കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 79 പേർക്ക്; പാലക്കാട് ഒരാൾ മരിച്ചു
- Published by:Vishnupriya S
- news18-malayalam
Last Updated:
കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്
തിരുവനന്തപുരം: മഴക്കാലത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഡെങ്കിപ്പനി കേസുകൾ വീണ്ടും കൂടി. ഇന്നലെ 79 പേർക്കാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. അതേസമയം, പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിന്നു. ഇന്ന് രാവിലെയാണ് മരണം സ്ഥിരീകരിച്ചത്.
ഡെങ്കിപ്പനി രോഗലക്ഷണം കണ്ടെത്തിയവരുടെ എണ്ണം 276 ആണ്. എറണാകുളത്ത് വ്യാപകമായി പനി പടർന്നു പിടിക്കുന്ന സാഹചര്യമാണ്. 33 പേർക്കാണ് എറണാകുളത്ത് മാത്രം ഡെങ്കിപ്പനി ബാധ സ്ഥിരീകരിച്ചത്. അതേസമയം,സംസ്ഥാനത്ത് ആകെ അഞ്ച് എലിപ്പനി കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒരാളുടെ മരണവും സ്ഥിരീകരിച്ചു. 11,123 പേരാണ് ഇന്നലെ പനി ബാധിച്ചു ചികിത്സ തേടിയത്. 43 പേരിൽ ചിക്കൻപോക്സ്, 17 പേരിൽ മഞ്ഞപ്പിത്തം, 2 പേർക്ക് മലേറിയ എന്നിവ സ്ഥിരീകരിച്ചു.
advertisement
കുട്ടികളിൽ ബാധിക്കുന്ന മുണ്ടിനീര് ഒരാൾക്ക് സ്ഥിരീകരിച്ചു. അതേസമയം, സംസ്‌ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഡെങ്കിപ്പനി മുൻകരുതലുകൾ എടുക്കണം. എറണാകുളം, തിരുവനന്തപുരം ഉൾപ്പടെയുള്ള ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്‌തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു.
ഇതുകൂടാതെ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളും ആരോഗ്യ ജാഗ്രതാ കലണ്ടർ പ്രകാരമുള്ള ആരോഗ്യ വകുപ്പിന്റെ പ്രവർത്തനങ്ങളും നടന്നു വരുന്നുണ്ട്. കൊതുക് നശീകരണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകണം.വീടിന്റെ പുറത്തും അകത്തും ചെറുതും വലുതുമായ ഇടങ്ങളിൽ വെള്ളം കെട്ടി നിൽക്കാതെ നോക്കണം. അലക്ഷ്യമായി വലിച്ചെറിയുന്ന പ്‌ളാസ്‌റ്റിക്, ചിരട്ട മുതലായവയിൽ വെള്ളം കെട്ടി നിന്ന് കൊതുക് വളരാം. വീടിനകത്തെ ചെടികൾ വെക്കുന്ന ട്രേ കൊതുകിന്റെ ഉറവിടം ആവാറുണ്ട്.
advertisement
അതിനാൽ ചെടി ചട്ടികളിലേയും ഫ്രിഡ്‌ജിലേയും ട്രേയിലെ വെള്ളം ആഴ്‌ച തോറും മാറ്റാനും മന്ത്രി നിർദ്ദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്‌ഥലങ്ങൾ, ആശുപത്രികൾ, ഹോസ്‌റ്റലുകൾ കൃത്യമായി ശുചീകരിക്കണം. അതിഥി തൊഴിലാളികളുടെ താമസ സ്‌ഥലങ്ങളും പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചാൽ സ്വയം ചികിൽസ പാടില്ല. നീണ്ടുനിൽക്കുന്ന പനി ശ്രദ്ധിക്കണം. പനി ബാധിച്ചാൽ മറ്റു പകർച്ചപ്പനികൾ അല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 17, 2023 2:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; ഒറ്റ ദിവസം സ്ഥിരീകരിച്ചത് 79 പേർക്ക്; പാലക്കാട് ഒരാൾ മരിച്ചു