'മൂക്കറ്റം കടത്തില്‍ മുങ്ങിനില്‍ക്കുന്ന സംസ്ഥാനം 5000 കോടി എങ്ങനെ മിച്ചം വയ്ക്കും?' പിണറായിയുടെ സാമ്പത്തിക മാനേജ്മെന്റ് പരാജയമെന്ന് ചെന്നിത്തല
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
"രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാന്‍ കഴിയുമെന്നാണ് ധന മന്ത്രി പറയുന്നത്. അതും കൂടി ചേര്‍ത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് ഐസക്ക് പറഞ്ഞത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേര്‍ത്ത് മിച്ചമുണ്ടെന്ന് പറയുക. ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കാനുള്ള വൈഭവം തോമസ് ഐസക്കിന് മാത്രമേ ഉണ്ടാകൂ"
ആലപ്പുഴ: കുറച്ചു ദിവസങ്ങളായി മുഖ്യമന്ത്രി പിണറായി വിജയൻ ബോംബ്, ബോംബ് എന്ന് പറഞ്ഞ് പേടിച്ച് നടക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊള്ളരുതായ്മകള്‍ ഒരുപാട് ചെയ്തുകൂട്ടിയിട്ടുള്ളതിനാൽ അതില്‍ ഏതാണ് പുറത്തു വരാന്‍ പോകുന്നതെന്നറിയാത്ത പേടി കൊണ്ട് അദ്ദേഹം ബോംബിന്റെ കാര്യം പറഞ്ഞു പോയതെന്നും ചെന്നിത്തല പരിഹസിച്ചു. യഥാര്‍ത്ഥത്തില്‍ കേരളം ഇപ്പോൾ ഒരു ബോംബിന്റെ പുറത്താണ് . കടബോംബാണ് അത്. ചുമക്കാന്‍ കഴിയാത്ത അതിഭീമമായ കടമാണ് കേരളത്തിന്മേല്‍ ഇടതുസര്‍ക്കാകര്‍ വലിച്ചുകയറ്റി വച്ചിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
"5000 കോടി രൂപ മിച്ചം വച്ചിട്ടാണ് സ്ഥാനമൊഴിയുന്നതെന്നാണ് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം പറഞ്ഞത്. മൂക്കറ്റം കടത്തില്‍ മുങ്ങിനില്‍കുകന്ന ഒരു സംസ്ഥാനമെങ്ങനെ 5000 കോടി മിച്ചം വയ്ക്കും? അന്വേഷിച്ചപ്പോഴാണ് അതിന്റെ തമാശ മനസിലായത്. ഈ മാര്‍ച്ച് 30 ന് 4000 കോടിരൂപ കടമെടുത്തു. അത് ട്രഷറിയിലിട്ടശേഷമാണ് മിച്ചമിരുപ്പുണ്ടെന്നു പറഞ്ഞത്. കടം വാങ്ങി വച്ചിട്ട് ഇതാ മിച്ചം ഇരിക്കുക്കുന്നത് കണ്ടില്ലേ എന്ന് ചോദിക്കുന്ന ധനകാര്യവൈദഗ്ധ്യം അൽപം കടന്നതാണ്. തമാശ അവിടെയും തീരുന്നില്ല. രണ്ടായിരം കോടി കൂടി സംസ്ഥാനത്തിന് ഇനിയും കടമെടുക്കാന്‍ കഴിയുമെന്നാണ് ധന മന്ത്രി പറയുന്നത്. അതും കൂടി ചേര്‍ത്താണ് 5000 കോടി മിച്ചമിരിക്കുകയാണെന്ന് ഐസക്ക് പറഞ്ഞത്. അതായത് കടം വാങ്ങാനുള്ളതും കൂടി ചേര്‍ത്ത് മിച്ചമുണ്ടെന്ന് പറയുക. ജനങ്ങളെ ഇങ്ങനെ വിഡ്ഡികളാക്കാനുള്ള വൈഭവം തോമസ് ഐസക്കിന് മാത്രമേ ഉണ്ടാകൂ".-;ചെന്നിത്തല പറഞ്ഞു.
advertisement
കേരളത്തിന്റെ സാമ്പത്തിക നില കുട്ടിച്ചോറാക്കിയത് തോമസ് ഐസക്കിന്റെ ഈ തലതിരഞ്ഞ വൈഭവം കാരണമാണ്. കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാത്തിന്റെ കടബാധ്യത 1,57,370 കോടി രൂപയായിരുന്നു. ഇപ്പോഴത്തെ കടബാധ്യതയാകട്ടെ 3,21,000 കോടി കവിഞ്ഞിരിക്കുന്നു. ഈ സര്‍ക്കാര്‍ മാത്രം വാങ്ങി കൂട്ടിയ കടം 1,63,630 കോടിരൂപയാണ്. കേരളം രൂപപ്പെട്ടശേഷം ഇതുവരെ ഉണ്ടായ സര്‍ക്കാരുകളെല്ലാം കൂടി വാങ്ങിക്കൂട്ടിയ കടത്തേക്കാള്‍ കൂടുതലാണ് അഞ്ചുവര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മാത്രം വരുത്തിവച്ച കടം.
