• HOME
 • »
 • NEWS
 • »
 • kerala
 • »
 • ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി; ടി.ഒ സൂരജ് ഉൾപ്പെടെ 9 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു

ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി; ടി.ഒ സൂരജ് ഉൾപ്പെടെ 9 പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു

ഒന്‍പത് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. അഞ്ച് പേര്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരാണ്. മൂന്ന് പേര്‍ കരാര്‍ കമ്പനിയായ സനാതന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചേഴ്സ് ആന്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളാണ്

ടി.ഒ സൂരജ്

ടി.ഒ സൂരജ്

 • Last Updated :
 • Share this:
  കൊച്ചി: ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജ് അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജ് ഉൾപ്പെടെ ഒന്‍പത് പേര്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തു. എറണാകുളം വിജിലന്‍സ് യൂണിറ്റാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആർ സമര്‍പ്പിച്ചത്.

  ഒന്‍പത് പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. അഞ്ച് പേര്‍ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ഉദ്യോഗസ്ഥരാണ്. മൂന്ന് പേര്‍ കരാര്‍ കമ്പനിയായ സനാതന്‍ ഇന്‍ഫ്രാ സ്ട്രക്ച്ചേഴ്സ് ആന്റ് ഡെവലപ്പേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികളാണ്. സൂരജിനെ കൂടാതെ കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ എംഡി കെ എസ് രാജു, ചീഫ് എഞ്ചിനീയര്‍ പി കെ സതീശന്‍, ജനറല്‍ മാനേജര്‍ ശ്രീനാരായണന്‍, മാനേജിംഗ് ഡയറക്ടര്‍ പി ആര്‍ സന്തോഷ് കുമാര്‍, ഫിനാന്‍സ് മാനേജര്‍ ശ്രീകുമാര്‍, കരാറുകാരായ പി ജെ ജേക്കബ്, വിശ്വനാഥന്‍ വാസു, കുരീക്കല്‍ ജോസഫ് പോള്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.

  2012-13 കാലഘട്ടത്തില്‍ മലപ്പുറം ജില്ലയിലെ ഭാരതപ്പുഴയുടെ കുറുകെ മേജര്‍ ഇറിഗേഷന്‍ വകുപ്പ് നിര്‍മ്മിച്ച ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ അഞ്ച് അപ്രോച്ച് റോഡുകള്‍ക്ക് ടെണ്ടര്‍ വിളിക്കാതെ കരാര്‍ നല്‍കിയെന്നാണ് കേസ്. പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണത്തില്‍ രണ്ട് കോടി രൂപയുടെ നഷ്ടം സര്‍ക്കാരിന് ഉണ്ടായെന്നാണ് വിജിലന്‍സിന്റെ പ്രാഥമിക കണ്ടെത്തല്‍.  സംഭവവുമായി ബന്ധപ്പെട്ട് ടി.ഒ സൂരജ് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്താൻ വിജിലൻസ് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.

  Also Read 'തൊഴിലാളി വര്‍ഗത്തില്‍ പിറന്ന പലരും മുതലാളിവര്‍ഗത്തിന്റെ പുത്രവേഷത്തില്‍ തിമര്‍ക്കുന്നു'; കെ. സുധാകരനെ പിന്തുണച്ച് ഡോ. ആസാദ്

  അപ്രോച്ച് റോഡ് കൂടാതെ പാലം നിര്‍മാണത്തിലും  ക്രമക്കേട് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2016ൽ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാൽ ഇത് പിന്നട് അട്ടിമറിക്കപ്പെട്ടതായി ആരോപണം ഉയർന്നിരുന്നു. 2006ല്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 124 കോടി രൂപ മുടക്കിയാണ് ചമ്രവട്ടം റെഗുലേറ്ററി കം ബ്രിഡ്ജ് നിര്‍മിച്ചത്. ഒരു കിലോമീറ്റര്‍ നീളമുള്ളതാണ് പാലം. പാലത്തിലെ 70ഓളം ഷട്ടറുകളില്‍ ഒരെണ്ണംപോലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ചൈനീസ് കമ്പനിക്കാണ് പാലം നിര്‍മാണത്തിന് കരാര്‍ കൊടുത്തിരുന്നത്.

  ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണത്തിനായി മണല്‍ വാരിയത് പദ്ധതിപ്രദേശത്ത് നിന്നാണെന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു. 63162 ടണ്‍ മണലാണ് പദ്ധതി പ്രദേശത്തുനിന്ന് വാരിയെടുത്തത്. റെഗുലേറ്ററിനുണ്ടായ ചോര്‍ച്ചയ്ക്ക് പ്രധാന കാരണമായി പുഴയിലെ അനധികൃത മണലെടുപ്പ് ചൂണ്ടിക്കാണിക്കുമ്പോഴെല്ലാം മണല്‍ മാഫിയയുടെ പേരുപറഞ്ഞ് ഇറിഗേഷന്‍ വകുപ്പ് തടിതപ്പുകയായിരുന്നു.

  പാലം നിര്‍മാണത്തിന് മാത്രമല്ല, മറ്റ് പല ആവശ്യങ്ങള്‍ക്കും പുഴയില്‍ നിന്ന് മണല്‍ വാരിയെടുത്തുവെന്നാണ് വിവരം. പഞ്ചായത്ത് പരിധിയില്‍ നാല് മണല്‍ കടവുകളുണ്ടായിട്ടും ഒരിടത്തുനിന്നും മണലെടുത്തിട്ടില്ല. അംഗീകൃത തൊഴിലാളികളെ ഉപയോഗിക്കാതെ പദ്ധതി പ്രദേശത്തുനിന്ന് മണ്ണുമാന്തി യന്ത്രവും വലിയ ലോറികളും ഉപയോഗിച്ചാണ് മണല്‍ വാരിയത്

  .നിര്‍മാണസമയത്ത് കരാറുകാരുടെ മറ്റ് നിര്‍മാണ കേന്ദ്രങ്ങളിലേക്കും മണല്‍ കടത്തിയതായി സമീപവാസികള്‍ പരാതിപ്പെട്ടിരുന്നു. അപ്രോച്ച് റോഡ് നിര്‍മാണത്തിന് മണ്ണ് ഉപയോഗിക്കുന്നതിനുപകരം പുഴയിലെ ചെളി മണല്‍ ഉപയോഗിച്ചുവെന്ന പരാതിയും വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുണ്ട്. ഈ ഇനത്തില്‍ 25 ലക്ഷം രൂപയോളം കരാറുകാര്‍ സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുത്തിട്ടുണ്ട്. പുഴയില്‍ നിന്ന് അമിതമായി മണലെടുത്തതിനെത്തുടര്‍ന്ന് റെഗുലേറ്ററിന്റെ ഭാഗമായുള്ള ഏപ്രണുകളെല്ലാം തകര്‍ന്നിരുന്നു.
  Published by:Aneesh Anirudhan
  First published: