• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'ആര്‍എസ്എസ് ചര്‍ച്ച ദുരൂഹം, കോൺഗ്രസ്-ലീഗ്-വെൽഫയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ?' മുഖ്യമന്ത്രി

'ആര്‍എസ്എസ് ചര്‍ച്ച ദുരൂഹം, കോൺഗ്രസ്-ലീഗ്-വെൽഫയർ പാർട്ടി ത്രയത്തിന് പങ്കുണ്ടോ?' മുഖ്യമന്ത്രി

'എന്താണ് ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസുമായി ചർച്ച ചെയ്യാനുള്ളത്? ആർക്കു വേണ്ടിയാണ് ആ ചർച്ച? അത് ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാകാനിടയില്ല''

 • Share this:

  കാസർഗോഡ്: ആര്‍എസ്എസ്- ജമാഅത്തെ ഇസ്ലാമി ചര്‍ച്ചയ്ക്കെതിരെ വീണ്ടും വിമര്‍ശനമുന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ ചര്‍ച്ച ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ലെന്നും കോണ്‍ഗ്രസ്-ലീഗ്-വെല്‍ഫയര്‍ പാര്‍ട്ടി ത്രയത്തിന് ഇതിൽ ബന്ധമുണ്ടോ എന്ന് സംശയിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

  ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ പാര്‍ട്ടിയാണ് വെല്‍ഫയര്‍ പാര്‍ട്ടി. വെല്‍ഫയര്‍ പാര്‍ട്ടി ലീഗുമായും കോണ്‍ഗ്രസുമായും കൂട്ടുകൂടിയവരാണ്. വെല്‍ഫയര്‍ പാര്‍ട്ടി സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ലീഗിലെ ഒരു വിഭാഗമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

  ”എന്താണ് ജമാഅത്തെ ഇസ്ലാമിക്ക് ആർഎസ്എസുമായി ചർച്ച ചെയ്യാനുള്ളത്? ആർക്കു വേണ്ടിയാണ് ആ ചർച്ച? അത് ന്യൂനപക്ഷങ്ങൾക്കു വേണ്ടിയാകാനിടയില്ല. കാരണം ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും, ഈ രണ്ടു വിഭാഗത്തിലും മഹാഭൂരിപക്ഷവും മതനിരപേക്ഷമായി ചിന്തിക്കുന്നവരാണ്. അവർ ആർഎസ്എസിന്റെ വർഗീയത തിരിച്ചറിയുന്നവരുമാണ്. ജമാഅത്തെ ഇസ്‌ലാമി ആർഎസ്എസുമായി ചർച്ച നടത്തിയതിന് പിന്നാലെ, മുസ്ലിം വിഭാഗത്തിലെ ഒട്ടേറെ സംഘടനകൾ, ആ നിലപാടിനെ നിശിതമായി വിമർശിച്ചു രംഗത്തു വന്നിട്ടുണ്ട്. ന്യൂനപക്ഷം പൊതുവിൽ ആഗ്രഹിക്കുന്ന കാര്യമല്ല ജമാഅത്തെ ഇസ്ലാമിയുടെ ഭാഗത്തുനിന്നു വന്നത്”- മുഖ്യമന്ത്രി പറഞ്ഞു.

  Also Read- പിണറായി വിജയന് ഇസ്ലാമോഫോബിയ; ആർഎസ്എസ് ചർച്ചാ വിവാദത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് ജമാഅത്തെ ഇസ്ലാമിയുടെ മറുപടി

  ”ജമാഅത്തെ ഇസ്ലാമിക്ക് ആ പേരുണ്ടെങ്കിലും വേറൊരു രൂപം കൂടി അവർക്കുണ്ട് എന്ന് എല്ലാവർക്കും അറിയാം. അത് വെൽഫെയർ പാർട്ടിയുടെ രൂപമാണ്. വെൽഫയർ പാർട്ടി കേരളത്തിലെ കോൺഗ്രസിന്റെയും ലീഗിന്റെയും കൂടെ അണിനിരന്നവരാണ്. ഇപ്പോൾ ഇവർ തമ്മിൽ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെട്ടിട്ടുണ്ട്. അവിടെയാണ് സ്വാഭാവികമായ ചില സംശയങ്ങൾ ഉയർന്നു വരുന്നത്. ഇത് വെൽഫെയർ പാർട്ടിയുടെയോ ജമാഅത്തെ ഇസ്ലാമിയുടെയോ മാത്രം ബുദ്ധിയിൽ ഉദിച്ചൊരു കാര്യമാണോ? അതോ കോൺഗ്രസ് -ലീഗ്- വെൽഫയർ പാർട്ടി ത്രയത്തിന് ഇതിൽ പങ്കുണ്ടോ?”

  കോൺഗ്രസിലെ ഒരു വിഭാഗം ആളുകൾ നല്ലൊരു നിലയ്ക്കുതന്നെ രാജ്യത്തെ സംഘപരിവാറിനോടു വല്ലാത്ത മൃദുനിലപാട് സ്വീകരിക്കുന്നവരാണ് എന്നത് എല്ലാവർക്കും അറിയാം. താൻ വേണമെങ്കിൽ ബിജെപിയിൽ പോകും എന്ന് കെപിസിസി പ്രസിഡന്റ് തന്നെ പരസ്യമായി പറഞ്ഞത് എല്ലാവരും കേട്ടതാണ്. അങ്ങനെ ചിന്തിക്കുന്ന ഒട്ടേറെപ്പേർ അതിനകത്തുണ്ട് എന്നും സമൂഹത്തിന് അറിയാം- പിണറായി വിജയൻ പറഞ്ഞു.

  Also Read- ‘മരണവീട്ടിലെ കറുത്ത കൊടി പോലും അഴിപ്പിക്കുന്നു’; മുഖ്യമന്ത്രി പരിഹാസ പാത്രമാകുന്നുവെന്ന് വി.ഡി. സതീശന്‍

  ”ലീഗിന്റെ നേതൃത്വത്തിലെ ഒരു വിഭാഗമാണ് വെൽഫയർ പാർട്ടിയുമായുള്ള യോജിപ്പിനും സഖ്യത്തിനും നേതൃത്വം കൊടുത്തത്. യഥാർത്ഥത്തിൽ മുസ്ലിം ലീഗുമായി ചേർന്നു നിൽക്കുന്ന ചില സംഘടനകൾ തന്നെ അതിനെ എതിർത്തതാണ്, തള്ളിപ്പറഞ്ഞതാണ്. പക്ഷേ, ജമാഅത്തെ ഇസ്ലാമി കൂടി കൂടെയുണ്ടാവുക എന്ന നിലപാടാണ് അന്ന് ലീഗ് നേതൃത്വം എടുത്തതെന്നു ഞാൻ പറയുന്നില്ല, ലീഗ് നേതൃത്വത്തിൽ തീരുമാനമെടുക്കാൻ കഴിയുന്ന വിഭാഗം നിലപാടായി എടുത്തത്. ആ വിഭാഗവും നേരത്തേ ഞാൻ പറഞ്ഞ കോൺഗ്രസിലെ വിഭാഗവും ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായി ചർച്ച നടത്തുന്നതിൽ എന്തെങ്കിലും പങ്കു വഹിച്ചിട്ടുണ്ടോ? അത് അവർ വ്യക്തമാക്കിയാലേ മനസ്സിലാകൂ. എന്തായാലും ദുരൂഹമായ ഒരു കാര്യമാണ് സംഭവിച്ചിരിക്കുന്നത്’’- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

  Published by:Rajesh V
  First published: