ചെത്ത് തൊഴിലാളി എന്ന് പറയുന്നത് കുറ്റമാണോ? പിണറായിയെക്കുറിച്ചു പറഞ്ഞാൽ ഷാനിമോള്‍ക്ക് എന്താണ് മനപ്രയാസം ? കെ. സുധാകരന്‍
- Published by:Chandrakanth viswanath
- news18-malayalam
Last Updated:
പ്രസ്താവനയില്‍ സി.പിഎമ്മിനില്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിലള്ളവര്‍ക്ക് തോന്നുന്നതിന്റെ രഹസ്യമെന്താണെന്ന് സുധാകരൻ ചോദിച്ചു.
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള 'ചെത്തുകാരന്റെ കുടുംബത്തിൽ ' പരാമർശം ന്യായീകരിച്ച് കെ. സുധാകരന്‍ എം.പി. കുലത്തൊഴിൽ പറഞ്ഞതിൽ എന്താണ് തെറ്റെന്നും എത്രയോ നേതാക്കൻമാർ കൂലിത്തൊഴിലാളിയുടെ മകനാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്നും തന്റെ പരാമർശത്തെ ന്യായീകരിച്ചു കൊണ്ട് സുധാകരൻ ചോദിച്ചു.
പ്രസ്താവനയില്‍ സി.പിഎമ്മിനില്ലാത്ത പ്രശ്‌നം കോണ്‍ഗ്രസിലള്ളവര്‍ക്ക് തോന്നുന്നതിന്റെ രഹസ്യമെന്താണെന്ന് അദ്ദേഹം ചോദിച്ചു . കോണ്‍ഗ്രസിൽ നിന്ന് അങ്ങനെ വരുന്നതില്‍ സംശയമുണ്ടെന്നും മൂന്ന് ദിവസമായിട്ടും സി.പിഎമ്മില്‍ നിന്നും ആരും പ്രതികരിക്കാത്ത വിഷയം കോണ്‍ഗ്രസ് വലിയ വിഷയമാക്കുന്നത് എന്തിനാണെന്നും സുധാകരന്‍ അദ്‌ഭുതപ്പെട്ടു.
"സി.പിഎമ്മാണ് ഇത് വിഷയമാക്കേണ്ടത്. എന്നാല്‍ അവര്‍ പ്രതികരിച്ചിട്ടില്ല. പക്ഷേ ഇതില്‍ കോണ്‍ഗ്രസിന്റെ താത്പര്യം എന്താണ്? അതില്‍ സംശയം ഉണ്ട്. ഇക്കാര്യത്തില്‍ ഞാന്‍ കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ചിട്ടുണ്ട്. അവര്‍ നയം വ്യക്തമാക്കണം. ഞാന്‍ തെറ്റ് പറഞ്ഞാല്‍ കാലുപിടിച്ച് മാപ്പുപറയും. പിണറായി വിജയനെ കുറിച്ച് നല്ലത് പറയേണ്ട കാലത്ത് നല്ലത് പറഞ്ഞിട്ടുണ്ട്"
advertisement
"ഒരു തൊഴിലാളി വര്‍ഗനേതാവിന്റെ വളര്‍ച്ചയില്‍ അഭിമാനിക്കുന്നു. ആ വളര്‍ച്ച പാരമ്യതയിലെത്തുമ്പോള്‍ തൊഴിലാളി വര്‍ഗത്തിന് ഒരു പ്രതീക്ഷയുണ്ട്. എന്നാൽ പിണറായി ആ രീതിയിൽ അല്ല മുന്നോട്ട് പോകുന്നത്. ആ പ്രതീക്ഷ കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം വിനിയോഗിച്ചോ അതോ അദ്ദേഹത്തിന്റെ സുഖസൗകര്യത്തിന് വേണ്ടി ഈ വളര്‍ച്ചയും വികാസവും ഭരണത്തിന്റെ സ്വാധീനവും ഉപയോഗപ്പെടുത്തിയോ എന്നതാണ് അതിലെ സാംഗത്യം. ഞാന്‍ സൂചിപ്പിച്ചത് അതാണ്. 18 കോടിയാണ് ഹെലികോപ്ടറിനായി ചെലവഴിച്ചത്. കേരളത്തിലെ മുൻ മുഖ്യമന്ത്രിമാർ ഹെലികോപ്ടറിലാണോ യാത്രചെയ്തത്?
advertisement
അതിനാൽ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു, " സുധാകരൻ വ്യക്തമാക്കി.
"അതിലെന്ത് ജാതിയാണുള്ളത്. ചെത്തുകാരനെന്നത് ജാതിയാണോ? ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽ ക്കുന്നു. അതിന്റെ തെറ്റും ശരിയും ഞാൻ വിലയിരുത്തിയിട്ടുണ്ട്. അത് മാറ്റേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. ചെത്ത് തൊഴിലാളി എന്ന് പറയുന്നത് കുറ്റമാണോ കര്‍ഷക തൊഴിലാളി, നെയ്ത്തുതൊഴിലാളി, ബീഡി തൊഴിലാളി എന്നിങ്ങനെ ഒരു തൊഴില്‍ വിഭാഗത്തെ കുറിച്ച് പറഞ്ഞാല്‍ എന്താണ് അപമാനം? എന്താണ് തെറ്റ്? ഇതുവരെ മനസിലായില്ല."
advertisement
" പിണറായി വിജയനെ കുറിച്ച് പറഞ്ഞതില്‍ ഏതെങ്കിലും സി.പി.എം നേതാവ് പ്രതികരിച്ചോ? എന്തുകൊണ്ടാണ് അവര്‍ പ്രതികരിക്കാത്തത്. പ്രതികരിക്കാനില്ല എന്ന തിരിച്ചറിവുകൊണ്ടാണത്. പിന്നെ ഷാനിമോള്‍ക്ക് എന്താണ് ഇത്രയും അസന്തുഷ്ടിയും മനപ്രയാസവും ഉണ്ടാവാന്‍ കാരണം? ഉമ്മന്‍ ചാണ്ടിക്കെതിരെ സംസ്‌ക്കാരമില്ലാത്ത എന്തൊക്കെ വാക്കുകള്‍ അവര്‍ (സിപിഎം ) ഉപയോഗിച്ചു. അന്നൊന്നും ഇല്ലാത്ത വികാരം പിണറായിയെ വിമര്‍ശിച്ചപ്പോള്‍ തോന്നാന്‍ എന്തുപറ്റി?" സുധാകരന്‍ ചോദിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ തലശ്ശേരിയിൽ നടന്ന യോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.
advertisement
"ചെത്തുകാരന്റെ കുടുംബത്തിൽ നിന്ന് വന്ന് സഞ്ചരിക്കാൻ ഹെലികോപ്ടർ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ഇതിൽ അഭിമാനിക്കുകയാണോ അപമാനം തോന്നുകയാണോ വേണ്ടതെന്ന് സിപിഎം പ്രവർത്തകർ ആലോചിക്കണമെന്നുമായിരുന്നു" സുധാകരൻ പറഞ്ഞത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 04, 2021 2:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ചെത്ത് തൊഴിലാളി എന്ന് പറയുന്നത് കുറ്റമാണോ? പിണറായിയെക്കുറിച്ചു പറഞ്ഞാൽ ഷാനിമോള്‍ക്ക് എന്താണ് മനപ്രയാസം ? കെ. സുധാകരന്‍