സ്കൂട്ടറിൽ സഞ്ചരിച്ച അധ്യാപികയെ തള്ളിയിട്ട് തട്ടിക്കൊണ്ടുപോകാൻ ശ്രമം
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭർത്താവിന്റെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ബൈക്കിൽ പിന്തുടർന്നെത്തിയ പ്രതി അധ്യാപികയ്ക്ക് നേരെ അതിക്രമം നടത്തിയത്
തിരുവനന്തപുരത്ത് സ്കൂട്ടറിൽ പോവുകയായിരുന്ന സ്കൂൾ അധ്യാപികയെ തള്ളിയിട്ടു പരിക്കേൽപ്പിച്ച് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറയിൻകീഴ് സ്വദേശിയും കഴക്കൂട്ടത്തെ സ്വകാര്യ സ്കൂളിലെ അധ്യാപികയുമായ സുമയെയാണ് (30) സ്കൂട്ടറിൽ നിന്നും തള്ളിയിട്ടു പരിക്കേൽപ്പിച്ച ശേഷം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. സംഭവത്തിൽ ശ്രീകാര്യം സ്വദേശി കുമാറിനെ(34) പേട്ട പോലീസ് അറസ്റ്റ് ചെയ്തു.
ബൈക്കിൽ പിന്തുടർന്നെത്തിയാണ് ഇയാൾ സുമയെ സ്കൂട്ടറിൽ നിന്ന് തള്ളിയിട്ടത്.ഞായറാഴ്ച ചിറയിൻകീഴിലെ വീട്ടിൽ നിന്നും ബൈപ്പാസ് റോഡിലൂടെ വെട്ടുകാടുള്ള ഭർത്താവിൻറെ വീട്ടിലേക്ക് പോകുമ്പോൾ വൈകിട്ട് 6.15ന് ലോർഡ്സ് ജംഗ്ഷനിൽ വച്ചായിരുന്നു അതിക്രമം നടന്നത്. ബൈക്ക് ഓടിച്ച് കുമാർ ഒപ്പം എത്തുകയും അപമര്യാദയായി സംസാരിക്കുകയുമായിരുന്നു എന്ന് സുമ പറഞ്ഞു.എന്നാൽ ഇത് ശ്രദ്ധിക്കാതെ മുന്നോട്ട് പോയപ്പോൾ ഇയാൾ വീണ്ടും പിന്നാലെ വരികയും തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന് സുമ സ്കൂട്ടറിന്റെ വേഗം കൂട്ടാൻ ഒരുങ്ങുമ്പോൾ പ്രതി തോളിൽ പിടിച്ചു തള്ളുകയായിരുന്നു. ബൈപ്പാസിനോട് ചേർന്ന താഴ്ചയിലുള്ള സർവീസ് റോഡിലേക്കാണ് സുമ വീണത്. വീഴ്ചയിൽ സുമയുടെ ബോധം നഷ്ടമായി. കാലിനും തലയ്ക്കു പിന്നിലും തോളിലും പരിക്കേറ്റ സുമ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.
advertisement
അതിക്രമം ആരും കണ്ടില്ലെന്ന മട്ടിൽ ഇയാൾ മറ്റു യാത്രക്കാർക്കൊപ്പം വാഹനം നിർത്തി ഇറങ്ങി ബോധം നഷ്ടപ്പെടുന്ന സുമയെ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും നാട്ടുകാർ തടയുകയായിരുന്നു. പ്രതി മദ്യലഹരിയിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 12, 2024 8:15 AM IST