കൊച്ചി: ലൈഫ് മിഷൻ കോഴയിടപാടിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച കേസില്‍ എം ശിവശങ്കർ അഞ്ചാം പ്രതി. കേസിൽ ഇഡി ഇതുവരെ പ്രതി ചേർത്തത് ആറുപേരെയാണ്. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേർത്തത്. 3.38 കോടി രൂപയുടെ കള്ളപ്പണ ഇടപാടാണ് ഇ ഡി കണ്ടെത്തിയത്. ഒരു കോടി രൂപ ശിവശങ്കരന് നൽകിയെന്നാണ് സ്വപ്ന സുരേഷിന്റെ മൊഴി.
സരിത്, സന്ദീപ് എന്നിവർക്കായി നൽകിയത് 59 ലക്ഷം രൂപയാണ്. സന്ദീപിന് പണം നൽകിയത് ബാങ്ക് അക്കൗണ്ടുകളിലൂടെയാണ്. ഒരാളെ കൂടി ഇഡി കേസില്‍ പുതുതായി പ്രതിചേർത്തിട്ടുണ്ട്. തിരുവനന്തപുരം സ്വദേശി യദുകൃഷ്ണനെയാണ് ഇ ഡി പ്രതിയാക്കിയത്. യദുകൃഷ്ണന് മൂന്ന് ലക്ഷം കോഴ ലഭിച്ചുവെന്നാണ് കണ്ടെത്തൽ. യൂണിടാക് കമ്പനിയെ സരിത്തിന് പരിചയപ്പെടുത്തിയതിനാണിത്. പണം ലഭിച്ച അക്കൗണ്ട് വിശദാംശങ്ങളും ഇഡി കണ്ടെടുത്തു.
മൂന്ന് ദിവസത്തെ തുടർച്ചയായി ചോദ്യം ചെയ്യലിന് ശേഷം ഇന്നലെ രാത്രി 11.30 ഓടെയാണ് ശിവശങ്കറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി കൊച്ചി ഓഫീസിൽ പാർപ്പിച്ച ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ലൈഫ് മിഷൻ കേസിലെ ആദ്യ അറസ്റ്റ് ആണ് ശിവശങ്കറിന്‍റേത്. ലൈഫ് മിഷൻ കോഴ ഇടപാടിൽ എം ശിവ ശങ്കർ പ്രധാന ആസൂത്രകൻ ആണെന്നും. കോഴപ്പണം ശിവശങ്കർ കള്ളപ്പണമായി സൂക്ഷിച്ചതിന് തെളിവുണ്ടെന്നുമാണ് ഇ ഡി വ്യക്തമാക്കുന്നത്. സ്വപ്ന സുരേഷിന്റെ രണ്ട് ലോക്കറികളിൽ നിന്ന് എൻഐഎ പിടികൂടിയ പണം ശിവശങ്കരനുള്ള കോഴപ്പണം എന്നാണ് സ്വപ്ന ഇ ഡിക്ക് നൽകിയ മൊഴി. മാത്രമല്ല ലൈഫ് മിഷൻ കരാർ ലഭിക്കാൻ നാലു കോടി 25 ലക്ഷം രൂപ കോഴിയായി നൽകിയിട്ടുണ്ടെന്നും യൂണിടാക് ഉടമ സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.
Also Read- മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് പിന്നാലെ എം.ശിവശങ്കര്‍ അറസ്റ്റില്‍; ഇന്ന് കോടതിയില്‍ ഹാജരാക്കും
എന്നാൽ സ്വപ്നയുടെ ലോക്കറിലെ പണത്തെക്കുറിച്ച് ഒന്നുമറിയില്ലെന്നാണ് ശിവശങ്കർ മൊഴി നൽകിയത്. ശിവശങ്കരന്‍റെ മൊഴിയിൽ നിരവധിയായ വൈരുദ്ധ്യങ്ങൾ ഉണ്ടെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും ഇഡി വ്യക്തമാക്കുന്നു. ചോദ്യംചെലുമായി ശിവശങ്കർ സഹകരിക്കുന്നില്ലെന്നും ഇ ഡി ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണ്ണ കടത്തിലെ കള്ളപ്പണക്കേസിലും ഇഡി ശിവശങ്കറിനെ അറസ്റ്റ് ചെയ്തിരുന്നു.
അറസ്റ്റിലാകുന്നത് നാലാം തവണ
കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യുന്നത് ഇത് നാലാം തവണയാണ്. ലൈഫ് മിഷൻ കോഴക്കേസിൽ കൊച്ചിയിലെ ഇ ഡി ഓഫീസിലാണ് ശിവശങ്കറെ ഏറ്റവും ഒടുവില്‍ അറസ്റ്റ് ചെയ്തത്. കായിക വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹം ജനുവരി 31 നാണ് സർവീസിൽ നിന്ന് വിരമിച്ചത്.
വിരമിക്കുന്നതിന് തൊട്ടുമുന്‍പായി ഇഡി അദ്ദേഹത്തിന് ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ വിരമിക്കുന്നതുവരെ അദ്ദേഹം സാവകാശം ചോദിച്ചു. ചോദ്യം ചെയ്യലില്‍ കൃത്യമായ ഉത്തരങ്ങള്‍ നല്‍കാന്‍ ശിവശങ്കര്‍ വിസമ്മതിച്ചതായും എന്നാല്‍ വ്യക്തമായ തെളിവുള്ളതിനാല്‍ അറസ്റ്റ് ചെയ്തു എന്നുമാണ് ഇ ഡി പറയുന്നത്.
നയതന്ത്ര ചാനല്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ ശിവശങ്കര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ഈ കേസില്‍ മാസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്. റവന്യൂ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ശിവശങ്കറിന് 1995 ലാണ് ഐഎഎസ് കണ്‍ഫര്‍ ചെയ്തത്.
എന്താണ് ലൈഫ് പദ്ധതി വിവാദം?
പാവപ്പെട്ടവര്‍ക്ക് വീടുവെച്ചുനല്‍കുന്ന ലൈഫ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി ഭൂരഹിതര്‍ക്ക് ഫ്‌ളാറ്റ് നിര്‍മിച്ചു കൊടുക്കുന്നത് വടക്കാഞ്ചേരിയില്‍ പുരോഗമിക്കുകയായിരുന്നു. മൂന്നാം ഘട്ടത്തില്‍ സര്‍ക്കാരേതര ഏജന്‍സികളുടെ പങ്കാളിത്തവും പദ്ധതിക്കായി പ്രയോജനപ്പെടുത്തിയിരുന്നു. അങ്ങനെയാണ് യുഎഇയുടെ സന്നദ്ധസംഘടനയായ റെഡ് ക്രസന്റ് സഹായവുമായി മുന്നോട്ടുവരുന്നത്. യുഎഇയില്‍നിന്നു നേരിട്ടു ധനസസഹായം സ്വീകരിക്കുന്നതിനു നിയമതടസ്സങ്ങള്‍ ഉള്ളതു കൊണ്ടാണു റെഡ് ക്രസന്റുമായി ധാരണാപത്രം ഒപ്പിട്ടതെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം.
പദ്ധതി പ്രകാരം ലൈഫ് മിഷന്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മാണം ഉള്‍പ്പെടെ 21 കോടി ചെലവില്‍ നിര്‍വഹിക്കാമെന്നായിരുന്നു റെഡ് ക്രസന്റ് വാഗ്ദാനം. സര്‍ക്കാര്‍ അംഗീകരിക്കുന്ന രൂപരേഖ അനുസരിച്ച് ഇതിനായുള്ള കരാര്‍ നല്‍കാനുള്ള ഉത്തരവാദിത്തം പക്ഷേ റെഡ് ക്രസന്റിനായിരുന്നു. യൂണിടാക് എന്ന കമ്പനിക്കായിരുന്നു കരാര്‍. വടക്കാഞ്ചേരിയിലെ 2.17 ഏക്കറില്‍ ആറു നിലകളിലായി 140 ഫ്‌ളാറ്റ് നിര്‍മിക്കുന്നതിന് റെഡ് ക്രസന്റുമായി സര്‍ക്കാര്‍ ധാരണയിലെത്തിയത് ജൂലൈ 11ന്.
ഇതിനിടെ, സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ പിടിയിലായ മുന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ സ്വപ്ന സുരേഷിന്റെ അക്കൗണ്ടില്‍ കണ്ട ഒരു തുകയുടെ ഉറവിടം എന്‍ഐഎ അന്വേഷിക്കുന്നു. യൂണിടാക്ക് കമ്പനി റെഡ് ക്രസന്റിന് കോഴ നല്‍കിയതിനാലാണ് അവര്‍ക്ക് കരാര്‍ ലഭിച്ചതെന്നും ആ കോഴയുടെ ഒരു പങ്കാണ് തന്റെ അക്കൗണ്ടിലെ ഒരു കോടി രൂപയെന്നും സ്വപ്ന എന്‍ഐഎക്കു മൊഴി നല്‍കിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. പദ്ധതി കമ്മീഷന്‍ തുകയില്‍നിന്ന് യുഎഇ കോണ്‍സല്‍ ജനറലാണ് ഒരു കോടി രൂപ സമ്മാനമായി നല്‍കിയതെന്നും സ്വപ്ന മൊഴി നല്‍കി. പദ്ധതിയുടെ നിര്‍മാണ കരാര്‍ ലഭിക്കാന്‍ 4.25 കോടി രൂപ കമ്മീഷന്‍ നല്‍കേണ്ടി വന്നതായി യൂണിടാക് പ്രതിനിധികളും എന്‍ഐഎക്കും ഇഡിക്കും മൊഴി നല്‍കി.
സ്വര്‍ണക്കടത്തു കേസിലെ മറ്റൊരു പ്രതി സന്ദീപ് നായര്‍ക്ക് 75 ലക്ഷം രൂപയും കമ്മീഷനായി ലഭിച്ചെന്നും അന്വേഷണ ഏജന്‍സികള്‍ കോടതിയെ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന് മേല്‍നോട്ട ചുമതലയില്ലാത്ത ഈ നിര്‍മാണ കരാറില്‍ ഇടനിലക്കാരെന്ന നിലയിലായിരുന്നു ഇവര്‍ക്ക് കമ്മീഷന്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.