ഉത്സവത്തിനിടയിൽ ക്ഷേത്ര മൈതാനത്ത് ഈദ് ഗാഹും; കോഴിക്കോട് കിണാശ്ശേരിയിൽ കാര്യങ്ങൾ ഇങ്ങനെ
- Published by:ASHLI
- news18-malayalam
Last Updated:
ക്ഷേത്ര മൈതാനിയിൽ വിശ്വാസികളെ സാക്ഷിയാക്കി പെരുന്നാൾ നമസ്‌കാരം നടത്തിയത് മികച്ച മാതൃകയായി
വ്രതശുദ്ധിയുടെ നിറവിൽ വിശ്വാസികൾ പെരുന്നാൾ ആഘോഷിച്ചപ്പോൾ മതസൗഹാർദത്തിന്റെ മനോഹരമായ കാഴ്ച്ചയൊരുക്കി കോഴിക്കോട് കിണാശ്ശേരി. പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രത്തിലെ ഉത്സവവും പെരുന്നാൾ ഈദ് ഗാഹും ഒരേ ഗ്രൗണ്ടിലാണ് കിണാശ്ശേരിക്കാർ വർഷങ്ങളായി ആഘോഷമാക്കാറുള്ളത്. ഇത്തവണയാകട്ടെ രണ്ട് ആഘോഷങ്ങളും ഒരേ ദിവസമെത്തി. എന്നാൽ ക്ഷേത്ര കമ്മിറ്റിക്കാർ കൂടുതലായി ഒന്നും ആലോചിച്ചില്ല. ക്ഷേത്രോത്സവത്തിനിടെ ഈദ്ഗാഹിന് ക്ഷേത്ര കമ്മിറ്റി തന്നെ നേതൃത്വം നൽകി.
ഉത്സവത്തിന്റെ ഭാഗമായ കലാപരിപാടികൾ കിണാശേരി ഗവ. വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കുന്നതിനിടയിൽ, ഈദ് ഗാഹിനായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ ഗ്രൗണ്ട് വിട്ടുനൽകി. 31ന് രാവിലെ 7ന് തുടങ്ങിയ ഈദ് ഗാഹിൽ 1500ലധികം പേരാണ്, സ്ത്രീകളും, പുരുഷന്മാരും, കുട്ടികളും ഉൾപ്പെടെ, പങ്കെടുത്തത്. ക്ഷേത്ര ചടങ്ങുകൾക്കൊപ്പം നമസ്കാരവും നടന്നു. ക്ഷേത്ര വിശ്വാസികളെ സാക്ഷിയാക്കി പെരുന്നാൾ നമസ്‌കാരം നടത്തിയത് ആ നാടിന്റെ മതേതര സൗഹാർദത്തിന് പുത്തൻ ഉണർവായി മാറി.
പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം മാർച്ച് 30 മുതൽ ഏപ്രിൽ 4 വരെയാണ് നടക്കുക. 30ന് രാത്രി 12 വരെ നീണ്ടുനിന്ന കലാപരിപാടികൾക്ക് ശേഷം, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, കിണാശേരി മസ്ജിദ് പ്രവർത്തകരായ കെ.എം.എസ്.എഫ് (കിണാശേരി മുസ്ലിം സേവാ സംഘം) ഭാരവാഹികളും, നാട്ടുകാരും ഒരുമിച്ച് ഈദ് ഗാഹിനായി ഗ്രൗണ്ട് ഒരുക്കി. സർവമത സഹകരണത്തോടെയാണ് പള്ളിയറക്കൽ ശ്രീ ദുർഗ ഭഗവതി ക്ഷേത്രോത്സവം നടത്തിവരുന്നത്. പത്ത് ദിവസം മുമ്പ് പള്ളി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ വിരുന്നും സംഘടിപ്പിച്ചിരുന്നു. ക്ഷേത്രത്തിലെ അന്നദാനത്തിനും ഇഫ്താർ വിരുന്നിലും എല്ലാവരും പങ്കാളികളാകാറുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
April 01, 2025 11:11 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉത്സവത്തിനിടയിൽ ക്ഷേത്ര മൈതാനത്ത് ഈദ് ഗാഹും; കോഴിക്കോട് കിണാശ്ശേരിയിൽ കാര്യങ്ങൾ ഇങ്ങനെ