• HOME
  • »
  • NEWS
  • »
  • kerala
  • »
  • Jayanti Janata | കാത്തിരിപ്പിനൊടുവിൽ 'ജയന്തി ജനത' വരുന്നു; മാർച്ച് 31 മുതൽ ഓടിത്തുടങ്ങും

Jayanti Janata | കാത്തിരിപ്പിനൊടുവിൽ 'ജയന്തി ജനത' വരുന്നു; മാർച്ച് 31 മുതൽ ഓടിത്തുടങ്ങും

മറ്റെല്ലാ ട്രെയിനുകളും തിരിച്ചെത്തിയപ്പോഴും ജയന്തി ഓടിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ഇപ്പോഴിതാ, പുതിയ റൂട്ടിൽ ജയന്തി ജനത ഓടിത്തുടങ്ങുമെന്ന അറിയിപ്പിനൊപ്പം സമയക്രമവും പുറത്തുവിട്ടിരിക്കുകയാണ് റെയിൽവേ അധികൃതർ

Train

Train

  • Share this:
    ഒരുകാലത്ത് കേരളത്തിലെ വിവാഹം ഉൾപ്പടെയുള്ള ചടങ്ങുകൾക്ക് മുഹൂർത്തം കുറിക്കുന്നതിൽ ജയന്തി ജനത (Jayanti Janata Express) എന്ന പേരുള്ള ട്രെയിൻ ചെലുത്തിയ സ്വാധീനം വളരെ വലുതായിരുന്നു. 1980കളിൽ മലയാളികൾ ഗൾഫിലേക്ക് പോയിത്തുടങ്ങുന്നതിന് മുമ്പ് മുംബൈയിലേക്കാണ് ജോലി തേടി പോയിരുന്നത്. അന്ന് ബോംബെ എന്ന് അറിയപ്പെട്ടിരുന്ന മുംബൈയിൽ ജോലി ചെയ്തിരുന്ന ചെറുപ്പക്കാരുടെ വിവാഹ തീയതിയും വിവാഹനിശ്ചയവും മറ്റും തീരുമാനിക്കുന്നത് ജയന്തി ജനത എക്സ്പ്രസ് ട്രെയിനിൽ ടിക്കറ്റ് ഉറപ്പാക്കിയശേഷമായിരുന്നു. കാരണം അന്ന് മുംബൈയിലേക്ക് കേരളത്തിൽനിന്ന് സർവീസ് നടത്തിയിരുന്ന ഏക ട്രെയിൻ ആയിരുന്നു മുംബൈ സി.എസ്.ടി-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്. എന്നാൽ അടുത്തിടെ കോവിഡ് വ്യാപനത്തെ തുടർന്ന് ജയന്തി ജനത റദ്ദാക്കിയിരുന്നു. മറ്റെല്ലാ ട്രെയിനുകളും തിരിച്ചെത്തിയപ്പോഴും ജയന്തി ഓടിക്കാൻ അധികൃതർ തയ്യാറായില്ല. ഇപ്പോഴിതാ, പുതിയ റൂട്ടിൽ ജയന്തി ജനത ഓടിത്തുടങ്ങുമെന്ന അറിയിപ്പിനൊപ്പം സമയക്രമവും പുറത്തുവിട്ടിരിക്കുകയാണ് റെയിൽവേ അധികൃതർ. മുംബൈയ്ക്ക് പകരം ഇനി മുതൽ പുനെയിലേക്കാണ് ട്രെയിൻ സർവീസ് നടത്തുക. രണ്ടു വർഷത്തിന് ശേഷമാണ് ജയന്തി ജനത സർവീസ് പുനരാരംഭിക്കുന്നത്.

    മാർച്ച് 31 മുതലാണ് ജയന്തി ജനത പൂനെയിൽനിന്ന് ഓടിത്തുടങ്ങുക. കന്യാകുമാരിയിൽനിന്ന് പൂനെയിലേക്കുള്ള ആദ്യ സർവീസ് ഏപ്രിൽ ഒന്ന് മുതൽ ആരംഭിക്കും. രാവിലെ 8.25ന് കന്യാകുമാരിയിൽനിന്ന് യാത്ര തിരിക്കുന്ന ട്രെയിൻ രണ്ടാം ദിവസം രാത്രി 10.20ന് പൂനെയിൽ എത്തിച്ചേരും. പൂനെയിൽനിന്ന് രാത്രി 11.50ന് തിരിക്കുന്ന ട്രെയിൻ മൂന്നാം ദിവസം ഉച്ചയ്ക്ക് 12.30ഓടെ കന്യാകുമാരിയിൽ എത്തിച്ചേരും.

