തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ (Arif Mohammad Khan) പരസ്യമായി വിമർശിച്ച് സിപിഎം. ബോധപൂർവം കൈവിട്ട കളിയാണ് ഗവർണർ നടത്തുന്നതെന്ന് സിപിഎം നേതൃയോഗങ്ങൾക്കു ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചു. ഗവർണർക്ക് സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാനുള്ള ബാധ്യതയുണ്ട്. ഗവർണറുടെ നിലപാട് ദുരൂഹമെന്നും കോടിയേരി വിമർശിച്ചു.
''സാധാരണ രീതിയിൽ പാടില്ലാത്ത തരത്തിലുള്ള ഇടപെടലാണ് ഗവർണർ നടത്തുന്നതെന്ന് ഓർഡിനൻസുകൾക്ക് അംഗീകാരം നൽകാത്ത ഗവർണറുടെ നടപടിയെ വിമർശിച്ചുകൊണ്ട് കോടിയേരി പറഞ്ഞു. ഗവർണറുടെ നിലപാടുകൾ ജനാധിപത്യ വിരുദ്ധമാണ്. സംസ്ഥാന സർക്കാരും ഗവർണറും യോജിച്ചു പോകേണ്ട ഭരണഘടനാ സ്ഥാപനങ്ങളാണ്. എന്നാൽ, അങ്ങനെയുള്ള പ്രവർത്തനമല്ല ഗവർണറുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. അത്തരം നടപടികൾ ജനാധിപത്യ പ്രക്രിയയെ ദുർബലപ്പെടുത്തും. ഗവർണറുടെ പരസ്യമായ അഭിപ്രായങ്ങളോട് ഇതുവരെ പാർട്ടി പ്രതികരിച്ചിട്ടില്ല. കടുത്ത നിലപാടിലേക്ക് ഗവർണർ വന്നതുകൊണ്ടാണ് ഇപ്പോൾ പാർട്ടിയും പരസ്യമായി അഭിപ്രായം പറയുന്നത്.’ - കോടിയേരി പറഞ്ഞു.
''മറ്റു സംസ്ഥാനങ്ങളിൽ ഗവർണറെ ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ ഭരണം അട്ടിമറിച്ചിട്ടുള്ളത്. സമാനമായ സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കാനുള്ള ചില നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോകായുക്ത ഭേദഗതി ഓർഡിനൻസ് ഉൾപ്പെടെ 11 ഓർഡിനൻസുകളിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമസഭ കൂടേണ്ട സ്ഥിതിയാണ്. ഗവർണറുടെ സമീപനം കേരളത്തിൽ പരിചയമില്ലാത്തതാണ്. ഓർഡിനൻസിന് അനുമതി നൽകാതിരിക്കുമ്പോൾ അതിന്റെ കാരണവും വ്യക്തമാക്കണം. സുപ്രീം കോടതിക്കോ ഹൈക്കോടതിക്കോ ഇല്ലാത്ത അധികാരമാണ് ലോകായുക്തയ്ക്കുള്ളത്. ആ അധികാരം കൊടുക്കേണ്ടതുണ്ടോ എന്നാണ് ഉയരുന്ന ചോദ്യം''- കോടിയേരി ചൂണ്ടിക്കാട്ടി.
''മന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് പാർട്ടി ആലോചിച്ചിട്ടില്ല. മന്ത്രിമാരുടെ മൊത്തം പ്രവര്‍ത്തനങ്ങളാണ് നേതൃയോഗങ്ങളിൽ പരിശോധിച്ചത്. മന്ത്രിമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ പാർട്ടി നൽകും. മന്ത്രിമാർ കൂടുതൽ സജീവമാകണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. ലോകായുക്ത വിഷയത്തിൽ സിപിഐയുമായി നേരത്തെ ചർച്ച നടത്തി. അവരുമായി ചർച്ച ചെയ്തേ തീരുമാനമെടുക്കൂ.''- കോടിയേരി പറഞ്ഞു.
''ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് വിമർശനം ഉണ്ടാകാത്ത കാലഘട്ടം ഉണ്ടായിട്ടില്ല. എല്ലാക്കാലത്തും പൊലീസ് വിമർശനത്തിന് വിധേയരാണ്. ബാലഗോകുലത്തിന്റെ പരിപാടിയിൽ പങ്കെടുത്ത കോഴിക്കോട് മേയറുടെ നടപടി തെറ്റാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടുണ്ട്. നാട്ടിൽ നടക്കുന്ന പരിപാടികൾക്കെല്ലാം പോകണമെന്നാണ് ചില മേയർമാരുടെ ധാരണ. പരസ്യവാചകങ്ങളുടെ പേരിൽ സിനിമ ബഹിഷ്ക്കരണമെന്നത് സിപിഎമ്മിന്റെ അഭിപ്രായമല്ല. സമൂഹമാധ്യമങ്ങളിൽ എഴുതുന്നതെല്ലാം സിപിഎം നിലപാടല്ല''- കോടിയേരി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kerala governor Arif Mohammad Khan, Kodiyeri balakrishnan