News18 MalayalamNews18 Malayalam
|
news18-malayalam
Updated: August 22, 2020, 11:23 AM IST
News 18 Malayalam
തിരുവനന്തപുരം:
വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഭവനപദ്ധതിയില്‍ ഉയരുന്ന ആരോപണങ്ങള്‍ സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. യുഎഇ റെഡ്ക്രസന്റുമായി സംസ്ഥാന സര്‍ക്കാര്‍
ധാരണാപത്രം ഒപ്പിട്ടതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് അന്വേഷിക്കുന്നത്. ഇതു സംബന്ധിച്ച് കേന്ദ്രവിദേശകാര്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. വിദേശ രാജ്യത്ത് നിന്ന് സംസ്ഥാനങ്ങള്‍ക്ക് സഹായം സ്വീകരിക്കണമെങ്കില്‍ കേന്ദ്രത്തിന്റെ അനുമതി വാങ്ങിയിരിക്കണം. വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങള്‍ അനുവദിക്കാതെ അത്തരം സഹായങ്ങള്‍ സ്വീകരിക്കാന്‍ പാടില്ല. ഈ നിബന്ധന തുടരവെ സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് യുഎഇയുമായി കരാര്‍ ഒപ്പിട്ടതെന്നാണ് കേന്ദ്രം അന്വേഷിക്കുന്നത്. ധാരണാപത്രവുമായി ബന്ധപ്പെട്ടവരെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുമെന്നാണ് വിവരം.
റെഡ്ക്രസന്റുമായുള്ള കരാർ2019 ജൂലൈ 11നാണ് റെഡ് ക്രസന്റുമായി കേരളസര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലായിരുന്നു ചടങ്ങ്. റെഡ് ക്രസന്റിനെ പ്രതിനിധീകരിച്ച് മുഹമ്മദ് അതീഖ് അൽ ഫലാഹിയും ലൈഫ് മിഷന്‍ സിഇഒ യു വി ജോസുമാണ് കരാറില്‍ ഒപ്പുവച്ചത്. ഒരു കോടി യുഎഇ ദിർഹത്തിന്റേ (ഏകദേശം 20.37 കോടി രൂപ) കരാറിലാണ് ഒപ്പുവെച്ചത്. ഇതിൽ 70 ശതമാനം പാര്‍പ്പിട സമുച്ചയത്തിനും 30 ശതമാനം ആശുപത്രി നിര്‍മാണത്തിനുമാണ് വകയിരുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ കൂടി പങ്കാളിയായിട്ടും പദ്ധതിയുടെ കാലാവധി സംബന്ധിച്ചോ ഓഡിറ്റിംഗ് സംബന്ധിച്ചോ ധാരണാപത്രത്തില്‍ പരാമര്‍ശങ്ങളില്ല.
വിദേശ സഹായം സ്വീകരിക്കാൻ കേന്ദ്രാനുമതി വേണം
പ്രളയ സമയത്ത് 2018ൽ കേരളത്തിന് യുഎഇ സഹായം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സഹായം സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്നില്ല. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം സ്വീകരിക്കേണ്ട എന്നാണ് കേന്ദ്രനിലപാട്. ഈ നിബന്ധന കേന്ദ്രം മാറ്റാതിരിക്കെ, സംസ്ഥാന സര്‍ക്കാര്‍ എങ്ങനെയാണ് യുഎഇയുമായി കരാര്‍ ഒപ്പിട്ടതെന്നാണ് അന്വേഷിക്കുന്നത്.
മുന്‍പുള്ള കേന്ദ്ര സര്‍ക്കാരുകളും വിദേശ സഹായം സ്വീകരിക്കുന്ന വിഷയത്തിൽ ഇതേ നിലപാട് തന്നെയാണ് സ്വീകരിച്ചിരുന്നത്.
റെഡ്ക്രസന്റ് ഇത്തരത്തില്‍ സഹായങ്ങള്‍ നല്‍കുന്ന സംഘടനയാണ്. ലൈഫ് പദ്ധതി പ്രകാരം പണികഴിപ്പിക്കുന്ന ഭവനങ്ങള്‍ക്ക് സഹായം നല്‍കുമ്പോള്‍ അതിനെ ദുരിതാശ്വാസ നിലയിലാണ് കണക്കാക്കുക. അങ്ങനെയെങ്കില്‍ വിദേശത്തു നിന്നു പണം വാങ്ങുമ്പോള്‍ ദേശീയ ദുരന്ത നിവാരണ നിധിയെയും അറിയിക്കണം. കൂടാതെ ഒരു സംസ്ഥാനത്ത് നടപ്പാക്കുന്ന ഏതെങ്കിലും പദ്ധതിക്ക് വിദേശ സഹായം ലഭിച്ചാല്‍ അത് കേന്ദ്രബജറ്റിലും പരാമര്‍ശിക്കാറുണ്ട്.
TRENDING പെട്ടിമുടിയോട് വിട; ധനുഷ്കയുടെ കുവി പുതിയ ദൗത്യത്തിനായി ഇനി പൊലീസിലേക്ക് [NEWS]'വേട്ടയാടിയത് 15 വർഷം; ആശുപത്രിയിൽ കിടന്ന പെൺകുട്ടിയെ കാണാൻ പോയതിന് ചാർത്തിക്കിട്ടിയ VIP പദവി': പി.കെ ശ്രീമതി [NEWS] എസ്.പി ബാലസുബ്രമണ്യത്തിന് കോവിഡ് പകർന്നത് ഗായികയിൽ നിന്നോ? ആരോപണങ്ങൾ നിഷേധിച്ച് മാളവിക[NEWS]
മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചു
ലൈഫ് മിഷൻ വിവാദത്തിൽ റെഡ്ക്രസന്റുമായി ബന്ധപ്പെട്ട ഫയലുകൾ മുഖ്യമന്ത്രി വിളിപ്പിച്ചിട്ടുണ്ട്. നടപടിക്രമം പാലിക്കാതെയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടതെന്ന ആരോപണത്തിനിടെയാണ് മുഖ്യമന്ത്രി ഫയലുകൾ ആവശ്യപ്പെട്ടിരിക്കുന്നത്. നിയമവകുപ്പിലെയും തദ്ദേശവകുപ്പിലെയും ഫയലുകളാണ് വിളിപ്പിച്ചത്. ലൈഫ് മിഷൻ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെങ്കിൽക്കൂടി ലൈഫ് മിഷന് ഒരു സെക്രട്ടേറിയറ്റ് സംവിധാനം ഇല്ലാത്തതുകൊണ്ട് ഇതിന്റെ ഫയലുകൾ കൈകാര്യം ചെയ്തത് തദ്ദേശഭരണവകുപ്പിലാണ്. കരട് ധാരണാപത്രം പരിശോധിച്ചത് നിയമവകുപ്പാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടുവകുപ്പുകളിൽ നിന്നും മുഖ്യമന്ത്രി ഫയലുകൾ വിളിപ്പിച്ചത്.
വടക്കാഞ്ചേരിയിലെ പദ്ധതി
തൃശൂർ വടക്കാഞ്ചേരിയിലെ സ്ഥലത്ത് നിർമിക്കുന്ന ലൈഫ് പദ്ധതി സമുച്ചയത്തിൽ 199 ഫ്ലാറ്റുകൾ നിർമിക്കാനായിരുന്നു സർക്കാരിന്റെ പദ്ധതി. ഹാബിറ്റാറ്റ് ആണ് പദ്ധതി തയാറാക്കിയത്. പിന്നീടാണ് മുഖ്യമന്ത്രിയുടെ ദുബായ് സന്ദർശനം നടന്നതും തുടർന്ന് യു.എ.ഇയിലെ റെഡ് ക്രസന്റ് അതോറിട്ടി സഹായവുമായി മുന്നോട്ടു വന്നതും. ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാൻ ഇവർക്കു നൽകിയെങ്കിലും നിർമാണക്കമ്പനി അത് 140 ഫ്ലാറ്റുകളായി കുറച്ചു. 400 ചതുരശ്ര അടി ഫ്ലാറ്റാണ് ഹാബിറ്റാറ്റ് തയാറാക്കിയതെങ്കിൽ റെഡ് ക്രസന്റ് അതോറിട്ടിയുടെ പദ്ധതിയിൽ 500 ചതുരശ്ര അടിയാക്കി.
വിവാദം ഉയർന്ന ശേഷം പദ്ധതിയുമായി ബന്ധമില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. റെഡ് ക്രസന്റ് അതോറിട്ടി പദ്ധതിയെ സഹായിക്കാൻ തയാറായത് മാത്രമാണ് സർക്കാരുമായുള്ള കരാറിലുള്ളതെന്നാണ് ലൈഫ് മിഷൻ സി.ഇ.ഒയുടെ വിശദീകരണം. നിർമാണക്കമ്പനിക്ക് കരാർ നൽകിയതിലാണ് സ്വപ്നയുടെ ഇടപെടലുണ്ടായതും തുടർന്ന് കമ്മിഷൻ ലഭിച്ചതും. ഈ പണമാണ് എം.ശിവശങ്കറിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറിൽ നിന്ന് എൻഐഎ കണ്ടെടുത്തത്.
Published by:
Rajesh V
First published:
August 22, 2020, 11:23 AM IST