advertisement
2016 ല്‍ ഇടതുസര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ ആളോഹരി കടം 46,078 രൂപയായിരുന്നു. ഇപ്പോഴത് 90,000 രൂപ കഴിഞ്ഞിരിക്കുന്നു. അതായത് ഓരോ കുഞ്ഞും 90,000 രൂപ കടക്കാരനായാണ് ജനിച്ചുവീഴുന്നത്. കടം വാങ്ങല്‍ ഹരമാക്കിയിരിക്കുകയാണ് ഈ സര്‍ക്കാര്‍. കഴിഞ്ഞ നാല് മാസത്തിനിടയില്‍ മാത്രം വാങ്ങിയത് 22000 കോടി രൂപയാണ്.കടം വാങ്ങിക്കൂട്ടയ ഈ പണമെല്ലാം എവിടെപ്പോയി? വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്ന് പറയാന്‍ കഴിയില്ല. വികസനരംഗത്ത് കഴിഞ്ഞ അഞ്ചുവര്‍ഷവും വട്ടപൂജ്യമായിരുന്നു.- ചെന്നിത്തല ചോദിച്ചു.
advertisement
പുതുതായി ഒരൊറ്റ വന്‍കിട പദ്ധതി ആരംഭിച്ചു പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കുറേ റോഡുകള്‍ ടാര്‍ ചെയ്യുകയും സ്‌കൂള്‍ കെട്ടിടങ്ങളും ആശുപത്രി കെട്ടിടങ്ങളും അറ്റകുറ്റപ്പണി നടത്തുകയുമാണ് ആകെ ചെയ്തത്. അത് എല്ലാ സര്‍ക്കാരുകളുടെ കാലത്തും നടന്നു പോകുന്ന കാര്യമാണ്. ഇത്തവണയാകട്ടെ, ഈ പണികള്‍ കിഫ്ബി വഴിയാണ് നടത്തിയത്. അത് വേറെ അക്കൗണ്ടിലാണ്. അത് ഈ കണക്കില്‍ വരുന്നില്ല. അപ്പോള്‍ കടം വാങ്ങിയ പണമെല്ലാം ധൂര്‍ത്തടിച്ചു കളയുകയാണ് ചെയ്തത്. സ്പ്രിംഗ്ളര്‍ പോലുള്ള സര്‍ക്കാരിന്റെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കാന്‍ വന്‍തോതില്‍ പണം മുടക്കി വക്കീലന്മാരെ പുറത്തു നിന്ന് കൊണ്ടുവന്നു. സി.പി.എമ്മിന്റെ കൊലയാളി സംഘങ്ങളെ സി.ബി.ഐ.യില്‍നിന്ന് രക്ഷിക്കാനും ഒഴിക്കി കോടികള്‍. പരസ്യത്തിനും, പ്രതിഛായ നിര്‍മ്മാണത്തിനും ആഘോഷങ്ങള്‍ക്കും ഒഴുക്കിയ പണത്തിന് കണക്കില്ല. പുറമെയാണ് അഴിമതിയും കയ്യിട്ടു വാരലും.
advertisement
2018 ല്‍ ഈ സര്‍ക്കാരിന്റെ തന്നെ തെറ്റുകള്‍കൊണ്ട് ഉണ്ടായ മഹാപ്രളയത്തില്‍ എല്ലാം നശിച്ചവര്‍ക്കായി ആവിഷ്‌ക്കരിച്ച റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഒന്നും നടന്നില്ല. കഴിഞ്ഞ വര്‍ഷം 1000 കോടി രൂപ നീക്കി വെച്ചെങ്കിലും ചില്ലിക്കാശ് ചിലവഴിച്ചില്ല. ഈ വര്‍ഷവും 1000 കോടി വക വച്ചിട്ട് ആകെ ചിലവാക്കിയത് 229 കോടി മാത്രം. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ആഭ്യന്തര വായ്പയായി സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയ തുകയില്‍ 64,500 കോടിരൂപ തിരിച്ചടയ്ക്കുണമെന്നാണ് ഈ സര്‍ക്കാര്‍ തന്നെ നിയമസഭയില്‍ നല്‍കിയ കണക്ക്. വിദേശ വായ്പയായി തിരിച്ചടയ്ക്കേണ്ടിവരുന്നത് 2862 കോടി രൂപ. 21. 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് വാങ്ങിയ മസാല ബോണ്ടിന്റെ 2150 കോടിയും അടുത്ത വര്‍ഷങ്ങളില്‍ തിരികെ നല്‍കണം. ഇതിന്റെ പലിശ നല്‍കി തുടങ്ങിയിട്ടുണ്ട്.
advertisement
ഇത്രയും പിടിപ്പുകെട്ട മറ്റൊരു സര്‍ക്കാര്‍ ഉണ്ടായിട്ടില്ല. പി.ആര്‍.ഏജന്‍സികള്‍ കോടികള്‍ വാരി ഒഴുക്കി ഊതിപ്പെരുക്കിയ ഇമ്മേജേ ഈ സര്‍ക്കാരിനുള്ളൂ. ഇനിയും ഒരിക്കല്‍കൂടി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേരളത്തിന്റെ സമ്പദ്ഘടന ഒരിക്കലും കരകയറാനാവാത്ത വിധം പൂര്‍ണ്ണമായും തകരുമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 03, 2021 10:33 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'മൂക്കറ്റം കടത്തില്‍ മുങ്ങിനില്‍ക്കുന്ന സംസ്ഥാനം 5000 കോടി എങ്ങനെ മിച്ചം വയ്ക്കും?' പിണറായിയുടെ സാമ്പത്തിക മാനേജ്മെന്റ് പരാജയമെന്ന് ചെന്നിത്തല


