'അൻവർ കോൺഗ്രസിൽനിന്ന് വന്നയാൾ'; ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി

Last Updated:

'ഒരു പാര്‍ട്ടിക്കാരനാണെന്നും കമ്മ്യൂണിസ്റ്റ് എംഎല്‍എ ആണെന്നുമുള്ള ബോധം അന്‍വറിനുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പ്രശ്‌നം പാര്‍ട്ടിയുടെയും മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലും പെടുത്തണമായിരുന്നു. അതിന് ശേഷമായിരുന്നു പരസ്യ നടപടികളിലേക്ക് സാധാരണ നിലയില്‍ പോകേണ്ടത്. സാധാരണ നിലയില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കേണ്ട നടപടിയല്ല അദ്ദേഹം സ്വീകരിച്ചത്'

തിരുവനന്തപുരം: ഇടത് എംഎല്‍എ പി വി അന്‍വറിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതു പശ്ചാത്തലമുള്ള ആളല്ല അന്‍വറെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും തുറന്നടിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അന്‍വറിനെ കുറിച്ച് പരിശോധിക്കണമെന്ന് ഗവര്‍ണര്‍ ഒരു കത്തയച്ചിട്ടുണ്ട്. അത് ബന്ധപ്പെട്ടവര്‍ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ
അന്‍വര്‍ ആദ്യം പത്രസമ്മേളനം വിളിച്ചപ്പോള്‍ തന്നെ ഞാന്‍ ഓഫീസ് വഴി നേരിട്ട് അന്‍വറിനെ വിളിച്ചതാണ്. കൂടുതല്‍ പറയാതെ എന്റെ അടുത്ത് വരാനാണ് ആവശ്യപ്പെട്ടത്. തൊട്ടടുത്ത ദിവസവും അന്‍വര്‍ വീണ്ടും പത്രസമ്മേളനം നടത്തി. പിന്നീടാണ് എന്നെ കാണാന്‍ വന്നത്. അപ്പോഴേക്കും അദ്ദേഹവുമായി സംസാരിച്ച കാര്യങ്ങളെല്ലാം റോക്കോര്‍ഡ് ചെയ്ത് പരസ്യമായി കാണിക്കുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ ചെയ്യേണ്ടതാണോ അത്. ആകെ അഞ്ച് മിനിറ്റാണ് ഞങ്ങള്‍ തമ്മില്‍ കണ്ടത്. എന്നെ വഴിവിട്ട് സഹായിക്കാന്‍ ഒരാള്‍ക്കും കഴിയില്ല. വഴിവിട്ട് നടക്കുന്നവര്‍ക്കേ അതിന്റെ ആവശ്യമുള്ളൂ. അന്‍വറിന്റെ പശ്ചാത്തലം ഇടത് പശ്ചാത്തലമല്ല. അന്‍വര്‍ വന്ന വഴി കോണ്‍ഗ്രസിന്റെ വഴിയാണ്.
advertisement
അജിത് കുമാറിനെതിരെ ഉയര്‍ന്ന ആക്ഷേപങ്ങളില്‍ അന്വേഷണം നടക്കുന്നുണ്ട്. അതിന്റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് യുക്തമായ തീരുമാനം കൈക്കൊള്ളു. ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍ അത് ഔദ്യോഗികൃത്യനിര്‍വ്വഹണത്തെ ബാധിക്കുന്ന കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടിയുണ്ടാകും.അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ടതാണ്.
advertisement
പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് നടപടിയെടുക്കുക എന്നതാണ് എപ്പോഴുമുള്ള നില. അന്‍വര്‍ പരാതി നല്‍കുന്നതിന് മുമ്പായി പരസ്യമായി ചാനലുകളില്‍ ദിവസങ്ങളോളം പറഞ്ഞപ്പോള്‍ സംസ്ഥാന പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിക്കുകയുണ്ടായി. അതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. മുന്‍വിധിയോടെ ഈ കാര്യത്തെ സമീപിക്കുന്നില്ല. അന്വേഷണ വിധേയമായി എസ്പിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സാധാരണ നിലയില്‍ ഒരുപോലീസ് ഉദ്യോഗസ്ഥന്‍ സംസാരിക്കാന്‍ പാടില്ലാത്ത രീതിയില്‍ സംസാരിച്ച കാര്യങ്ങള്‍ പുറത്ത് വന്നതിനാലാണ് നടപടി. ആരോപണ വിധേയര്‍ ആര് എന്നതല്ല. ഉന്നയിക്കപ്പെട്ട ആരോപണം എന്താണെന്നും തെളിവ് എന്താണെന്നും അന്വേഷിച്ച് കണ്ടെത്തുകയുമാണ് പ്രധാനം.
