നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും നീതി കിട്ടിയില്ല'; രാജിവെക്കുന്നതായി ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ മർദനമേറ്റ ഡോക്ടർ

  'ഇടതുപക്ഷ പ്രവർത്തകനായിട്ടുപോലും നീതി കിട്ടിയില്ല'; രാജിവെക്കുന്നതായി ഡ്യൂട്ടിക്കിടെ പൊലീസുകാരന്റെ മർദനമേറ്റ ഡോക്ടർ

  സംഭവത്തില്‍ പൊലീസുകാരനെതിരെ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്.

  ഡോ. രാഹുൽ മാത്യു

  ഡോ. രാഹുൽ മാത്യു

  • Share this:
   ആലപ്പുഴ: കോവിഡ് ഡ്യൂട്ടിക്കിടയില്‍ മര്‍ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടറുടെ രാജി. രാജിവെയ്ക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്കിലൂടെ അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രനാണ് ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ചികിത്സയില്‍ വീഴ്ചയുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

   മെയ് 14നാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറായ രാഹുല്‍ മാത്യുവിനെ സിപിഒ അഭിലാഷ് മര്‍ദിച്ചത്. അഭിലാഷിന്റെ മാതാവിന് ഗുരുതരമായി കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ഇതേ തുടര്‍ന്ന് മാതാവിന്റെ മരണം കഴിഞ്ഞ് തൊട്ടടുത്ത ദിവസമാണ് അഭിലാഷ് ആശുപത്രിയില്‍ എത്തി രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്.

   സംഭവത്തില്‍ അഭിലാഷിനെതിരേ കേസ് എടുത്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ 40 ദിവസമായി മാവേലിക്കരയില്‍ സമരത്തിലാണ്. എന്നാല്‍ ഇതുവരേയും ഒരുതരത്തിലുള്ള നടപടിയുമില്ലെന്നാണ് രാഹുല്‍ മാത്യു ആരോപിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം സര്‍വീസില്‍ നിന്ന് രാജി വെച്ചിരിക്കുന്നത്.

   ഉമ്പർനാട് അഭിലാഷ് ഭവനം ലാലിയാണ് മരിച്ചത്. ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായിരുന്ന അഭിലാഷ് ഡോ. രാഹുലിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. അഭിലാഷിനെ കസ്റ്റഡിയിൽ എടുക്കാത്തതിനെ തുടർന്ന് കെജിഒഎംഒയുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരുന്നു.

   തനിക്ക് നേരിടേണ്ടിവന്ന ആക്രമണത്തെ കുറിച്ച് ഡോക്ടർ പറയുന്നത്...

   ‘മാവേലിക്കര ജില്ലാ ആശുപത്രിയിൽ കോവിഡ് ചികിത്സ ഇല്ല, അവിടുത്തെ കോവിഡ് പ്രവർത്തനങ്ങൾ പ്രധാനമായും വാക്സിനേഷനും സ്വാബ് ടെസ്റ്റുമാണ്. സ്റ്റാഫിന്റെ കുറവ് മൂലം അത് രാവിലെ എട്ട് മുതൽ വൈകിട്ട് എട്ടു വരെയാണ്. എന്നാൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ രാത്രിയിൽ ചികിത്സ തേടി വരുന്നവരെ നോക്കാറുണ്ട്. അതിന് ഒരു പ്രോട്ടോക്കോൾ ഉണ്ട്, ഹെൽത്ത് സർവീസിലുള്ളവർ, തദ്ദേശ സ്വയം ഭരണസ്ഥാപന അംഗങ്ങളായ പഞ്ചായത്ത് മെംബർ, പ്രസിഡന്റ്, വാർഡ് കൗൺസിലർ എന്നിവർ അറിയിച്ചാൽ ക്വാറന്റീനിലുള്ള രോഗികളെ നോക്കും. പലപ്പോഴും മാനസിക സമ്മർദ്ദം കൂടിയിട്ടാവും രോഗികൾ എത്തുന്നത്. അവരെ സമാധാനിപ്പിച്ച് വീട്ടിലേക്ക് വിടുക, നില ഗുരുതരമാണെങ്കിൽ മെഡിക്കൽ കോളജിലേക്കും മറ്റും മാറ്റുക തുടങ്ങിയവയാണ് വാർഡ് ഡ്യൂട്ടിയിലുള്ള എന്റെ പ്രാഥമിക ജോലി. ശസ്ത്രക്രിയ കഴിഞ്ഞവരുടെ കാര്യങ്ങളും ചെങ്ങന്നൂർ ആശുപത്രിയിലെ ഡയാലിസിസിന്റെ ചാർജും ഇവിടെയാണ്. അതും നോക്കണം.

   മേയ് 14 ന് വാർഡിലെ ഡ്യൂട്ടി സമയത്ത് 4.21 ന് കാഷ്വാലിറ്റിയിൽ വലിയ ബഹളം കേട്ടു, അതേ സമയത്ത് കാഷ്വാലിറ്റി എംഒയുടെ കോളും വന്നു. ഫുൾ പിപിഇ കിറ്റ് ഇടാൻ സമയം ഇല്ലാത്തതു കൊണ്ട് സർജിക്കൽ ഗൗണും ഡബിൾ ഗ്ലൗവ്സും മാസ്ക്ക് ഷീൽഡും വച്ച് ഞാൻ അവിടെ ചെന്നു. വല്ലാത്ത അന്തരീക്ഷമായിരുന്നു അവിടെ. ഒരു രോഗി കട്ടിലിൽ കിടക്കുന്നു. ചുറ്റും മൂന്നുനാലു പേരുണ്ട്. കസേരകളും മേശയും മറിച്ച് ഇട്ടിരിക്കുന്നു. രോഗിയുടെ കൂടെയുള്ള ആൾ എന്നോടു പറഞ്ഞു, ‘‘നീ ആദ്യം ജീവനുണ്ടോ എന്ന് നോക്കൂ. വേറേ കൂടുതലൊന്നും ചെയ്യാൻ നിൽക്കണ്ട, ബാക്കി പണി ഞങ്ങൾ ചെയ്തോളാം.’’

   അവരുടെ കൂടെ ഉണ്ടായിരുന്ന ആൾ ഹരിപ്പാട് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റാണ്, അതൊരു കോവിഡ് ആശുപത്രിയാണ്. ഇവിടെ ഡോക്ടർ ഇല്ലേ എന്നൊക്കെ ആ സ്ത്രീ ചോദിക്കുന്നുണ്ടായിരുന്നു. രോഗിയെ കൊണ്ടു വന്നപ്പോൾത്തന്നെ ഡോക്ടർ അവിടെ ഇല്ല എന്ന രീതിയിലായിരുന്നു അവർ സംസാരിക്കുന്നത്.   വാർധക്യ രോഗങ്ങളുമായി കിടപ്പായിരുന്ന രോഗിയായിരുന്നു. കോവിഡ് പോസീറ്റിവായെന്നു പറഞ്ഞ് മുമ്പ് ആശുപത്രിയിലേക്കു വിളിച്ചപ്പോൾ അവരെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞിരുന്നു. ബാത്ത്റൂമിൽ പോകാൻ ബുദ്ധിമുട്ടാണ്, അച്ഛനും അമ്മയും പോസിറ്റീവാണ്, അതുകൊണ്ട് ഞങ്ങൾ വീട്ടിൽത്തന്നെ ഇരുന്ന് നോക്കുകയാണെന്നായിരുന്നു അവരുടെ മറുപടി. അവരുടെ കൈയിൽ പൾസ് ഓക്സി മീറ്റർ ഉണ്ടായിരുന്നു. തലേ ദിവസം നോക്കുമ്പോൾ മീറ്ററിൽ 75 ഒക്കെയെ കാണുന്നുള്ളു. ഇവർ ആരെയോ വിളിച്ചു ചോദിച്ചു. അവർ പറഞ്ഞു കമിഴ്ത്തി കിടത്തൂ, ചൂടുവെള്ളം കൊടുക്കൂ, ആവി പിടിക്കൂ എന്നൊക്കെ. അതൊക്കെ ചെയ്തിട്ടും പന്ത്രണ്ട് മണിയോടു കൂടി ഓക്സി മീറ്ററിൽ റെക്കോർഡിങ് കാണുന്നില്ല. ആ സമയത്താണ് ഈ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാൻ ഭർത്താവ് ശ്രമിക്കുന്നത്. ആംബുലൻസ് എത്താൻ താമസിക്കുയും ചെയ്തു. ഇതൊക്കെ ആ സമയത്ത് അവരുടെ ഭർത്താവ് തന്നെ എന്നോടു പറഞ്ഞതാണ്. ‘സാർ ഒന്ന് നോക്ക്, ജീവൻ രക്ഷിക്കാൻ പറ്റുമെങ്കിൽ നോക്കൂ’ എന്നു പറഞ്ഞു. ഞാൻ നോക്കുമ്പോൾ ആൾ മരിച്ചിരുന്നു. മരിച്ചയാളെ ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ. ക്വാറന്റീനിൽ ഇരുന്ന രോഗിയുടെ കോവിഡ് മരണമാണെന്ന് പൊലീസിൽ അറിയിച്ചു.

