തിരുവനന്തപുരം: കോവിഡ് (Covid 19) വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം (Thiruvananthapuram) ജില്ലയില്‍ കൂടുതൽ കടുത്ത നിയന്ത്രണങ്ങള് ഏർപ്പെടുത്തി. ജില്ലയിൽ പൊതുപരിപാടിക്ക് വിലക്ക് ഏർപ്പെടുത്തി. നേരത്തെ നിശ്ചയിച്ച പരിപാടികൾ ആണെങ്കിലും മാറ്റി വയ്ക്കണമെന്ന് കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. സംസ്കാരിക പരിപാടികള് ഉള്പ്പടെ കൂട്ടം കൂടലുകള് ജില്ലയില്‍ നിരോധിച്ചു. മൂന്ന് ദിവസത്തെ ടിപിആർ 30 ന് മുകളിലായതിനാലാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
വിവാഹം, മരണം എന്നിവയ്ക്ക് 50 പേരില് താഴെ മാത്രം ആളുകളെ പങ്കെടുക്കാവു. മാളുകളില് 25 സ്ക്വയര്ഫീറ്റില് ഒരാള് എന്ന കണക്കില് മാത്രമേ പ്രവേശനം അനുവദിക്കാവു എന്നും നിര്ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ 15 ദിവസത്തേക്ക് സ്ഥാപനങ്ങള്‍ അടച്ചിടണമെന്നും വിവരം പ്രിന്‍സിപ്പല്‍/ഹെഡ്മാസ്റ്റര്‍മാര്‍ ബന്ധപ്പെട്ട പ്രദേശത്തെ മെഡിക്കല്‍ ഓഫിസറെ അറിയിക്കണമെന്നും ഉത്തരവില്‍ പറയുന്നു. എല്ലാ സര്‍ക്കാര്‍ തല പരിപാടികളും യോഗങ്ങളും ഓണ്ലൈനാക്കാനും കളക്ടര് അറിയിച്ചു.
കര്‍ശന നിരീക്ഷണത്തിന് സിറ്റി, റൂറല്‍ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ സര്‍ക്കാര്‍, അർദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തണം. ജില്ലയില്‍ ഇന്നലെ 3556 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു: മന്ത്രി വീണാ ജോര്‍ജ്
സംസ്ഥാനത്ത് 48 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് 12, എറണാകുളം 9, തൃശൂര്‍ 7, തിരുവനന്തപുരം 6, കോട്ടയം 4, മലപ്പുറം 2, കൊല്ലം, ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതുകൂടാതെ യുഎഇയില്‍ നിന്നും വന്ന 3 തമിഴ്‌നാട് സ്വദേശികള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 33 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 2 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. കോഴിക്കാട് നിന്നുള്ള 8 പേര്‍ക്കും കോട്ടയത്ത് നിന്നുള്ള ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തൃശൂരില്‍ നിന്നുള്ള 3 പേരും കൊല്ലത്തു നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
കോഴിക്കോട് യുഎഇ 3, ഖത്തര്‍ 1, എറണാകുളം യുഎഇ 4, സൗദി അറേബ്യ, ബോട്‌സാന, ഖത്തര്‍, ഇറ്റലി, റൊമാനിയ ഒന്ന് വീതം, തൃശൂര്‍ യുഎഇ 3, യുഎസ്എ 1, തിരുവനന്തപുരം യുഎഇ 5, കുവൈറ്റ് 1, കോട്ടയം യുഎഇ 2, കാനഡ 1, മലപ്പുറം യുഎഇ 1, സൗദി അറേബ്യ 1, ആലപ്പുഴ സൗദി അറേബ്യ 1, പാലക്കാട് യുഎഇ 1, വയനാട് ആസ്‌ട്രേലിയ 1 എന്നിങ്ങനെ വന്നവരാണ്.
ഇതോടെ സംസ്ഥാനത്ത് ആകെ 528 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ആകെ 92 പേരും എത്തിയിട്ടുണ്ട്. 61 പേര്‍ക്കാണ് ആകെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന 10 പേരാണുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.