'സ്വവർഗ വിവാഹങ്ങൾ വിശുദ്ധ കർമമല്ല'; കേരളത്തിലും സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കില്ലെന്ന് കത്തോലിക്കാ സഭ
Last Updated:
പലപ്പോഴും സ്വവർഗ വിവാഹങ്ങളെ അനുകൂലിച്ച് സംസാരിച്ചിട്ടുള്ള പോപ്പ് ഫ്രാൻസിസിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായാണ് ഇപ്പോൾ വത്തിക്കാന്റെ ഔദ്യോഗിക രേഖ വന്നിട്ടുള്ളത്.
കൊച്ചി: കേരളത്തിലെ കത്തോലിക്കാ സഭ സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കില്ല. സ്വവർഗ വിവാഹങ്ങൾ പാപമാണെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേരളത്തിൽ സമാനമായ നിലപാടുമായികത്തോലിക്കാ സഭ രംഗത്തെത്തിയത്. വത്തിക്കാന്റെ ഔദ്യോഗികമായ പ്രഖ്യാപനത്തിനു ശേഷം സഭയ്ക്ക് ഈ പ്രശ്നത്തെക്കുറിച്ച് വ്യക്തമായ ധാരണ ലഭിച്ചതായി സഭയുടെ വക്താക്കൾ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാൻ സ്വവർഗ വിവാഹങ്ങളെ സംബന്ധിച്ച് വിശദമായ ഉത്തരവ് പുറത്തിറക്കിയിരുന്നു. 'കത്തോലിക്കരുടെ വിശ്വാസപ്രകാരം ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹം ദൈവത്തിന്റെ നിശ്ചയപ്രകാരം നടക്കുന്നതാണ്. അതിന്റെ ലക്ഷ്യം പുതിയ തലമുറകളുടെ സൃഷ്ടിയാണ്. സ്വവർഗവിവാഹങ്ങൾ അത്തരമൊരു പദ്ധതിയുടെ ഭാഗമല്ലാത്തതിനാൽ അതിന് നിയമസാധുത നല്കാനാകില്ല' - എന്നായിരുന്നു വത്തിക്കാൻ പ്രസ്തുത ഉത്തരവിൽ പരാമർശിച്ചത്. സ്വവർഗ വിവാഹങ്ങൾ പാപമാണെന്ന് പരോക്ഷമായി സൂചിപ്പിക്കുന്ന ഉത്തരവിൽ ദൈവത്തിന് പാപകർമങ്ങളെ ആശിർവദിക്കാൻ കഴിയില്ലെന്നും പരാമർശിക്കുന്നുണ്ട്.
advertisement
'സ്വവർഗ വിവാഹങ്ങളെക്കുറിച്ച് വത്തിക്കാൻ ഒരു രേഖ പുറത്തിറക്കിയിട്ടുണ്ട്. കേരളത്തിലെ കത്തോലിക്കാ സഭയ്ക്കും പ്രസ്തുത രേഖ ബാധകമാണ്. അത്തരം വിവാഹങ്ങളെ സഭ ആശിർവദിക്കില്ല', കെ സി ബി സി ഡെപ്യൂട്ടി സെക്രട്ടറി ഫാദർ ജേക്കബ് ജി പാലകപ്പള്ളി പറഞ്ഞു.
'ഒരു പുരുഷനും സ്ത്രീയ്ക്കുമിടയിൽ ആഘോഷിക്കുന്ന വിശുദ്ധ കർമമാണ് വിവാഹം. എന്നാൽ സ്വവർഗ വിവാഹങ്ങൾ വിശുദ്ധ കർമമല്ല. വിദേശ രാജ്യങ്ങളിൽ സ്വവർഗ ബന്ധങ്ങളും വിവാഹങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തിൽ വത്തിക്കാന്റെ നിർദ്ദേശങ്ങൾ വന്നത് ഭാവിയിൽ ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ സഹായിക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
'സ്വവർഗ വിവാഹങ്ങളിൽ ഗുണപരമായ വശങ്ങളുടെ സാന്നിധ്യമുണ്ടെങ്കിൽ അതിനെ പ്രശംസിക്കാം. എന്ന് കരുതി അത്തരം കാരണങ്ങൾ മൂലം ഈ ബന്ധങ്ങളെ ന്യായീകരിക്കാനോ ക്രിസ്തീയ സഭയുടെ അനുഗ്രഹാശിർവാദങ്ങൾക്ക് അർഹതയുള്ളതായി കാണാനോ കഴിയില്ല. കാരണം, അപ്പോഴും ഈ ഗുണപരമായ വശങ്ങൾ സ്രഷ്ടാവിന്റെ പദ്ധതിക്ക് പുറത്തു തന്നെയാണ് നിലകൊള്ളുന്നത്' - വത്തിക്കാന്റെ രേഖ പറയുന്നു.
'വ്യക്തികൾക്ക് മേലുള്ള ആശിർവാദം വിശുദ്ധ കർമങ്ങളുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടു തന്നെ സ്വവർഗ ബന്ധങ്ങളുടെ ആശിർവാദം ന്യായീകരിക്കാൻ കഴിയില്ല. വിവാഹമെന്നവിശുദ്ധ കർമത്തിലൂടെ ഒന്നിക്കുന്ന സ്ത്രീക്കും പുരുഷനും നൽകുന്ന ആശിർവാദത്തിന്റെ അനുകരണമായാണ് സ്വവർഗ വിവാഹങ്ങളുടെ ആശിർവാദവും മാറുക. എന്നാൽ, വിവാഹവും കുടുംബ രൂപീകരണവും ഉൾക്കൊള്ളുന്ന ദൈവത്തിന്റെ പദ്ധതിയുമായി വിദൂരമായി പോലും ബന്ധമോ സമാനതയോ ഉള്ള ഒന്നായി സ്വവർഗ വിവാഹങ്ങളെ കാണാൻ കഴിയില്ല' - എന്നും വത്തിക്കാൻ പറഞ്ഞു വെയ്ക്കുന്നു.
advertisement
പലപ്പോഴും സ്വവർഗ വിവാഹങ്ങളെ അനുകൂലിച്ച് സംസാരിച്ചിട്ടുള്ള പോപ്പ് ഫ്രാൻസിസിന്റെ നിലപാടുകൾക്ക് കടകവിരുദ്ധമായാണ് ഇപ്പോൾ വത്തിക്കാന്റെ ഔദ്യോഗിക രേഖ വന്നിട്ടുള്ളത്. സഭാംഗങ്ങളായ എൽ ജി ബി ടി ക്യൂ വിഭാഗങ്ങളുടെ പ്രതീക്ഷകൾ തകർക്കുന്ന ഇത്തരമൊരു പ്രഖ്യാപനത്തിന് എതിരെ പല കോണിൽ നിന്നും പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്. പ്രമുഖ ഗായകൻ എൽട്ടൻ ജോൺ സഭയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കഴിഞ്ഞ ദിവസം രംഗത്തു വന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 18, 2021 11:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വവർഗ വിവാഹങ്ങൾ വിശുദ്ധ കർമമല്ല'; കേരളത്തിലും സ്വവർഗ വിവാഹങ്ങൾ ആശിർവദിക്കില്ലെന്ന് കത്തോലിക്കാ സഭ