    പൂനെയിലേക്കുള്ള ട്രെയിൻ രാവിലെ 10.15ന് തിരുവനന്തപുരത്തും 11.27ന് കൊല്ലത്തും ഉച്ചയ്ക്ക് 1.22ന് കോട്ടയത്തും വൈകിട്ട് മൂന്ന് മണിയോടെ എറണാകുളം നോർത്തിലും എത്തും. തൃശൂരിൽ വൈകിട്ട് 4.52നും പാലക്കാട്ട് 6.27നും ട്രെയിൻ എത്തിച്ചേരും.

    പൂനെയിൽനിന്നു കന്യാകുമാരിയിലേക്കുള്ള ട്രെയിൻ പുലർച്ചെ 1.15നാണ് കേരളത്തിലെ ആദ്യ സ്റ്റോപ്പായ പാലക്കാട്ട് എത്തുന്നത്. പുലർച്ചെ 2.32ന് തൃശൂരിലും അതിരാവിലെ 3.50ന് എറണാകുളം നോർത്തിലും ട്രെയിൻ എത്തും. കോട്ടയത്ത് 5.32നും കൊല്ലത്ത് 8.12നും എത്തുന്ന ജയന്തി ജനത 9.25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലെത്തും.

    Also Read- സംസ്ഥാനത്ത് ട്രെയിനുകളുടെ സമയ കൃത്യത കൂടി; റെയിൽവേയുടെ തട്ടിപ്പെന്ന് യാത്രക്കാർ

    കോവിഡിന് മുമ്പ് വരെ തമിഴ്‌നാട്ടിലെ കന്യാകുമാരി മുതൽ മുംബൈ ഛത്രപതി ശിവാജി ടെർമിനസ് വരെ നിത്യേന ഓടിയിരുന്ന എക്സ്പ്രസ്സ് ട്രെയിനായിരുന്നു ജയന്തി ജനത എക്സ്പ്രസ്സ്. ഏറെ ജനപ്രിയമായിരുന്ന ജയന്തി ജനത എക്സ്പ്രസ് മലയാളികളുടെ മുംബൈ യാത്രയിൽ ഒരുകാലത്ത് ഒഴിച്ചുനിർത്താനാകാത്ത ഘടകമായിരുന്നു. മാസങ്ങൾക്ക് മുമ്പ് റിസർവ് ചെയ്താൽ മാത്രമെ ജയന്തി ജനതയിൽ യാത്ര ചെയ്യാൻ സാധിക്കുമായിരുന്നുള്ളു. കേരളത്തിൽ പകൽ സമയത്ത് ഓടുന്ന ജയന്തി ജനത, ഓഫീസ് ജീവനക്കാരും വിദ്യാർഥികളും ഉൾപ്പെടുന്ന സീസൺ ടിക്കറ്റ് യാത്രികർക്കും ഏറെ പ്രിയപ്പെട്ട ട്രെയിനായിരുന്നു.



    മുമ്പ് രാവിലെ 05.45നു കന്യാകുമാരിയിൽ നിന്ന് തിരിച്ച് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, പാലക്കാട്, തിരുപ്പതി, കല്യാൺ വഴി മൂന്നാം ദിവസം രാവിലെ 04.50നു മുംബൈയിൽ എത്തിച്ചേരുന്നതായിരുന്നു ജയന്തിജനതയുടെ സമയക്രമം. തിരികെ വൈകുന്നേരം 03.45നു പുറപ്പെടുന്ന വണ്ടി, മൂന്നാം ദിവസം ഉച്ചയ്ക്ക് 12.15നു കന്യാകുമാരിയിൽ എത്തിച്ചേരും. പിന്നീട് കന്യാകുമാരിയിൽ സൂര്യോദയവും സൂര്യാസ്തമനവും കാണാനെത്തുന്ന യാത്രക്കാരുടെ സൌകര്യാർഥമാണ് ജയന്തി ജനതയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയത്.
    Published by:Anuraj GR
    First published: