'ഊരാളുങ്കൽ സൊസൈറ്റിയിലാണ് ജോലി'യെന്ന് വെറുതെ പറഞ്ഞു; ഒന്നാം നിലയിൽ നിന്നു താഴേക്കു വീണയാളെ രക്ഷിച്ച ബാബുവിന് ജോലി നൽകി ഊരാളുങ്കൽ
Last Updated:
ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയിൽ ചാരി നില്ക്കുകയായിരുന്ന അരൂർ സ്വദേശി നടുപ്പറമ്പിൽ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നില്ക്കുകയായിരുന്ന ബാബുരാജ് മിന്നൽ വേഗത്തിൽ ബിനുവിന്റെ കാലിൽ മുറുകെ പിടിക്കുകയായിരുന്നു.
കോഴിക്കോട്: കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയിൽ നിന്നു തലകറങ്ങി താഴേക്കു വീണ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തൊഴിലാളിയെ മിന്നൽ വേഗത്തിൽ പിടികൂടി അത്ഭുതകരമായി രക്ഷപ്പെടുത്തിയ യുവാവിന് സൊസൈറ്റിയിൽ ജോലി നല്കും. വടകര കീഴൽ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.
ചെങ്കൽ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാൻ സംഘടിപ്പിച്ച ചടങ്ങിൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കൽ സൊസൈറ്റി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബാബുരാജിന് ചെയർമാൻ ഉപഹാരവും നല്കി.
ഈ മാസം 18-നാണ് സംഭവം. ഒന്നാം നിലയുടെ വരാന്തയുടെ കൈവരിയിൽ ചാരി നില്ക്കുകയായിരുന്ന അരൂർ സ്വദേശി നടുപ്പറമ്പിൽ ബിനു പൊടുന്നനെ പിന്നോട്ടു മറിയുകയായിരുന്നു. അടുത്തു നില്ക്കുകയായിരുന്ന ബാബുരാജ് മിന്നൽ വേഗത്തിൽ ബിനുവിന്റെ കാലിൽ മുറുകെ പിടിക്കുകയായിരുന്നു.
advertisement
ഒരു കാലിലാണു പിടി കിട്ടിയത്. അതു വിടാതെ അടുത്ത കാലിൽ കൂടി പിടിച്ചു. അവിടെ ഉണ്ടായിരുന്ന മറ്റ് ആളുകളും ബാങ്കിലെ ഗൺ മാൻ വിനോദും സഹായത്തിനെത്തി. എല്ലാവരും കൂടി ബിനുവിനെ വലിച്ചുകയറ്റി വരാന്തയിൽ കിടത്തി. ആശുപത്രിയിൽ എത്തിച്ച് അടിയന്തരവൈദ്യശുശ്രൂഷയും ലഭ്യമാക്കി. സി സി ടി വിയിൽ പതിഞ്ഞ ഈ ദൃശ്യങ്ങൾ അതിവേഗം വൈറൽ ആകുകയായിരുന്നു.
യു എൽ സി സി എസ് വൈസ് ചെയർമാൻ വി കെ അനന്തൻ, ഡയറക്ടർമാരായ സി വൽസൻ, എം എം സുരേന്ദ്രൻ, പി പ്രകാശൻ, എം പത്മനാഭൻ, പി കെ സുരേഷ് ബാബു, കെ ടി കെ അജി, കെ ടി രാജൻ, മാനേജിങ് ഡയറക്ടർ എസ്. ഷാജു, ജനറൽ മാനേജർ കെ പ്രവീൺ കുമാർ, കെ പി ഷാബു എന്നിവർ സംബന്ധിച്ചു.
advertisement
അതേസമയം, അടുത്തു നിന്നയാളുടെ ജീവൻ രക്ഷിച്ചതിന്റെ സന്തോഷമുണ്ടെങ്കിലും ഇപ്പോഴും വിറയല് മാറിയിട്ടില്ലെന്ന് ആയിരുന്നു സംഭവത്തിനു ശേഷം ബാബു മാധ്യമങ്ങളോട് പറഞ്ഞത്. വടകര കേരള ബാങ്ക് കെട്ടിടത്തിൽ നിന്നായിരുന്നു അരൂർ സ്വദേശിയായ ബിനു തല കറങ്ങി താഴേക്ക് വീണത്. തൊട്ടടുത്ത് ഉണ്ടായിരുന്ന കീഴൽ സ്വദേശി ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് വിനുവിന്റെ ജീവൻ രക്ഷിച്ചത്.
