കേരളം സുരക്ഷിതമല്ലെന്ന് പരോക്ഷമായി പരാമര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം എന്താണ് കർണാടകയിലെ സ്ഥിതി എന്താണ് എന്ന് എല്ലാവർക്കും നല്ലപോലെ അറിയാം. കേരളത്തിൽ എല്ലാവർക്കും സ്വൈര്യമായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യം ആണുള്ളത്.അതാണോ കർണാടകയിൽ ഉള്ള സ്ഥിതിയെന്നും മുഖ്യമന്ത്രി ചോദിച്ചു.
കേരളത്തെ മാതൃകയാക്കണം എന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെങ്കിൽ ശരി.പക്ഷേ അങ്ങനെയല്ല അമിത് ഷാ പറഞ്ഞത്. ശ്രീരാമസേനയെ കുറിച്ച് നമ്മൾ കേട്ടത് കർണാടകയിലാണ്,മംഗലാപുരം അടക്കമുള്ള പ്രദേശങ്ങളിൽ ഇവർ വലിയ ആക്രമണമാണ് നടത്തിയത്. ക്രിസ്ത്യൻ പള്ളികളിൽ വലിയ തോതിലുള്ള ആക്രമണം സംഘപരിവാർ നടത്തിയെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
കേരളം വർഗീയ സംഘർഷം ഇല്ലാത്ത നാടായി നിൽക്കുന്നു. ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നു എന്നുള്ളതുകൊണ്ട് ആർക്കെങ്കിലും ഇവിടെ പ്രശ്നം ഉണ്ടാകുന്നുണ്ടോ. കേരളത്തിൽ ഒരു വിഭജനവുമില്ലാതെ ആളുകള്‍ ജീവിക്കുന്നു എന്നല്ലേ അമിത് ഷാ പറയേണ്ടത്.എന്ത് അപകടമാണ് അദ്ദേഹത്തിന് കേരളത്തെക്കുറിച്ച് കാണാൻ കഴിഞ്ഞത്. എന്താണ് അദ്ദേഹത്തിന് കൂടുതൽ പറയാനുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
ബിജെപിയുടെ ഒരു നീക്കങ്ങളും നടക്കാത്ത ഇടം ഇന്ത്യയിൽ ഇന്ന് കേരളമാണ്. മറ്റ് സ്ഥലങ്ങള്‍ പോലെ ആക്കാനുള്ള നീക്കം ഈ നാട് സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.