കല്യാണത്തിന് വൈബ് കൂട്ടാൻ വെള്ളമടിച്ച് പള്ളിയിലെത്തി; വധു പിണങ്ങിപ്പോയി; വരൻ പൊലീസ് കസ്റ്റഡിയിൽ
- Published by:Rajesh V
- news18-malayalam
Last Updated:
വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായിട്ടായിരുന്നു നാട്ടിലെത്തിയത്
പത്തനംതിട്ട: വിവാഹത്തിന് മദ്യപിച്ചെത്തി പള്ളിയിൽ പ്രശ്‌നമുണ്ടാക്കിയ വരനെ വിവാഹ വേഷത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്തനംതിട്ട കോഴഞ്ചേരിയിലെ തടിയൂരിലാണ് സംഭവം. വധു പിന്മാറിയതോടെ വിവാഹവും മുടങ്ങി. വിവാഹ ചടങ്ങുകൾക്കായി പള്ളിമുറ്റത്തെത്തിയ 32കാരനായ വരൻ പാടുപെട്ടാണ് കാറിൽ നിന്നിറങ്ങിയത്. പുറത്തിറങ്ങിയതോടെ വിഷയം കൂടുതൽ വഷളായി. വിവാഹത്തിന് കാർമികത്വം വഹിക്കാൻ എത്തിയ വൈദികനോട് പോലും ഇയാൾ വളരെ മോശമായി സംസാരിച്ചു. ഇതോടെ വധുവിന്റെ വീട്ടുകാരുടെ മനസുമാറി.
വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴും വരൻ പ്രശ്‌നമുണ്ടാക്കുകയായിരുന്നു. ഇതോടെ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയെന്ന വകുപ്പ് ചുമത്തി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. വൈദ്യപരിശോധനയിലും വരൻ മദ്യപിച്ചിരുന്നതായി തെളിഞ്ഞു.
വിദേശത്തായിരുന്ന യുവാവ് വിവാഹത്തിനായിട്ടായിരുന്നു നാട്ടിലെത്തിയത്. ഇയാൾ രാവിലെ മുതൽ മദ്യപാനം തുടങ്ങിയിരുന്നതായി അടുത്ത ബന്ധുക്കളിൽ ചിലർ പറഞ്ഞു. ഒടുവിൽ വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.
വിവാഹനിശ്ചയത്തിന് വധുവിന്റെ വീട്ടുകാർ മട്ടൺ വിഭവം വിളമ്പിയില്ലെന്ന് ആരോപിച്ച് വിവാഹം മുടങ്ങിയ വാർത്ത അടുത്തിടെ ഹൈദരാബാദിൽ നിന്ന് വന്നിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. വധുവിന്റെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്.
advertisement
വിവാഹ നിശ്ചയത്തിന് വധുവിന്റെ വീട്ടുകാർ ക്ഷണിക്കപ്പെട്ട അതിഥികൾക്കും വരന്റെ ബന്ധുക്കൾക്കുമായി മാംസാഹാരത്തിന്റെ വിരുന്ന് ഒരുക്കിയിരുന്നു. എന്നാൽ അതിൽ മട്ടൺ വിഭവം വിളമ്പിയില്ല എന്നാരോപിച്ച് വരന്റെ കുടുംബം പ്രശ്നമുണ്ടാക്കി. മട്ടൻ വിഭവം തയ്യാറാക്കിയിട്ടില്ലെന്ന് വധുവിന്റെ വീട്ടുകാർ പറഞ്ഞതോടെ രംഗം കൂടുതൽ വഷളായി. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. തുടർന്ന് വരന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Pathanamthitta,Pathanamthitta,Kerala
First Published :
April 16, 2024 1:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കല്യാണത്തിന് വൈബ് കൂട്ടാൻ വെള്ളമടിച്ച് പള്ളിയിലെത്തി; വധു പിണങ്ങിപ്പോയി; വരൻ പൊലീസ് കസ്റ്റഡിയിൽ