• HOME
  • »
  • NEWS
  • »
  • kerala
  • »
  • രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധം ശക്തം; നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധം ശക്തം; നിയമപരമായി നേരിടുമെന്ന് കോണ്‍ഗ്രസ്

ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്,' കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.

  • Share this:

    ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയില്‍ പ്രതിഷേധം ശക്തമാകുന്നു. 2019ലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്ന് സൂററ്റ് കോടതി കണ്ടെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ എംപി സ്ഥാനത്ത് അയോഗ്യനാക്കിക്കൊണ്ട് ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കിയത്.

    അതേസമയം ബിജെപി സര്‍ക്കാരിന്റെ നടപടിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സത്യം പറഞ്ഞതിന്റെ പേരില്‍ രാഹുലിനെ വേട്ടയാടുകയാണെന്ന് സംഭവത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഹുലിനെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയെ നിയമപരമായി തന്നെ നേരിടുമെന്നാണ് കോണ്‍ഗ്രസ് അറിയിച്ചത്.

    ” അദാനിയ്‌ക്കെതിരെയും പ്രധാനമന്ത്രിയ്‌ക്കെതിരെയും രാഹുല്‍ വിമര്‍ശനമുന്നയിച്ച നാള്‍ മുതല്‍ അദ്ദേഹത്തെ നിശബ്ദനാക്കാനുള്ള ഗൂഢാലോചന നടക്കുകയാണ്. ജനാധിപത്യ വിരുദ്ധമാണിത്. ബിജെപി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മനോഭാവമാണ് ഇതിലൂടെ വ്യക്തമാകുന്നത്,’ കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു.

    Also read-രാഹുല്‍ ഗാന്ധിയുടെ അയോഗ്യത; സ്റ്റേ ലഭിച്ചില്ലെങ്കില്‍ വയനാട് ഉപതെരഞ്ഞെടുപ്പിലേക്ക് ?

    പ്രതിപക്ഷ ഐക്യം

    രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. നിരവധി പേരാണ് രാഹുലിന് പിന്തുണയുമായി എത്തിയത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

    ” പ്രതിപക്ഷ പാര്‍ട്ടികളിലെ നേതാക്കളാണ് ഇന്നത്തെ ബിജെപി സര്‍ക്കാരിന്റെ പ്രധാന ഇര,” എന്നാണ് മമത പറഞ്ഞത്.

    ”ജനാധിപത്യത്തെ കൊല ചെയ്യുന്നതിന് തുല്യമാണിത്. രാജ്യത്തെ ഭരണത്തെ തന്നെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. സ്വേച്ഛ്യാധിപത്യത്തിന്റെ തുടക്കമാണിത്. കള്ളനെ കള്ളന്‍ എന്ന് വിളിച്ചാല്‍ അതും കുറ്റമാകുന്ന കാലമാണിത്,’ എന്നാണ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞത്.

    കൂട്ടിലടയ്ക്കപ്പെട്ട ജനാധിപത്യ ഭരണത്തിലാണ് നമ്മള്‍ ജീവിക്കുന്നത് എന്ന സൂചനയാണ് ഈ സംഭവമെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

    ” ബിജെപിയുടെ പതനം ആരംഭിച്ചിരിക്കുന്നു. രാഹുല്‍ ഗാന്ധി അവരുടെ ശത്രുവാണ് എന്ന് തെളിയിച്ചിരിക്കുന്നു. രാഹുല്‍ നിങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നേരുന്നു,’ എന്നാണ് എന്‍സിപി നേതാവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞത്.

    ” എസ് പി നേതാവ് അസം ഖാനോടും അദ്ദേഹത്തിന്റെ മകനോടും ചെയ്തത് തന്നെയാണ് അവര്‍ ആവര്‍ത്തിക്കുന്നത്. പ്രധാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്,’ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.

    Also read-രാഹുല്‍ ഗാന്ധി അയോഗ്യൻ; എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനമിറക്കി

    ” രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് നീക്കിയ പ്രതികാര നടപടി അംഗീകരിക്കാനാകില്ല. അതിലൂടെ പ്രതിപക്ഷത്തെ നിശബ്ദമാക്കാമെന്നാണ് അവര്‍ കരുതുന്നത്. നമ്മുടെ ശബ്ദം ഇനിയും ഉച്ചത്തിലാകും. ജനാധിപത്യ തത്ത്വങ്ങളെ അനാദരിക്കുന്ന ശക്തികള്‍ക്കെതിരെയുള്ള പ്രതിപക്ഷ ഐക്യം കൂടുതല്‍ ശക്തമാകും. രാഹുലിനോടൊപ്പം നില്‍ക്കുന്നു,’ എന്നാണ് ഡിഎംകെ എംപി കനിമൊഴി ട്വീറ്റ് ചെയ്തത്.

    അയോഗ്യത നിയമപരമെന്ന് ബിജെപി

    നിയമപ്രകാരമാണ് രാഹുല്‍ ഗാന്ധിയെ ലോക്‌സഭാ അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയത്. തെറ്റായ രീതിയില്‍ ഒന്നും ചെയ്തിട്ടില്ലെന്നാണ് ബിജെപി പക്ഷം.

    ” അയോഗ്യനാക്കിയത് നിയമപരമായ നടപടിയാണ്. കോടതി വിധിയെ തുടര്‍ന്ന് ആലോചിച്ച ശേഷമാണ് അയോഗ്യത പ്രഖ്യാപിച്ചത്. രാഹുൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. അതാണ് അയോഗ്യതയിലേക്ക് നയിച്ചത്,’ എന്നാണ് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞത്.

    ”വിമര്‍ശനമായിരുന്നില്ല രാഹുല്‍ ഗാന്ധി നടത്തിയത്. അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടി നിയമപരമാണ്,’ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് പറഞ്ഞു.

    Published by:Sarika KP
    First published: