മെയ് ഒമ്പതിന് പുലർച്ചെ നാലരയോടെയാണ് കൊല്ലം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ച് ഹൌസ് സർജനായ ഡോ. വന്ദനയ്ക്ക് അക്രമിയുടെ കുത്തേൽക്കുന്നത്. പൊലീസ് ചികിത്സയ്ക്കായി എത്തിച്ച ഓടനാവട്ടം ചെറുകരക്കോണം സ്വദേശിയും സ്കൂൾ അധ്യാപകനുമായിരുന്ന സന്ദീപ് എന്നയാളാണ് സർജിക്കൽ കത്രിക ഉപയോഗിച്ച് ഡോ. വന്ദന ഉൾപ്പടെയുള്ളവരെ കുത്തി പരിക്കേൽപ്പിച്ചത്. കഴുത്തിലും മുതുകത്തുമായി പതിനൊന്നോളം കുത്തേറ്റ ഡോ. വന്ദനയെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഇവിടെനിന്ന് ഏകദേശം ഒരുമണിക്കൂറിനകം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ രാവിലെ 8.25ഓടെ ഡോ. വന്ദന മരിച്ചു. ഡ്യൂട്ടിയ്ക്കിടെ ഡോക്ടർ ചികിത്സയ്ക്ക് എത്തിച്ചയാളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ വേദനയും ഞെട്ടലും ആരോഗ്യപ്രവർത്തകരുടെയും പൊതുസമൂഹത്തിന്‍റെയും ഉറക്കം കെടുത്തുന്നതാണ്. ഈ സംഭവത്തിൽ ശക്തമായ പ്രതിഷേധമാണ് അവർ രേഖപ്പെടുത്തിയത്. ഡോ. വന്ദനയ്ക്ക് വേഗത്തിൽ വിദഗ്ദ ചികിത്സ ലഭ്യമാക്കിയിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന അഭിപ്രായവും ആരോഗ്യവിദഗ്ദർക്കുണ്ട്. അതുകൊണ്ടുതന്നെ ഡോ. വന്ദനയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ മോർട്ടാലിറ്റി ഓഡിറ്റ് നിർബന്ധമായി നടപ്പാക്കണമെന്നും ഡോക്ടർമാർ ഉൾപ്പടെയുള്ള വിദഗ്ദർ നിർദേശിക്കുന്നു. രോഗിക്ക് ലഭ്യമാക്കിയ ചികിത്സ കൃത്യമായി വിലയിരുത്തി, ഭാവിയിലെ സമാനസംഭവങ്ങളിൽ മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കാനും ജീവൻ രക്ഷിക്കാനും ഇത് സഹായിക്കും.
ഡോ. വന്ദന ആക്രമിക്കപ്പെട്ടതിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന ആരോപണം ഇതിനോടകം ശക്തമാണ്. ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് പൊലീസിനെ വിമർശിച്ചത്. എന്നാൽ അതിനൊപ്പം ഡോ. വന്ദനയ്ക്ക് ലഭ്യമായ ചികിത്സയിൽ വീഴ്ചയുണ്ടായോ എന്ന കാര്യവും പരിശോധിക്കപ്പെടണമെന്നാണ് ആരോഗ്യപ്രവർത്തകർക്കിടയിൽനിന്ന് ആവശ്യം ഉയരുന്നത്. ഇതിനായി മോർട്ടാലിറ്റി ഓഡിറ്റോ ക്ലിനിക്കൽ ഓഡിറ്റോ എല്ലാ ആശുപത്രികളിലും നിർബന്ധമാക്കണമെന്നും വിദഗ്ദർ പറയുന്നു.
എന്താണ് മോർട്ടാലിറ്റി ഓഡിറ്റ്?
ആശുപത്രികളിൽ സൂക്ഷിക്കുകയും ബന്ധപ്പെട്ട ഡോക്ടർമാർ പൂരിപ്പിച്ചു നൽകുകയും ചെയ്യുന്ന ഒന്നാണ് മോർട്ടിലിറ്റി ഓഡിറ്റ് ഫോം. ഡെത്ത് റിവ്യൂ എന്ന പേരിലും മോർട്ടാലിറ്റി ഓഡിറ്റ് അറിയപ്പെടുന്നു. ഒരു രോഗിയുടെ മരണത്തിലേക്ക് നയിച്ച കാരണങ്ങളും ഘടകങ്ങളും രേഖപ്പെടുത്തുകയാണ് മോർട്ടാലിറ്റി ഓഡിറ്റിൽ ചെയ്യുന്നത്. ഒരു രോഗിയുടെ മരണകാരണം വ്യക്തമായി രേഖപ്പെടുത്തുന്നതിലൂടെ ഭാവിയിൽ സമാനമായ മരണങ്ങൾ തടയാനാകുന്ന പ്രവർത്തനങ്ങളെ തിരിച്ചറിയുന്നതിനും അത് അവലോകനം ചെയ്യുന്നതിനും സഹായിക്കുന്നതിനുള്ള മാർഗമാണ് ഡെത്ത് റിവ്യൂ അല്ലെങ്കിൽ മോർട്ടാലിറ്റി ഓഡിറ്റ്. മരണപ്പെട്ട രോഗിക്ക് നൽകിയ ചികിത്സ കൃത്യമായി വിലയിരുത്തുന്നതിനും, ഭാവിയിൽ കൂടുതൽ മെച്ചപ്പെട്ട പരിചരണം ഉറപ്പാക്കുന്നതിനും ഇത് സഹായിക്കും. എന്നാൽ സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ആശുപത്രികളിൽ മോർട്ടാലിറ്റി ഓഡിറ്റ് കാര്യക്ഷമമായി നടക്കുന്നുണ്ടോയെന്ന സംശയവും ചില ഡോക്ടർമാർ പ്രകടിപ്പിക്കുന്നു. രാജ്യത്തെ പ്രശസ്തമായ വൻകിട ആശുപത്രികളിലൊക്കെ മോർട്ടാലിറ്റി ഓഡിറ്റ് കൃത്യമായി ചെയ്യാറുണ്ടെന്നും ഇവർ പറയുന്നു
മരണകാരണം ന്യൂമോതൊറാസിക് ആണോ?
ഡോ. വന്ദനയുടെ മരണകാരണം എന്താണെന്ന് വ്യക്തമാകുന്ന അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. കഴുത്തിലും മുതുകത്തും തലയിലുമേറ്റ പതിനൊന്നോളം കുത്തുകളാണ് മരണത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ട്. മുതുകത്ത് ഏറ്റ കുത്ത് ശ്വാസകോശത്തിലേക്ക് തുളഞ്ഞുകയറിയതായും വ്യക്തമായിരുന്നു. ഇത് മരണകാരണമായതായാണ് ഡോക്ടർമാരുടെ നിഗമനം. ഈ സാഹചര്യത്തിൽ ഡോ. വന്ദനയുടെ ആരോഗ്യസ്ഥിതി ഗുരുതരമാക്കിയത് ന്യൂമോതൊറാസിക് എന്ന അവസ്ഥയായിരിക്കാമെന്നും ഡോക്ടർമാർ സംശയം പ്രകടിപ്പിക്കുന്നു.
