• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'കെ.എം ഷാജി രാഷ്ട്രീയ മാഫിയ തലവൻ; 'അര'എംഎൽഎ സ്ഥാനം രാജി വയ്ക്കണം: എ.എ റഹീം

'കെ.എം ഷാജി രാഷ്ട്രീയ മാഫിയ തലവൻ; 'അര'എംഎൽഎ സ്ഥാനം രാജി വയ്ക്കണം: എ.എ റഹീം

കള്ളപ്പണ ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമായി കെ.എം. ഷാജി മാറിയിരിക്കുകയാണെന്ന് റഹീം.

എ.എ റഹീം, കെ.എം ഷാജി

എ.എ റഹീം, കെ.എം ഷാജി

  • Share this:
    തിരുവനന്തപുരം: മുസ്ലീംലീഗ് എം.എൽ.എ കെ.എം ഷാജിക്കെതിരെ രൂക്ഷ വിമർശനവുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.  രാഷ്ട്രീയ അധാർമികതയുടെ ആൾരൂപമാണ് ഷാജി. കള്ളപ്പണ ഇടപാടിന്റെയും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും ഒരിക്കലും അനുകരിക്കാന്‍ പാടില്ലാത്ത ഉദാഹരണമായി കെ.എം. ഷാജി മാറിയിരിക്കുകയാണ്. രാഷ്ട്രീയ മാഫിയ തലവനായ ഷാജി അര എംഎൽഎ സ്ഥാനം രാജി വയ്ക്കണം. രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ പ്രതിഷേധവുമായി മുന്നോട്ട് പോകും

    പല തെരഞ്ഞെടുപ്പുകളിലായി സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍നിന്ന് ആസ്തിയുടെ അസാധാരണ വളര്‍ച്ച വ്യക്തമാണ്. 2016ലെ സത്യവാങ്മൂലത്തില്‍ 47.80 ലക്ഷം രൂപയാണ് ആസ്തിയായി കാണിച്ചിരിക്കുന്നത്. ഇതില്‍ 10 ലക്ഷം രൂപ വായ്പയെടുത്തിട്ടുള്ള നിര്‍മാണത്തിലിരിക്കുന്ന വീടിനെപ്പറ്റിയും പറയുന്നുണ്ട്. തൊട്ടടുത്ത മാസങ്ങളില്‍ പണി പൂര്‍ത്തിയായ വീട് വേങ്ങേരി വില്ലേജ് ഓഫീസര്‍ അളക്കുന്നു. ഇതില്‍ മൂന്ന് നിലകളെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 5660 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണിതെന്നും റഹീം ചൂണ്ടിക്കാട്ടി.

    വീടിന് നാലുകോടിയിലധികം തുക ചെലവായിട്ടുണ്ടാകാമെന്നും റഹീം ആരോപിച്ചു. അങ്ങനെയെങ്കില്‍ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ 47.80 ലക്ഷം രൂപ വരുമാനം ഉണ്ടെന്ന് പറഞ്ഞ ഷാജിക്ക് എവിടുന്നാണ് ഇത്രയും തുക മാസങ്ങള്‍ക്കകം ലഭിച്ചതെന്ന് വ്യക്തമാക്കണം. ഇക്കാര്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ഇഞ്ചിക്കൃഷിയുടെ കാര്യമാണ് അദ്ദഹം പറഞ്ഞത്. അങ്ങനെയെങ്കില്‍ ആത്മഹത്യ ചെയ്തുകൊണ്ടിരിക്കുന്ന ഇഞ്ചിക്കര്‍ഷകര്‍ക്ക് ഷാജി ഒരു വിദഗ്ധ ക്ലാസെടുത്ത് കൊടുക്കണമെന്നും റഹീം പറഞ്ഞു.

    പൊതുപ്രവര്‍ത്തനം സ്വത്ത് സമ്പാദിക്കാനുള്ള മാര്‍ഗമാണെന്ന് കരുതുന്ന ആളാണ് എന്നും റഹീം ആരോപിച്ചു. പാണക്കാട് തങ്ങള്‍ ഇക്കാര്യത്തില്‍ പ്രതികരിക്കണമെന്നും റഹീം ആവശ്യപ്പെട്ടു.
    Published by:Aneesh Anirudhan
    First published: