News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 22, 2020, 5:29 PM IST
News 18 Malayalam
തിരുവനന്തപുരം:
ലൈഫ് മിഷൻ സി.ഇ.ഒ യു.വി ജോസിൻ്റെ വിശദീകരണം തള്ളി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്.
വടക്കാഞ്ചേരി പദ്ധതിയുടെ അനുമതി രേഖകൾ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഇഡിയുടെ നോട്ടീസയച്ചു. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വിജിലൻസ് അന്വേഷണവും ഉടൻ പ്രഖ്യാപിച്ചേക്കും. വിജിലൻസ് അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
വിദേശ ഏജൻസിയായ റെഡ് ക്രെസൻ്റുമായി സഹകരിച്ചുള്ള പദ്ധതിയുടെ രേഖകൾ ലൈഫ് മിഷൻ സി.ഇ.ഒയോട് നേരത്തെ ഇഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ധാരണാപത്രം ഒപ്പിട്ട ചടങ്ങിന്
മിനിട്സ് ഇല്ലെന്ന വിചിത്രമായ മറുപടിയാണ് യു.വി ജോസ് നൽകിയത്. ഇത് പൂർണമായും തള്ളിക്കൊണ്ടാണ് എൻഫോഴ്സ്മെൻറ് ചീഫ് സെക്രട്ടറിയോട് രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്.
ലൈഫ് പദ്ധതിക്ക് കേന്ദ്രാനുമതിയുണ്ടായിരുന്നോ. അനുമതി ലഭിച്ചെങ്കിൽ രേഖകൾ ഹാജരാക്കണം. റെഡ് ക്രെസൻ്റുമായി കരാറിൽ ഏർപ്പെടാൻ അടിസ്ഥാനമായ നിയമോപദേശത്തിൻ്റെയും പദ്ധതി സംബന്ധിച്ച യോഗങ്ങളുടെ മിനിസ് എന്നിവയും ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷൻ ക്രമക്കേടുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറും ഉടൻ അന്വേഷണം ആരംഭിക്കും. ലൈഫ് പദ്ധതി സംശയ നിഴലിൽ നിൽക്കുന്നത് വലിയ രാഷ്ട്രീയ തിരിച്ചടിയായാണ് സർക്കാർ കരുതുന്നത്. അത് മറികടക്കാനാണ് അന്വേഷണം. എന്നാൽ റെഡ് ക്രെസൻ്റുമായുള്ള ഇടപാടിനു പിന്നാലേയുള്ള എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ നീക്കങ്ങൾ സർക്കാരിന് വെല്ലുവിളിയാകും.
ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി മുഖ്യമന്ത്രിയുടെ ഓഫീസ്
ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി
മുഖ്യമന്ത്രിയുടെ ഓഫീസ് വിശദാംശങ്ങൾ തേടി.
തദ്ദേശഭരണ പ്രിൻസിപ്പൽ സെക്രട്ടറി ശാരദാ മുരളീധരൻ, ലൈഫ് മിഷൻ സിഇഒ യു.വി ജോസ് , അഡിഷണൽ സെക്രട്ടറി പാറ്റ്സി എന്നിവരെയാണ് വിളിച്ചു വരുത്തിയായിരുന്നു വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇന്നലെ വൈകുന്നേരം ആരംഭിച്ച ചർച്ച രാത്രി എട്ടു മണി വരെ നീണ്ടു. ഇ.ഡി ചീഫ് സെക്രട്ടറി യോട് വിവരങ്ങൾ ആരാഞ്ഞതിന് പിന്നാലെയായിരുന്നു ചർച്ച.
Published by:
Aneesh Anirudhan
First published:
August 22, 2020, 5:22 PM IST