ന്യൂഡൽഹി: വ്യാപാരികൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സാഹചര്യത്തില്‍ എല്ലാ ദിവസവും കടകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. വ്യാപാരികളുടെ വികാരം മനസ്സിലാകും. ആളുകളുടെ ജീവന്‍ അപകടത്തിലാക്കാനാകില്ല. മറ്റൊരു രീതിയില്‍ തുടങ്ങിയാൽ നേരിടേണ്ട രീതിയിൽ നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അശാസ്ത്രീയമായി കടകള്‍ അടയ്ക്കാനുള്ള തീരുമാനം അവഗണിച്ചുകൊണ്ട് വ്യാഴാഴ്ച മുതല്‍ മുഴുവന്‍ കടകളും തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പ്രഖ്യാപിച്ചിരുന്നു. ഇതിന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. കടകള്‍ തുറക്കണം എന്നുതന്നെയാണ് എല്ലാവരുടെയും ആഗ്രഹം. പക്ഷേ, സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നതാണ് വസ്തുത. വ്യാപാരികളുടെ വികാരം മനസ്സിലാക്കുകയും അവരുടെ ഒപ്പം നില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ അവർ മറ്റൊരു രീതിയിലേക്ക് പോകരുതെന്നും അങ്ങനെയൊരു നിലയുണ്ടായാല്‍ നേരിടേണ്ട രീതിയില്‍ നേരിടുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
''കോഴിക്കോട് കടകള്‍ തുറക്കണമെന്നാശ്യപ്പെട്ട് വ്യാപാരികള്‍ നടത്തുന്ന സമരത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, ആ ആവശ്യങ്ങള്‍ ഇപ്പോള്‍ അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥിതിവിശേഷം നമ്മള്‍ ഇനിയും കൈവരിച്ചിട്ടില്ല. കട തുറക്കണമെന്നത് എല്ലാവരുടെയും ആഗ്രഹമാണ്. എന്നാല്‍ സാഹചര്യമാണ് ഇപ്പോഴുള്ള നിയന്ത്രണങ്ങള്‍ക്കിടയാക്കിയത്. കോവിഡ് രോഗബാധ പടര്‍ന്നു പിടിച്ച് ആളുകളുടെ ജീവന്‍ അപകടത്തിലാവുന്ന അവസ്ഥ തടയാന്‍ നമ്മള്‍ ഓരോരുത്തരും ബാധ്യസ്ഥരാണ് എന്നോര്‍ക്കണം. നാടിന്റെ രക്ഷയെ കരുതിയാണ് ഇത്തരം മാര്‍ഗങ്ങള്‍ അവലംബിക്കുന്നത്. അത് ഉള്‍ക്കൊള്ളാന്‍ ബന്ധപ്പെട്ട എല്ലാവരും തയ്യാറാകണം. പ്രസ്തുത വിഷയത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും വ്യാപാരി വ്യവസായി പ്രതിനിധികളുടെ യോഗം വിളിച്ച് ചര്‍ച്ച ചെയ്യാനും കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താനും നിര്‍ദേശിച്ചിട്ടുണ്ട്. കടകളിലും മറ്റും ശാരീരിക അകലം ഉറപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശക്തമായ നടപടി സ്വീകരിക്കണം. ആളുകളുടെ കൂട്ടം കൂടല്‍ ഗൗരവമായി കാണണം. രണ്ടുമൂന്ന് ആഴ്ച കഴിയുന്നതോടെ ഓണത്തിരക്ക് ആരംഭിക്കും. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.''- ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
Also Read- 'സാഹചര്യങ്ങളാണ് നിയന്ത്രണങ്ങള്‍ക്ക് കാരണം'; പ്രതിഷേധിച്ച വ്യാപാരികളോട് മുഖ്യമന്ത്രി
അതേസമയം, രോഗവ്യാപനം ഏറ്റവും കൂടിയ തദേശ സ്ഥാപനങ്ങളിലൊഴികെ മറ്റെല്ലായിടത്തും കടകളുടെ പ്രവര്‍ത്തന സമയം രാത്രി എട്ടു മണി വരെ നീട്ടും. സംസ്ഥാനത്ത് തിങ്കള്‍ മുതല്‍ വെള്ളി വരെ ബാങ്കുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കും. നേരത്തെ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സ്ഥലങ്ങളില്‍ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കാന്‍ കളക്ടര്‍മാര്‍ക്ക് അനുമതി നല്‍കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് വ്യാഴം, വെള്ളി ദിവസങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കും. രണ്ടരലക്ഷം സാമ്പിള്‍ വരെ പരിശോധിക്കാനാണ് തീരുമാനം. സംസ്ഥാനത്ത് ടിപിആര്‍ അനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും പൊതുജനം സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.