'നായ്ക്കൾ ജനിക്കുന്നത് അപകടകാരികളായല്ല;ഈ സമൂഹമാണ് അവരെ അക്രമകാരികളാക്കുന്നത്': കേരള ഹൈക്കോടതി
- Published by:Rajesh V
- news18-malayalam
Last Updated:
നായ്ക്കളെ പിടികൂടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ശരിയായ വഴിയെന്നും എ കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കൊച്ചി: തെരുവ് നായ്ക്കളെ അപകടകാരികളാക്കുന്നത് എന്താണ്? ഈ ചോദ്യം നിങ്ങൾ കേരള ഹൈക്കോടതിയോട് ചോദിച്ചാൽ 'സാഹചര്യങ്ങൾ' എന്നായിരിക്കും ഉത്തരം. മനുഷ്യനെ പോലെ തന്നെ നായ്ക്കളുടെ സ്വഭാവവും സാഹചര്യങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും. ''ഒരു നായയയെ അപകടകാരിയാക്കുന്നത് സാഹചര്യങ്ങളാണ്. തെരുവ് നായകൾ ജനിക്കുന്നതുതന്നെ അപകടകാരികളായാണ് എന്നത് മിഥ്യയാണ്''- തൃക്കാക്കര മുനിസിപ്പാലിറ്റിയിൽ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയെന്ന പരാതി പരിഗണിക്കവെ ഹൈക്കോടതി പരാമർശിച്ചു.
തെരുവ് നായ്ക്കളെ കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്തു കൊണ്ടല്ല ജനങ്ങൾക്ക് സുരക്ഷ ഒരുക്കേണ്ടത്. നായ്ക്കളെ പിടികൂടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ശരിയായ വഴിയെന്നും എ കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
തെരുവ് നായ്ക്കളുടെ ഭീഷണി നേരിടുന്ന പ്രദേശവാസികളുടെ താൽപ്പര്യങ്ങളും മൃഗങ്ങളുടെ ക്ഷേമവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തണമെന്ന് കോടതി പറഞ്ഞു. നഗരസഭയുടെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരിൽ ഒരാൾ സ്വന്തം പോക്കറ്റിൽ നിന്ന് പണം ചെലവാക്കി നായ്ക്കൾക്ക് വിഷം വാങ്ങിച്ചുവെന്ന മുനിസിപ്പാലിറ്റിയുടെ വാദങ്ങളിൽ സംശയം പ്രകടിപ്പിച്ച കോടതി, സ്വകാര്യ സംഘടനകൾ നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രങ്ങളെ കണ്ടെത്തി തെരുവ് നായ്ക്കളെ പിടികൂടി അഭയം നൽകണമെന്നും മുനിസിപ്പാലിറ്റിയോട് നിർദ്ദേശിച്ചു.
advertisement
അത്തരം മൃഗസംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി ഇപ്പോൾ മുനിസിപ്പാലിറ്റിക്ക് ഫണ്ട് ചെലവഴിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. എല്ലാ ജില്ലകളിലും സർക്കാർ -സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന മൃഗസംരക്ഷണ കേന്ദ്രങ്ങളുടെ വിശദാംശങ്ങൾ നൽകാൻ കേരള സർക്കാരിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.
കേസിൽ ഓഗസ്റ്റ് ആറിന് കോടതി വീണ്ടും വാദം കേൾക്കും. നായ്ക്കളിലെ വിഷബാധ സംബന്ധിച്ച ഒരു വീഡിയോ ശ്രദ്ധയിൽ പെട്ടതോടെയാണ് കോടതി വിഷയം ഏറ്റെടുത്തത്. സംഭവത്തെ കുറിച്ച് നഗരസഭയോട് വിശദീകരണം തേടിയ കോടതി, മേലാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശിച്ചു. ഇക്കാര്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് തിങ്കളാഴ്ച നഗരസഭ കോടതിയെ അറിയിച്ചിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ പ്രതിക്കൂട്ടിൽ നിർത്തുകയാണ് നഗരസഭ ചെയ്തത്. നഗരസഭാ ചെയർപേഴ്സണിൽ നിന്നും സെക്രട്ടറിയിൽ നിന്നും കേസ് വഴിതിരിച്ചുവിടുന്നതിനായി കുറ്റം തന്നെ കള്ളക്കേസിൽ പെടുത്തുകയായിരുന്നുവെന്നാണ് ജാമ്യാപേക്ഷയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പറഞ്ഞത്. സെക്രട്ടറിയും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനും ചെയർപേഴ്‌സനുമാണ് തെരുവ് നായ്ക്കളെ കൊന്ന സംഘത്തെ നിയമിച്ചതെന്ന് അദ്ദേഹം ജാമ്യ ഹർജിയിൽ ആരോപിച്ചു.
advertisement
കഴിഞ്ഞ മാസം, പൊലീസ് സേനയിൽ നിന്ന് വിരമിക്കുന്ന നായയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മെഡൽ സമ്മാനിക്കുന്ന ഒരു പഴയ വീഡിയോ വീണ്ടും വൈറലായിരുന്നു. 2019 ഡിസംബറിൽ നിന്നുള്ള വീഡിയോയിൽ, വിരമിക്കുന്ന നായ മുഖ്യമന്ത്രിയുടെ മുൻപിൽ കാലുകൾ വച്ചുകൊണ്ട് കുമ്പിടുന്നതും തുടർന്ന് ബഹുമതിയുടെ മെഡൽ സ്വീകരിക്കാൻ എഴുന്നേൽക്കുന്നതും കാണാം. ഒപ്പമുള്ള പൊലീസ് ഓഫീസർ മെഡൽ സ്വീകരിക്കാൻ പൊലീസ് നായയെ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 04, 2021 8:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'നായ്ക്കൾ ജനിക്കുന്നത് അപകടകാരികളായല്ല;ഈ സമൂഹമാണ് അവരെ അക്രമകാരികളാക്കുന്നത്': കേരള ഹൈക്കോടതി