പാർട്ടി നടപടി പേരിന്; സസ്‌പെന്‍ഷന് ശേഷവും ശശിക്കൊപ്പം വേദി പങ്കിട്ട് സിപിഎം നേതാക്കള്‍
Last Updated:
പാലക്കാട്: ലൈംഗിക പീഡന പരാതിയില്‍ സംഘടനാ നടപടിക്ക് ശേഷവും പികെ ശശിയുമായി വേദി പങ്കിട്ട് സിപിഎം ജില്ലാ സെക്രട്ടറിയും നേതാക്കളും. ചെര്‍പ്പുളശേരി സഹകരണ ആശുപത്രിയുടെ ആഘോഷപരിപാടിയിലാണ് നേതാക്കളുമായി പികെ ശശി വേദി പങ്കിട്ടത്. എന്നാല്‍ ഏരിയാ സെക്രട്ടറിയും ആശുപത്രി മുന്‍ ചെയര്‍മാനും പരിപാടിയില്‍ നിന്ന് വിട്ടു നിന്നു.
സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ആറു മാസത്തേക്ക് സസ്‌പെന്റ് ചെയ്‌തെങ്കിലും സിപിഎം വേദികളില്‍ പികെ ശശി സജീവമാണ്. സിപിഎം നിയന്ത്രണത്തിലുളള സഹകരണ ആശുപത്രിക്ക് മികച്ച സേവനത്തിനുള്ള അവാര്‍ഡ് ലഭിച്ചതിന്റെ ആഘോഷത്തിന് പികെ ശശിയെ അധ്യക്ഷനാക്കിയാണ് പാര്‍ട്ടി പരിപാടി സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറി സികെ രാജേന്ദ്രനായിരുന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
ഭരണസമിതിയില്‍ നിലവില്‍ ഔദ്യോഗിക സ്ഥാനമൊന്നുമില്ലാത്ത ശശിയെ പങ്കെടുപ്പിച്ചതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ എതിര്‍പ്പുന്നയിച്ചിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് എംഎല്‍എയെന്ന രീതിയില്‍ ശശിയെ പങ്കെടുപ്പിച്ചത്.
advertisement
എന്നാല്‍ ചെര്‍പ്പുളശ്ശേരി ഏരിയാ സെക്രട്ടറി കെബി സുഭാഷും, ആശുപത്രിയുടെ സ്ഥാപക ചെയര്‍മാനും ജില്ലാ കമ്മറ്റി അംഗവുമായ പികെ സുധാകരനും ചടങ്ങില്‍ നിന്നും വിട്ടു നിന്നു. നടപടിയുണ്ടായിട്ടും ശശിയെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാനുള്ള നീക്കത്തിനെതിരെ പാര്‍ട്ടിയ്ക്കുള്ളില്‍ അമര്‍ഷം പുകയുകയാണ്.
സ്ഥലം എംഎല്‍എ എന്ന നിലക്ക് മാത്രമാണ് ശശിയുമായി വേദി പങ്കിട്ടതെന്നും ഇതിനെ സംഘടനാ നടപടിയുമായി കൂട്ടിക്കുഴയ്‌ക്കേണ്ടെന്നുമാണ് ജില്ല നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ ശശിയ്‌ക്കെതിരെ നല്‍കിയ യഥാര്‍ത്ഥ പരാതിയിന്മേലല്ല നടപടിയുണ്ടായതെന്ന് കാണിച്ച് യുവതി വീണ്ടും കേന്ദ്ര നേതൃത്വത്തെ സമീപിച്ചതിന് തൊട്ടു പുറകെയാണ് ശശിയുമായി നേതാക്കള്‍ വേദി പങ്കിട്ടത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 02, 2018 6:49 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പാർട്ടി നടപടി പേരിന്; സസ്‌പെന്‍ഷന് ശേഷവും ശശിക്കൊപ്പം വേദി പങ്കിട്ട് സിപിഎം നേതാക്കള്‍