   മൂന്നു മണിക്കൂറിനു ശേഷം ബോഡി റിലീസ് ചെയ്യുന്നതിനുള്ള കാര്യങ്ങൾ നടക്കുമ്പോൾ ഡ്യൂട്ടി റൂമിലേക്കു വന്ന ഒരാൾ എന്നോട് ചോദിക്കുന്നു: ‘നിങ്ങളാണോ എന്റെ അമ്മയെ നോക്കിയ ഡോക്ടർ?’

   ഞാൻ പറഞ്ഞു: ‘അതേ’

   അയാളെന്റെ കഴുത്തിന് കുത്തിപ്പിടിച്ച്, ചെവിക്കുറ്റിക്ക് രണ്ട് അടി, നെഞ്ചിൽ നാല് കുത്ത്. നീ എന്റെ അമ്മയെ കൊന്നില്ലേടാ എന്നു ചോദിച്ച് ബഹളം ആരംഭിച്ചു.

   പരാതി എന്തെങ്കിലും ഉണ്ടെങ്കിൽ കൊടുക്കാനുള്ള സൗകര്യമുണ്ട്, എന്റെ ദേഹത്ത് എന്തിനാണ് തൊടുന്നത് എന്നു ഞാൻ ചോദിച്ചു.

   അപ്പോൾ കൂടെയുള്ളയാൾ ‘വിഡിയോ എടുക്കടാ’ എന്ന് പറയുന്നുണ്ട്. നീ തിരിച്ച് അടിച്ചോ എന്നും പറയുന്നുണ്ട്. അടിക്കാൻ വരുന്ന ആൾ തിരിച്ചടിച്ചോ എന്നു പറയുന്നത് ശരിയല്ല എന്നു തോന്നി, സംയമനം പാലിച്ച്, ദേഹത്തു തൊട്ടത് ശരിയായില്ല എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി എന്നെ പ്രകോപിപ്പിച്ച്, തിരിച്ചടിക്കുന്ന ഒരു വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മാധ്യമ വിചാരണയ്ക്കുള്ള ശ്രമമാണെന്ന്.

   കൊല്ലത്ത് ഇതുപോലെയൊരു ഡോക്ടറുടെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതിനെത്തുടർന്ന് എന്റെ സുഹൃത്തായ ഡോക്ടർ ആത്മഹത്യ ചെയ്യുകയുണ്ടായി. നമ്മുടെ കരിയറും ജോലിയും എല്ലാം നശിപ്പിക്കുക എന്ന കൃത്യമായ പ്ലാനിങ്ങോടെ നടന്ന ഒരു സംഭവമാണ്. അല്ലാതെ വൈകാരികതയുടെ പുറത്ത് അങ്ങനെ സംഭവിച്ചതല്ല, വൈകാരികതയുടെ പുറത്താണെങ്കിലും അത് സമ്മതിച്ചു കൊടുക്കാൻ പാടില്ല. വൈകാരികത നിയന്ത്രിക്കാൻ മനുഷ്യരായ നമ്മൾ പഠിക്കണമല്ലോ? ഇത് പൊലീസിൽ അറിയിച്ചു, പൊലീസ് വന്ന് എഫ്ഐആർ ഇട്ടു. കേസ് റജിസ്റ്റർ ചെയ്ത് ആളെ കൊണ്ടുപോയി. പ്രൈമറി കോണ്ടാക്റ്റായതു കൊണ്ട് അറസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു. ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവായി. കഴിഞ്ഞ മാസം 14 ന് നടന്ന സംഭവമാണ്.'
   Published by:Rajesh V
   First published:
   )}