advertisement
പൊലീസ് സ്വര്‍ണക്കടത്ത് പിടിക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രധാന ആരോപണം. സംസ്ഥാനത്ത് പൊലീസിന് നിര്‍ഭയമായും നീതിപൂര്‍വ്വമായും പ്രവര്‍ത്തിക്കാനും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ തടയാനുമുള്ള സാഹചര്യം ഉറപ്പാക്കും. പൊലീസിന്റെ ഭാഗത്ത് നിന്ന് തെറ്റ് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ നീക്കത്തോട് ഒരു തരത്തിലും യോജിക്കാന്‍ കഴിയില്ല. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയാനുള്ള സേനയാണ് പൊലീസ്.
സ്വര്‍ണവും ഹവാല പണവും പിടികൂടുന്നതില്‍ പോലീസിനെ പിന്‍മാറ്റണമെന്ന് ഉദ്ദേശിക്കുന്നവരുണ്ടെങ്കില്‍ അവര്‍ക്ക് വഴങ്ങി കൊടുക്കാന്‍ കഴിയില്ലെന്ന് അറിയിക്കട്ടെ. ആരോപണം വന്നാല്‍ അത് ഗൗരവമായി പരിശോധിക്കുക തന്നെ ചെയ്യും. അതിന്റെ പേരില്‍ ഇനി കേരളത്തില്‍ സ്വര്‍ണം പിടികൂടേണ്ടതില്ല എന്ന സമീപനം സ്വീകരിക്കാനാകില്ല.
advertisement
ആ സമീപനം സ്വീകരിക്കുന്നത് പി.വി.അന്‍വറാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മുഖ്യമന്ത്രി ഇങ്ങനെ മറുപടി നല്‍കി. 'എന്താണ് ഇതുമായി മനസ്സിലാക്കേണ്ടത് അതാണ് നാം കാണേണ്ടത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടവരെ ന്യായീകരിച്ച് പോലീസിനെ നിര്‍വീര്യമാക്കി യഥേഷ്ടം കടത്തണമെന്ന് സ്വര്‍ണക്കടത്തുകാര്‍ക്ക് ആഗ്രഹമുണ്ടാകും. അതിന് കൂട്ട് നില്‍ക്കാനാകില്ല.
മുഖ്യമന്ത്രി എന്ന കസേരയില്‍ ഇരുന്ന് അദ്ദേഹം എനിക്ക് തന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. പാര്‍ട്ടി കാര്യം, ഒരു പാര്‍ട്ടിക്കാരനാണെന്നും കമ്മ്യൂണിസ്റ്റ് എംഎല്‍എ ആണെന്നുമുള്ള ബോധം അന്‍വറിനുണ്ടെങ്കില്‍ ആദ്യം ചെയ്യേണ്ടത് പ്രശ്‌നം പാര്‍ട്ടിയുടെയും മുഖ്യമന്ത്രി എന്ന നിലയില്‍ എന്റെ ശ്രദ്ധയിലും പെടുത്തണമായിരുന്നു. അതിന് ശേഷമായിരുന്നു പരസ്യ നടപടികളിലേക്ക് സാധാരണ നിലയില്‍ പോകേണ്ടത്. സാധാരണ നിലയില്‍ ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാള്‍ സ്വീകരിക്കേണ്ട നടപടിയല്ല അദ്ദേഹം സ്വീകരിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അൻവർ കോൺഗ്രസിൽനിന്ന് വന്നയാൾ'; ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ നടപടി എടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി
Next Article
advertisement
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
102 ലിറ്റർ വിദേശ മദ്യവുമായി സെലിബ്രേഷൻ സാബു പിടിയിൽ
  • ചാർളി തോമസ് എന്ന സെലിബ്രേഷൻ സാബുവിനെ 102 ലിറ്റർ വിദേശ മദ്യവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

  • വളയം കുഴി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് 204 കുപ്പികളിലായി 102 ലിറ്റർ വിദേശ മദ്യം പിടികൂടിയത്.

  • അനധികൃത മദ്യവില്പന വിവരം ലഭിച്ചതിനെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി.

View All
advertisement