എം.എം. ലോറൻസിന്റെ മൃതദേഹത്തോട് മകൾ ആശ അനാദരവ് കാട്ടിയെന്ന് പൊലീസിൽ പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
ബന്ധുക്കളുടെ വികാരം മുറിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മകൻ മിലനുമായി കൂടിയാലോചിച്ച് പൊതുദർശനത്തിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി
കൊച്ചി: അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എം എം ലോറൻസിന്റെ മൃതദേഹത്തോട് എറണാകുളം ടൗൺഹാളിൽ പൊതുദർശനത്തിനിടെ മകൾ ആശാ ലോറൻസ് അനാദരവ് കാണിച്ചെന്ന് പൊലീസിൽ പരാതി. എം എം ലോറൻസിന്റെ സഹോദരീപുത്രിയുടെ മകൻ അഡ്വ. അരുൺ ആന്റണിയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
മരണശേഷം ശരീരം മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് പഠനത്തിനായി വിട്ടുകൊടുക്കണമെന്ന ആഗ്രഹം ലോറൻസ് തന്നോട് പറഞ്ഞിരുന്നതായി മകൻ അഡ്വ. എം എൽ സജീവൻ ഉൾപ്പെടെയുള്ളവരോട് പ്രകടിപ്പിച്ചിരുന്നു. എന്നാൽ, മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്തണമെന്ന ആവശ്യവുമായി മകൾ ആശ കോടതിയെ സമീപിക്കുകയായിരുന്നു. ആശ ആഗ്രഹിച്ചതുപോലെ അനുകൂല വിധി ലഭിക്കാത്തതിനെത്തുടർന്ന് താൻ ഉൾപ്പെടെയുള്ള മറ്റ് ബന്ധുക്കളുടെയും വികാരം മുറിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ മകൻ മിലനുമായി കൂടിയാലോചിച്ച് പൊതുദർശനത്തിനിടെ അതിക്രമം നടത്തിയെന്നാണ് പരാതി.
Also Read- എം.എം. ലോറൻസിന്റെ അന്ത്യയാത്രയിൽ നാടകീയ രംഗങ്ങൾ; മകൾ ആശയെ ബലംപ്രയോഗിച്ച് മാറ്റി; ടൗൺഹാളിൽ കയ്യാങ്കളി
advertisement
ഫ്രീസറിന്‍റെ മൂടി ബലമായി എടുത്തുമാറ്റാൻ ശ്രമിച്ചുവെന്നും അടുത്ത ബന്ധുക്കൾ തടഞ്ഞപ്പോൾ സിപിഎം മുർദാബാദ് എന്ന് ആക്രോശിച്ച് ലോറൻസ് മരണംവരെ സൂക്ഷിച്ച വിശ്വാസത്തെയും കൂറിനെയും അധിക്ഷേപിച്ച് അനാദരവ് കാണിച്ചുവെന്നും സന്ദർശകരുടെ പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു.
പൊലീസിന്റെ സാന്നിധ്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെയും അവിടെക്കൂടിയ ജനങ്ങളെയും ലോറൻസിനെയും അവഹേളിച്ചത്. ആശയുടെ മകൻ മിലനും ഇതിൽ പങ്കാളിയായി. ഹൈക്കോടതി വിധിയുടെ ലംഘനമാണ് ആശാ ലോറൻസിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും പരാതിയിൽ അരുൺ ആന്റണി വ്യക്തമാക്കി. പരാതി കമ്മീഷണർ എറണാകുളം സെൻട്രൽ പൊലീസിന് കൈമാറി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
Sep 26, 2024 9:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എം.എം. ലോറൻസിന്റെ മൃതദേഹത്തോട് മകൾ ആശ അനാദരവ് കാട്ടിയെന്ന് പൊലീസിൽ പരാതി







