തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം തീവെച്ചതുമായി ബന്ധപ്പെട്ട കേസിൽ ബിജെപി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി വി ജി ഗിരികുമാറിനെ അറസ്റ്റ് ചെയ്തതിനു പിന്നിൽ സിപിഎം ഗൂഢാലോചനയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി സുധീർ. 2018 ഒക്ടോബറിലാണ് സംഭവം നടക്കുന്നത്. നാലര വർഷം രണ്ട് അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തിയിട്ടും കേസിന് തുമ്പ് ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദേഹം ആരോപിച്ചു.
‘കേസിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തെളിവുകളും പ്രാഥമിക ഘട്ടത്തിൽ തന്നെ നശിപ്പിച്ചിരുന്നു. ബിജെപി നേതാക്കൾക്കെതിരെ കള്ള കേസ് ചുമത്തി യഥാർത്ഥ പ്രതികളെ രക്ഷിക്കാൻ പൊലീസ് ശ്രമിക്കുകയാണ്. ഗിരികുമാറിനെ കേസുമായി ബന്ധിപ്പിക്കുന്ന ഒരു തെളിവു പോലും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടില്ല . സിപിഎമ്മിന്റെ ആഞ്ജാനുവർത്തികളായാണ് ക്രൈംബ്രാഞ്ച് പ്രവർത്തിച്ചത്. ലഭ്യമായ തെളിവുകൾ പോലും പരിശോധനയ്ക്ക് വിധേയമാക്കാതെ യഥാർത്ഥ പ്രതികളെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്’, അദേഹം പറഞ്ഞു.
Also read-വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി
നഗരസഭയിലെ സിപിഎമ്മിന്റെ അഴിമതികൾക്കെതിരെ ശക്തമായി നിലപാടുകൾ സ്വീകരിച്ചയാളാണ് ഗിരികുമാർ. സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ പട്ടികജാതി ഫണ്ട് തട്ടിപ്പ് ഉൾപ്പെടെ പുറത്തു കൊണ്ടുവരുന്നത് ഗിരി കുമാറാണ്. ഈ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിനു പിന്നിൽ. സന്ദീപാനന്ദഗിരിയും സിപിഎം നേതൃത്വവുമാണ് ആശ്രമം കത്തിക്കുന്നതിനു പിന്നിൽ പ്രവർത്തിച്ചത്. സത്യസന്ധമായ അന്വേഷണം നടന്നാൽ ഇത് പുറത്തുവരും. ബിജെപി നേതാക്കൾക്കെതിരെ കള്ള കേസ് ചുമത്തി ബിജെപിയെ ദുർബലപ്പെടുത്താമെന്നത് ഇടതു സർക്കാരിന്റെ വ്യാമോഹമാണെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ പാർട്ടി സംഘടിപ്പിക്കുമെന്നും സുധീർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.