നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് വ്യാപനം; മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍; തിങ്കളും ചൊവ്വയും 75,000 പരിശോധനകള്‍ നടത്തും

  കോവിഡ് വ്യാപനം; മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍; തിങ്കളും ചൊവ്വയും 75,000 പരിശോധനകള്‍ നടത്തും

  നിലവിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകളാണ് നടക്കുന്നത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറത്തിനായി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങള്‍ 75,000 പരിശോധനകള്‍ നടത്തും. നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മലപ്പുറത്ത് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. ക്രമസമാധാന വിഭാഗം എഡിജിപി, ഉത്തരമേഖല ഐജി എന്നിവര്‍ മലപ്പുറത്ത് ക്യാംപ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

   നിലവിലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനായി ജില്ലാ ഭരണസംവിധാനത്തിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ കര്‍ശനമായ പരിശോധനകളാണ് നടക്കുന്നത്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കി.

   Also Read-എസ്എസ്എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കും; മൂല്യനിര്‍ണയം ജൂണ്‍ 7 മുതല്‍

   ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ള മലപ്പുറത്ത് നാളെ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. അടിയന്തര ആവശ്യങ്ങള്‍ക്കുള്ള മെഡിക്കല്‍ സേവനങ്ങള്‍ മാത്രമേ ഞായറാഴ്ച ജില്ലയില്‍ പ്രവര്‍ത്തിക്കുവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം തിങ്കളാഴ്ച മുതല്‍ സാധാരണഗതിയിലുള്ള നിയന്ത്രണങ്ങളാകും ഉണ്ടാകുക.

   ഞായറാഴ്ച അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ആര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത നിയന്ത്രണമാണ് ഞായറാഴ്ച ഏര്‍പ്പെടുത്തുന്നത്. രൂക്ഷമായ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമായ സാഹചര്യത്തിലാണ് തീരുമാനമെന്ന് ജില്ല ദുരന്തനിവാരണ ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ അറിയിച്ചു.

   Also Read-'മൂന്നാം തരംഗത്തിനുള്ള സാധ്യതയുള്ളതിനാല്‍ ജാഗ്രത കൈവെടിയരുത്'; മുഖ്യമന്ത്രി പിണറായി വിജയന്‍

   സംസ്ഥാനത്ത് നിലവില്‍ മലപ്പുറത്ത് മാത്രമാണ് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലവിലുള്ളത്. മലപ്പുറമടക്കം നാല് ജില്ലകളിലായിരുന്നു ആദ്യഘട്ടത്തില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുകയായിരുന്നു. അതേസമയം ട്രിപ്പിള്‍ ലോക്ക്‌ഡൌണ്‍ പ്രഖ്യാപിച്ചിട്ടും മലപ്പുറത്തെ രോഗവ്യാപനം കുറയാത്തത് ആശങ്കയോടെയാണ് അധികൃതര്‍ കാണുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലെ ജില്ലയിലെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ശരാശരി 33 ശതമാനമാണ്.

   അതേസമയം സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ മെയ് 30വരെ നീട്ടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത മലപ്പുറം ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരും. ഇവിടെ കര്‍ശന നടപടികളിലേക്ക് പോകേണ്ടിവരുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, എറണാകുളം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ നേരത്തെ പ്രഖ്യാപിച്ച ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്നലെ അവസാനിച്ചു.
   Published by:Jayesh Krishnan
   First published:
   )}