Also Read- ഡോ. വന്ദനദാസിന്‍റെ മരണകാരണം തലയിലും മുതുകിലുമേറ്റ കുത്തുകൾ; ശരീരത്തിൽ 23 മുറിവുകൾ
ഇതേക്കുറിച്ച് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു മുതിർന്ന ഡോക്ടർ ന്യൂസ് 18നോട് പറഞ്ഞത് ഇപ്രകാരമാണ്, ‘ഏതെങ്കിലും മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് ശരീരത്തിൽ ഏൽക്കുന്ന കുത്ത് ശ്വാസകോശത്തിലേക്ക് തുളഞ്ഞുകയറിയാൽ, അതിനുള്ളിലുള്ള വായു പുറത്തേക്കുവരികയും ശ്വാസകോശത്തിന് ചുറ്റുമായി തങ്ങിനിൽക്കുകയും ചെയ്യുന്നു. ഇതാണ് ന്യൂമോതൊറാസിക് എന്നറിയപ്പെടുന്നത്. ഇതിനൊപ്പം കുത്ത് മൂലമുള്ള ആന്തരികരക്തസ്രാവവുമുണ്ടാകും. എന്നാൽ ആശുപത്രിയിൽവെച്ച് ശരീരത്തിനുള്ളിലേക്ക് ഒരു ഐസിഡി ട്യൂബ് സ്ഥാപിച്ച് തങ്ങിനിൽക്കുന്ന ഈ വായുവിനെ പുറത്തേക്ക് കടത്തിവിടാൻ കഴിഞ്ഞാൽ രോഗിയുടെ ജീവൻ രക്ഷിക്കാനാകും. ഇത്തരത്തിൽ തങ്ങിനിൽക്കുന്ന വായു പുറത്തേക്ക് പോകുന്നത് രോഗിക്ക് ഏറെ ആശ്വാസം പകരും. ഇങ്ങനെ ചെയ്താൽ, ആന്‍റിബയോട്ടിക് മരുന്നുകൾ ഉപയോഗിച്ച് ശ്വാസകോശത്തിനുണ്ടാകുന്ന മുറിവും ക്ഷതവും ഒന്നോ രണ്ടോ ആഴ്ചകൊണ്ട് സുഖപ്പെടുത്താനും കഴിയും’.
വിദഗ്ദരായ ഡോക്ടർമാർക്ക് അനായാസം ഇത്തരത്തിൽ ഐസിഡി ട്യൂബ് ഘടിപ്പിക്കാനാകും. എന്നാൽ പലപ്പോഴും, നമ്മുടെ സർക്കാർ-സ്വകാര്യ ആശുപത്രികളിലെ അത്യാഹിതവിഭാഗങ്ങളിലുള്ള ഡോക്ടർമാർക്ക് ഇതുസംബന്ധിച്ച് കൃത്യമായ പരിശീലനം ലഭിച്ചിട്ടുണ്ടോയെന്നത് സംശയമാണ്. ഇക്കാര്യം കൃത്യമായി പാലിക്കപ്പെട്ടാൽ നിരവധി ജീവനുകൾ രക്ഷിക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു.
ഡോക്ടർ വന്ദനയുടെ മരണത്തിലേക്ക് നയിച്ചത് എന്താണെന്ന് വ്യക്തമാകാൻ അന്തിമ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ട്. എന്നാൽ കൊല്ലം പോലെയുള്ള പ്രധാന മെഡിക്കൽ കോളേജോ അത്യാധുനിക സംവിധാനങ്ങളുള്ള സ്വകാര്യ ആശുപത്രികളോ ഇല്ലാത്ത ജില്ലകളിൽനിന്ന് ഏറെ അത്യാഹിതമായ നിലയിൽ ഒരു രോഗിയെ തിരുവനന്തപുരം വരെ എത്തിക്കാൻ കുറഞ്ഞത് ഒരു മണിക്കൂർ വേണ്ടിവരുന്നത് സങ്കടകരമായ കാര്യമാണ്. ഡോക്ടർമാരുടെ ഭാഷയിൽ പറഞ്ഞാൽ, രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് ആവശ്യമായ ഏറെ വിലപിടിപ്പുള്ള ഗോൾഡൻ അവർ ഈ യാത്രയിൽ നഷ്ടമാകുന്നതും ഇത്തരം സംഭവങ്ങളിൽ വില്ലനാകുന്നുണ്ട്. മോർട്ടാലിറ്റി ഓഡിറ്റ് കൃത്യമായി നടപ്പാക്കുന്നതിലൂടെ കൂടുതൽ കാര്യക്ഷമമായി സമാന സാഹചര്യങ്ങളെ നേരിടാൻ ആശുപത്രികളെയും അത്യാഹിതവിഭാഗങ്ങളിലെ മെഡിക്കൽ ഓഫീസർമാരെയും പ്രാപ്തരാക്കുമെന്നും വിദഗ്ദർ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Doctor murder, Health kerala, Health news, Kerala