സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്തതിന് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ കേസ്
- Published by:Rajesh V
- news18-malayalam
Last Updated:
കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം
കണ്ണൂർ: എസ്എഫ്ഐ പഠിപ്പുമുടക്കിനിടെ സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്ത സംഭവത്തിൽ ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പേരാവൂർ ബ്ലോക്ക് ജോയിൻ്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേയാണ് പേരാവൂർ പൊലീസ് കേസെടുത്തത്. കണ്ണൂർ മണത്തണ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകരുടെ അതിക്രമം.
രണ്ടായിരത്തോളം കുട്ടികളാണ് സ്കൂളിൽ പഠിക്കുന്നത്. എസ്എഫ്ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിൻ്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്ഐ പ്രവർത്തകരടക്കം സ്കൂളിലെത്തിയത്. ഉച്ചഭക്ഷണം തയ്യാറായാൽ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞാണ് പ്രവർത്തകർ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തത്.
സമരമായതിനാൽ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, പാചകത്തൊഴിലാളി വസന്ത ഇതിനെ എതിർത്തതോടെ ഇവരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ വേവിക്കാൻ എടുത്ത അരി പ്രവർത്തകർ തട്ടിക്കളയുകയായിരുന്നു.
പാചകത്തൊഴിലാളിയായ വസന്തയുടെ പരാതിയിലാണ് പൊലീസ് അക്ഷയക്കെതിരേ കേസെടുത്തത്. കൈ തട്ടിമാറ്റിയപ്പോൾ ചൂടുവെള്ളം കാലിൽവീണ് പൊള്ളലേറ്റെന്നും ഇവരുടെ പരാതിയിലുണ്ട്.
advertisement
സര്‍വകലാശാലകള്‍ കാവിവത്കരിക്കുന്നുവെന്ന പേരിൽ ഗവര്‍ണർക്കെതിരായ സമരത്തിന്റെ ഭാഗമായി എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി ഉള്‍പ്പെടെ 30 പ്രവർത്തകരെ പൊലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനവ്യാപകമായി വ്യാഴാഴ്ച എസ്എഫ്ഐ പഠിപ്പുമുടക്കിയത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kannur,Kannur,Kerala
First Published :
July 11, 2025 6:36 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സ്കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്തതിന് ഡിവൈഎഫ്ഐ വനിതാ നേതാവിനെതിരേ കേസ്