advertisement
സംഭവത്തെക്കുറിച്ച് ബാബു പറഞ്ഞത് ഇങ്ങനെ,
'ഞാൻ ബാങ്കില് പാസ്ബുക്കില് പൈസ അടയ്ക്കാൻ പോയതായിരുന്നു. അപ്പോ ഒരാളെ കണ്ടു, ഞങ്ങള് പരിചയപ്പെട്ടു. പരിചയപ്പെട്ടപ്പോൾ കുറേ സംസാരിച്ചു. അങ്ങനെ സംസാരിച്ചപ്പോൾ കുറേ കാര്യങ്ങളൊക്കെ ചോദിക്കുന്നുണ്ട്. എന്നോട് ചോദിച്ചു, നിങ്ങള് ഊരാളുങ്കല് സൊസൈറ്റിയിൽ വർക് ചെയ്തതാണോയെന്ന് ചോദിച്ചു. ഞാൻ ബെർതെ പറഞ്ഞ്, വർക് ചെയ്തൂന്ന് പറഞ്ഞു. അപ്പോ, എന്നോട് ചോദിച്ചു, കല്യാണം കഴിച്ചീനോ ഞാൻ പറഞ്ഞു, കല്യാണം കഴിച്ചീനു ഒരു കുട്ടിയുണ്ടെന്ന് പറഞ്ഞു. മൂപ്പര് കഴിച്ചീക് പക്ഷേ, കുട്ടിയായിട്ടില്ലെന്നാ എന്നോട് പറഞ്ഞത്. മറ്റൊന്നും എനിക്കറിയില്ല. അപ്പോ, നമ്മളിങ്ങനെ അടുത്തിങ്ങനെ നിന്നിക്ക്. ഞാൻ ഇപ്പുറോം മൂപ്പര് അപ്പുറോം ആണുള്ളത്. ആ നിക്കുന്നതിന്ന് ഒരഞ്ഞങ്ങ് പോകണ കണ്ടിക്ക്. അപ്പോളാ ഞാൻ പിടിക്കുന്നേ. ഞാൻ ഒരു കാല് പിടിച്ചപ്പോ മറ്റൊരാള് വന്നും ഓരെ പിടിച്ച് രക്ഷിച്ചു. എല്ലാരും കൂടി പിടിച്ചിട്ട് രക്ഷിച്ചതാ.' അതേസമയം, ഇങ്ങനെയൊരു രക്ഷപ്പെടുത്തലിന് കാരണക്കാരൻ ആയതിൽ സന്തോഷമാണെന്നും എന്നാൽ വിറയല് മാറിയിട്ടില്ലെന്നും ബാബു വ്യക്തമാക്കി.
advertisement
സമയോചിതമായ ഇടപെടലിലൂടെ ബാബു ഒരാളുടെ ജീവൻ രക്ഷിച്ചതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. വടകര കേരള ബാങ്ക് കെട്ടിടത്തിൽ നിന്നാണ് അരൂർ സ്വദേശിയായ ബിനു തലകറങ്ങി താഴേക്ക് വീണത്. തൊട്ടടുത്ത് ഉണ്ടായിരുന്ന കീഴൽ സ്വദേശി ബാബുവിന്റെ മനസാന്നിധ്യവും സമയോചിത ഇടപെടലുമാണ് ബിനുവിന്റെ ജീവൻ രക്ഷിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 21, 2021 12:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഊരാളുങ്കൽ സൊസൈറ്റിയിലാണ് ജോലി'യെന്ന് വെറുതെ പറഞ്ഞു; ഒന്നാം നിലയിൽ നിന്നു താഴേക്കു വീണയാളെ രക്ഷിച്ച ബാബുവിന് ജോലി നൽകി ഊരാളുങ്കൽ


