്. വിജിലന്‍സ് സംഘം നൽകിയ ഫിനോഫ്തലിൻ പുരട്ടിയ 10,000 രൂപയുമായിട്ടാണ് ഇന്നലെ കരാറുകാരൻ ഓഫിസിൽ എത്തിയത്. വേഷം മാറി ഓഫിസ് ആവശ്യത്തിന് എത്തിയവർ എന്ന നിലയിൽ വിജിലൻസ് ഉദ്യോഗസ്ഥരും ഓഫിസിനുള്ളിൽ പ്രവേശിച്ചിരുന്നു. കരാറുകാരൻ കൈക്കൂലി കൈമാറിയതിനു പിന്നാലെ ഉദ്യോഗസ്ഥർ എൻജിനീയറെ കൈയോടെ പിടികൂടി.
കരാര്‍ ഏതുമാകട്ടെ 'ഫിഫ്റ്റി ഫിഫ്റ്റി' ആണ് മെയിന്‍
ചെറുകിട ജലസേചന വകുപ്പിൽ ഓരോ കരാറിനും ചില ഉദ്യോഗസ്ഥർ കൈക്കൂലിയായി ചോദിച്ചിരുന്നത് ആകെ കരാർ തുകയുടെ പകുതി വരെയെന്ന് വിജിലൻസ് പറയുന്നു. അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ബിനു ജോസും മറ്റ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നുവെന്ന പരാതിയിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണു വിജിലൻസ് സംഘം അറസ്റ്റിലേക്കു നീങ്ങിയത്.
കൈക്കൂലി വാങ്ങിയതിന് കയ്യോടെ പിടികൂടിയപ്പോൾ ‘ഞാൻ തന്നെയല്ല, ഓഫിസിലെ മറ്റു പലരും കൈക്കൂലി വാങ്ങുന്നുണ്ട്’ എന്നാണ് ബിനു ജോസ് വിജിലൻസ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. ഹാജർ ബുക്ക് പരിശോധിച്ചപ്പോൾ ഇന്നലെയും ബുധനാഴ്ചയും ഇവർ ഹാജർ രേഖപ്പെടുത്തിയിരുന്നില്ല. ചങ്ങനാശേരി സബ് റജിസ്ട്രാർ ഓഫിസിൽ നടത്തിയ പരിശോധനയിൽ ഇവരുടെ പേരിൽ 9 സ്ഥലങ്ങളിൽ ഭൂമിയുണ്ടെന്നു കണ്ടെത്തിയതായും വിജിലൻസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാടശേഖരങ്ങളിലേക്കുള്ള പമ്പിങ് ജോലികൾ , തോടുകളിലെ മാലിന്യം നീക്കം ചെയ്യല്‍, തോടുകളുടെ സംരക്ഷണ ഭിത്തി കെട്ടുക, കലുങ്ക് നിർമാണം തുടങ്ങിയവയാണ് ചെറുകിട ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ജോലികൾ. കൈക്കൂലി നൽകാതിരുന്നാൽ ബില്ലുകൾ വർഷങ്ങളോളം വൈകിപ്പിക്കും. ഇന്നലെ നടന്ന സംഭവത്തിൽ സെക്യൂരിറ്റി തുകയായി അടച്ച 2.25 ലക്ഷം രൂപ രൂപ തിരികെ കിട്ടാനായി പരാതിക്കാരൻ 2 വർഷമാണ് ഓഫിസിൽ കയറിയിറങ്ങിയത്.
എസ്പി വി.ജി.വിനോദ് കുമാറിനു ലഭിച്ച പരാതിയെത്തുടർന്നാണു വിജിലൻസ് നടപടി. ഡിവൈഎസ്പി കെ.എ.വിദ്യാധരൻ, ഇൻസ്പെക്ടർമാരായ റെജി എം.കുന്നിപ്പറമ്പൻ, എസ്.ജയകുമാർ, ജി.അനൂപ്, യതീന്ദ്രകുമാർ, എസ്ഐമാരായ തോമസ് ജോസഫ്, കെ.എസ്.സുരേഷ്, ജെ.ജി.ബിജു, എഎസ്ഐമാരായ സ്റ്റാൻലി ജോസഫ്, ഡി.ബിനു, വി.ടി.സാബു, രാജീവ്, സിപിഒമാരായ ടി.പി.രാജേഷ്, വി.എസ്.മനോജ്കുമാർ, അനൂപ്, സൂരജ്, കെ.ആർ.സുമേഷ്, കെ.പി.രഞ്ജിനി, നീതു മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്. ബിനുവിനെ ഇന്നു കോടതിയിൽ ഹാജരാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.