• HOME
  • »
  • NEWS
  • »
  • kerala
  • »
  • വഖഫ് നിയമനം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമസ്തയുടെ വിജയം; ലീഗിന് രാഷ്ട്രീയ തിരിച്ചടിയെന്ന് വിലയിരുത്തൽ

വഖഫ് നിയമനം: മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സമസ്തയുടെ വിജയം; ലീഗിന് രാഷ്ട്രീയ തിരിച്ചടിയെന്ന് വിലയിരുത്തൽ

സമുദായ പ്രശ്‌നം സംഘടനകളുമായി നേരിട്ട് ചര്‍ച്ച നടത്തി മുഖ്യമന്ത്രി പരിഹരിച്ചത് മുസ്ലിം ലീഗിന് രാഷ്ട്രീയ തിരിച്ചടിയുമാണ്

  • Share this:
    കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജിഫ്രി തങ്ങളുടെയും സമസ്തയുടെയും വിജയം. മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തില്‍ നിന്ന് സമസ്ത പിന്‍മാറിയത് മുഖ്യമന്ത്രി നല്‍കിയ ഉറപ്പിലായിരുന്നു. ഈ ഉറപ്പ് പാലിക്കപ്പെട്ടതോടെ സമസ്ത സര്‍ക്കാറിലുള്ള വിശ്വാസം വര്‍ധിക്കും. സമുദായ പ്രശ്‌നം സംഘടനകളുമായി നേരിട്ട് ചര്‍ച്ച നടത്തി മുഖ്യമന്ത്രി പരിഹരിച്ചത് മുസ്ലിം ലീഗിന് രാഷ്ട്രീയ തിരിച്ചടിയുമാണ്.

    വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെ കാന്തപുരം വിഭാഗം ഒഴികെയുള്ള മുസ്ലിം സംഘടനകള്‍ എതിര്‍ത്തത് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ മുസ്ലിം ലീഗ് തീരുമാനിച്ചതോടൊണ് സര്‍ക്കാര്‍ മറുനീക്കം തുടങ്ങിയത്. സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങളെ നേരിട്ട് വിളിച്ച് വിഷയം ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചതോടെ ലീഗ് പ്രതിസന്ധിയിലായി. പിന്നാലെ മുസ്ലിം ലീഗിനെ ഞെട്ടിച്ച്, പള്ളികളില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്താന്‍ സമസ്ത ഉണ്ടാവില്ലെന്ന് പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രഖ്യാപിച്ചു. തീരുമാനം ജിഫ്രി തങ്ങളും സമസ്തയിലെ സി.പി.എം അനുകൂലികളും എടുത്തതാണെന്ന് ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് പ്രചാരണമുണ്ടായി. സമുദായത്തിന്റെ പൊതുവികാരവും ഐക്യവും ജിഫ്രിതങ്ങള്‍ തര്‍ത്തുവെന്നും സമസ്ത മുഖ്യമന്ത്രിയെ അന്ധമായി വിശ്വസിക്കുകയാണെന്നും വിമര്‍ശനമുണ്ടായി. എന്നാല്‍ തീരുമാനം സമസ്ത ഒറ്റക്കെട്ടായി എടുത്തതാണെന്ന് നേതാക്കളും സംയുക്ത വാര്‍ത്താ കുറിപ്പ് ഇറക്കിയാണ് ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

    ലീഗ് കേന്ദ്രങ്ങളില്‍ നിന്നും ചില മുസ്ലിം സംഘടനകളില്‍ നിന്നും വലിയ എതിര്‍പ്പുണ്ടായിട്ടും നിലപാടുമായി മുന്നോട്ടുപോനായിരുന്നു ജിഫ്രി തങ്ങളുടെയും സമസ്തയുടെയും തീരുമാനം. സമസ്ത പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങിയതല്ലെന്നും മുഖ്യമന്ത്രിയുടെ ഉറപ്പ് അനുസരിച്ച് കാത്തുനില്‍ക്കുകയാണെന്നും ജിഫ്രി തങ്ങള്‍ വ്യക്തമാക്കി. ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കില്‍ സമസ്ത പ്രതിഷേധരംഗത്തിറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. സമുദായ വിഷയങ്ങളില്‍ തീരുമാനമെടുക്കുന്നത് മുസ്ലിം ലീഗല്ല സമസ്തയാണെന്ന പ്രഖ്യാപനം കൂടിയായിരുന്നു ഇത്. പി.എസ്.സി നിയമനവുമായി മുന്നോട്ടുപോകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെട്ടത് സമസ്തയുടെ വിജയമാണ്. മുഖ്യമന്ത്രി വാഗ്ദാനം പാലിച്ചതില്‍ സന്തോഷമുണ്ടെന്ന് സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു.

    Also Read- വഖഫ് നിയമനം പിഎസ് സിക്കു വിട്ട തീരുമാനം പിൻവലിക്കുന്നുവെന്ന് മുഖ്യമന്ത്രി; നിയമ ഭേദഗതി കൊണ്ടു വരും

    സമുദായ വിഷയത്തില്‍ ലീഗിന്റെ ഏജന്‍സിയില്ലാതെ മുസ്ലിം സംഘടനകളുമായി ചര്‍ച്ച നടത്തി വിഷയം പരിഹരിക്കാന്‍ കഴിഞ്ഞത് സര്‍ക്കാറിന് രാഷ്ട്രീയ നേട്ടമാണ്. സമുദായ രാഷ്ട്രീയ പാര്‍ട്ടിയുടെ സ്വാധീനത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ശ്രമിക്കുന്ന സമസ്തയെ സര്‍ക്കാര്‍ മുഖവിലക്കെടുക്കുന്നത് ലീഗിന് തിരിച്ചടിയും. ലീഗ് പ്രക്ഷോഭം ഭയന്നാണ് സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്ന് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും സമസ്തയും സര്‍ക്കാറും തമ്മിലുള്ള ബന്ധം ദൃഢമായതാണ് വഖഫ് വിവാദത്തിന്റെ ബാക്കിപത്രം.
    Published by:Anuraj GR
    First published: