ആലപ്പുഴ: ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളിൽ ബിജെപിയെ ഭരണത്തിൽ നിന്നു പുറത്താക്കാൻ സിപിഎമ്മും കോൺഗ്രസും കൈകോർക്കുന്നു. മന്ത്രി സജി ചെറിയാന്റെ ചെങ്ങന്നൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന രണ്ട് ഗ്രാമപഞ്ചായത്തുകളിലാണ് കഴിഞ്ഞ ദിവസം യോജിപ്പ് വിജയം കണ്ടത്. മന്ത്രി സജി ചെറിയാനും മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും നേരിട്ട് നടത്തുന്ന വോട്ടുകച്ചവടത്തിന്റെ ഭാഗമാണ് കൂട്ടുമുന്നണി എന്നാണ് ബിജെപിയുടെ ആക്ഷേപം. തൃപ്പെരുന്തുറ പഞ്ചായത്തിൽ ബിജെപിക്ക് ഭരണം നഷ്ടമായപ്പോൾ തിരുവൻവണ്ടൂരിൽ ഭരണത്തിലെത്താമെന്ന ബിജെപിയുടെ മോഹമാണ് 'സഖ്യം' തല്ലിക്കെടുത്തിയത്. തുറവൂരിലെ കോടംതുരുത്തി ഗ്രാമപഞ്ചായത്തിൽ ബിജെപിയെ അധികാരത്തിൽ നിന്നു മാറ്റാനും നീക്കം തുടങ്ങി.
തൃപ്പെരുന്തുറയിൽ സംഭവിച്ചത്....
സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചതോടെയാണ് ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ബിജെപിയ്ക്ക് നഷ്ടമായത്. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ബിജെപിയിലെ ബിന്ദു പ്രദീപാണ് പുറത്തായത്. ബിജെപിയിലെ ആറംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഭരണസ്തംഭനം ആരോപിച്ച് സിപിഎം കൊണ്ടുവന്ന അവിശ്വാസപ്രമേയമാണ് ചര്‍ച്ച ചെയ്തത്. വോട്ടെടുപ്പിന്റെ സമയമായപ്പോള്‍ ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പ്രവീണ്‍ കാരാഴ്മ, തങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. സിപിഎമ്മിലെ കെ വിനുവാണ് പ്രമേയം അവതരിപ്പിച്ചത്.
ബിജെപി അംഗങ്ങള്‍ വിട്ടുനിന്നതോടെ കോണ്‍ഗ്രസ് പിന്തുണയില്‍ അവിശ്വാസം വിജയിക്കുകയായിരുന്നു. 18 അംഗങ്ങളുള്ള ഭരണസമിതിയില്‍ 12 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു. ഭരണസമിതി നിലവില്‍വന്നതിനുശേഷം ഒട്ടേറെ രാഷ്ട്രീയനാടകങ്ങള്‍ക്ക് വേദിയായ ഇവിടെ കോണ്‍ഗ്രസിനും ബിജെപിക്കും ആറംഗങ്ങള്‍ വീതവും സിപിഎമ്മിന് അഞ്ചംഗങ്ങളും ഒരു കോണ്‍ഗ്രസ് വിമതനുമായിരുന്നു ഉണ്ടായിരുന്നത്.
Also Read-
CPMന്റെ അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണ; ചെന്നിത്തലയില്‍ BJPക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായി
പ്രസിഡന്റ് പദവി പട്ടികജാതി വനിതാസംവരണമാണ്. ഈ വിഭാഗത്തിലുള്ളവര്‍ കോണ്‍ഗ്രസില്‍ ആരുമില്ലായിരുന്നു. അതോടെ സിപിഎമ്മിലെ വിജയമ്മ ഫിലേന്ദ്രന്‍, കോണ്‍ഗ്രസ് പിന്തുണയോടെ പ്രസിഡന്റായി. എന്നാല്‍ കോണ്‍ഗ്രസ് പിന്തുണ വേണ്ടെന്ന നിലപാടിനെ തുടര്‍ന്ന് രാജിവെച്ചു. വീണ്ടും തെരഞ്ഞെടുപ്പു നടന്നപ്പോള്‍ ഇതെല്ലാം ആവര്‍ത്തിക്കുകയും വിജയമ്മ രാജിവെക്കുകയും ചെയ്തു.
മൂന്നാമത്തെ തവണ കോണ്‍ഗ്രസ് വിമതന്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തു. സി.പി.എമ്മിന്റെ ഒരു വോട്ട് അസാധുവാകുകയും കോണ്‍ഗ്രസ് വിട്ടുനില്‍ക്കുകയും ചെയ്തതോടെ ബിജെപിക്ക് ഭരണം ലഭിച്ചു. പിന്നീട് ദിപു പടകത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തില്‍ ചേര്‍ന്ന് എല്‍ഡിഎഫിന്റെ ഭാഗമായതോടെ മൂന്നുമുന്നണികള്‍ക്കും ആറംഗങ്ങള്‍ വീതമായി.
തിരുവൻവണ്ടൂരിൽ സംഭവിച്ചത്....
തിരുവൻവണ്ടൂർ പഞ്ചായത്തിൽ സിപിഎം, കോൺഗ്രസ് പിന്തുണയോടെ സ്വതന്ത്ര അംഗം പി വി സജൻ പ്രസിഡന്റായി. വൈസ് പ്രസിഡന്റായി കോൺഗ്രസ് പിന്തുണയോടെ സിപിഎമ്മിലെ ബീന ബിജു തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയെ ഭരണ സാരഥ്യത്തില്‍ നിന്ന് ഒഴിവാക്കാനായിരുന്നു ഇരുപാർട്ടികളും യോജിച്ചത്.
2020ലെ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം നാലാം തവണയാണ് പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. സജനും ബീനയ്ക്കും എട്ടു വോട്ടുകൾ വീതം ലഭിച്ചു. ബിജെപി സ്ഥാനാർഥികളായിരുന്ന സജു ഇടക്കല്ലിനും കലാ രമേശിനും 5 വീതം വോട്ടുകൾ ലഭിച്ചു. ബിജെപി- 5, സിപിഎം- 4, കോൺഗ്രസ്- 3, സ്വതന്ത്രൻ- 1 എന്നിങ്ങനെയാണ് കക്ഷിനില.
കോൺഗ്രസ് പിന്തുണയോടെ സിപിഎം ഭരിച്ചിരുന്ന പഞ്ചായത്തിൽ ഭരണസമിതിക്കെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയം കഴിഞ്ഞമാസം 29ന് ചർച്ചയ്ക്കെടുക്കും മുൻപേ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവയ്ക്കുകയായിരുന്നു. തുടർന്നാണ് ഇരുസ്ഥാനങ്ങളിലേക്കും ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്. സജനും ബീന ബിജുവും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
Also Read-
BJPയെ മാറ്റിനിർത്താൻ സിപിഎമ്മും കോൺഗ്രസും കൈകോർത്തു; ചെങ്ങന്നൂർ തിരുവൻവണ്ടൂരിൽ സ്വതന്ത്രൻ പ്രസിഡന്റ്
തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ 2020 ഡിസംബർ 30ന് നടന്ന പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പിന്തുണച്ചതോടെ 4 അംഗങ്ങളുള്ള സിപിഎം അധികാരത്തിൽ എത്തി. തൊട്ടുപിന്നാലെ പ്രസിഡന്റ് ബിന്ദു കുരുവിളയും വൈസ് പ്രസിഡന്റ് ബീന ബിജുവും രാജിവച്ചിരുന്നു. തുടർന്നു 2021 ഫെബ്രുവരി 26നു നടന്ന തെരഞ്ഞെടുപ്പിലും ഇതാവർത്തിച്ചു. എന്നാൽ 2021 ഏപ്രിൽ 30നു നടന്ന തെരഞ്ഞെടുപ്പിലും സമാനരീതിയിൽ തിരഞ്ഞെടുക്കപ്പെട്ടതോടെ ഭരണത്തിൽ തുടരാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.
സിപിഎം മഴുക്കീർകീഴ് (നിലവിൽ പ്രാവിൻകൂട്) ബ്രാഞ്ച് അംഗമായിരുന്ന സജനെ തദ്ദേശ തെരഞ്ഞെടുപ്പു സമയത്ത് പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. വിലക്ക് ലംഘിച്ചു മത്സരിക്കാനൊരുങ്ങിയതിന് പുറത്താക്കിയതാണെന്നായിരുന്നു സിപിഎമ്മിന്റെ വിശദീകരണം. തുടർന്നു സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചു.
ആറാം വാർഡായ പ്രാവിൻകൂട്ടിൽ നിന്നാണ് സജൻ സ്വതന്ത്രനായി മത്സരിച്ചു വിജയിച്ചത്. വാർഡിൽ ബിജെപിക്കു സ്ഥാനാർഥി ഉണ്ടായിരുന്നില്ല. കോൺഗ്രസിനും എൽഡിഎഫിനും സ്ഥാനാർഥികളുണ്ടായിരുന്നു താനും. ഫലത്തിൽ ബിജെപിയുടെ വോട്ടുകളും നേടിയാണ് സജന്റെ വിജയമെന്നും പ്രചരിച്ചിരുന്നു.
കോടംതുരുത്തില്‍ അവിശ്വാസത്തിന് നീക്കം തുടങ്ങി
അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയ ജില്ലയിലെ കോടംതുരുത്തു പഞ്ചായത്തില്‍ ഇടതുവലതു പാര്‍ട്ടികള്‍ ഒന്നിച്ചാല്‍ ബിജെപിക്ക് ഭരണം നഷ്ടമാകും. 15 വാര്‍ഡുകളാണ് പഞ്ചായത്തിലുള്ളത്. ബിജെപി-7, കോണ്‍ഗ്രസ്-5, സിപിഎം- 2, സിപിഐ- 1 എന്നിങ്ങനെയാണ് കക്ഷിനില. ബി.ജെ.പി.യുടെ പ്രസിഡന്റ് ബിനീഷ് ഇല്ലിക്കല്‍, വൈസ് പ്രസിഡന്റ് അഖിലാ രാജന്‍ എന്നിവര്‍ക്കെതിരേ കോണ്‍ഗ്രസാണ് വ്യാഴാഴ്ച പട്ടണക്കാട് ബിഡിഒ മുമ്പാകെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്.
നോട്ടീസ് ലഭിച്ചാല്‍ 15 ദിവസത്തിനകം യോഗം വിളിച്ച് അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ അവസരമൊരുക്കണമെന്നാണു ചട്ടം. പ്രമേയത്തെ അനുകൂലിക്കാന്‍ സിപിഎമ്മും സിപിഐയും തയ്യാറായാല്‍ ബിജെപിക്ക് അധികാരം നഷ്ടമാകും.
നേരത്തെ ഇടത് - വലത് മുന്നണികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണു കോടംതുരുത്തില്‍ ബിജെപി അധികാരത്തിലെത്തിയത്. സിപിഎമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന സ്ഥലമാണിത്. നിര്‍ണായകമായ പല കമ്മിറ്റി തീരുമാനങ്ങളും കോണ്‍ഗ്രസും സിപിഎമ്മും സിപിഐയും ഒന്നിച്ചു പാസാക്കിയപ്പോള്‍ പ്രസിഡന്റുള്‍പ്പെടെയുള്ള ബിജെപി അംഗങ്ങള്‍ക്ക് വിയോജിപ്പു രേഖപ്പെടുത്തി ഇറങ്ങിപ്പോകേണ്ടിവന്നിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.