കൊച്ചി: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെ വിജേഷ് പിള്ളയെക്കുറിച്ച് കൂടതൽ വെളിപ്പെടുത്തൽ. വിജേഷ് പിള്ളെയ തേടി എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ സമീപിച്ചിരുന്നതായി കൊച്ചിയിലെ കെട്ടിട ഉടമ. കൊച്ചിയിൽ പ്രവർത്തിച്ച ഡബ്ല്യു ജി എൻ ഇൻഫോടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉടമയായിരുന്നു വിജേഷ് പിള്ള.
ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത് ജാക്സൺ മാത്യു എന്നയാളുടെ കെട്ടിടത്തിലായിരുന്നു 2017ലാണ് വിജേഷ് ജാക്സണെ ബന്ധപ്പെടുന്നത്. കെട്ടിടത്തിന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് ആയിരുന്നു. എന്നാൽ ആറ് മാസത്തിനുള്ളിൽ ഓഫീസ് പൂട്ടി. ഒരു ലക്ഷത്തോളം രൂപ വാടക കുടിശ്ശിക ഇനത്തിലുണ്ടെന്നും ജാക്സൺ മാത്യു പറയുന്നു.
സ്ഥാപനം പൂട്ടിയ ശേഷം വാടകക്ക് വേണ്ടി പല തവണ ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫലമുണ്ടായില്ല. കഴിഞ്ഞ തിങ്കളാഴ്ച വിജേഷിനെ തേടി ഇ ഡി ഉദ്യോഗസ്ഥര്‍ വന്നിരുന്നു. സ്വപ്ന സുരേഷ് നടത്തിയ എഫ് ബി ലൈവിന് ശേഷം സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും സിഐ വിളിച്ചുവെന്നും കെട്ടിട ഉടമ ജാക്സൺ പറഞ്ഞു.
മണി ചെയിൻ ഉൾപ്പെടെയുള്ള ബിസിനസുകൾ നടത്തിയ വിജേഷ് നാട്ടിൽ വിജേഷ് കൊയിലേത്ത് എന്നാണറിയപ്പെട്ടത്. പത്തുവർഷം മുൻപ് മറ്റൊരാൾക്കൊപ്പമായിരുന്ന മണിചെയിൻ ബിസിനസ് നടത്തിയത്. ശേഷം കൊച്ചിയിലേക്ക് മാറിയിരുന്ന വിജേഷ് നാടും വീടുമായി കാര്യമായ ബന്ധംപുലർത്തിയിരുന്നില്ല. എം.വി.ഗോവിന്ദന്റെ മൊറാഴയിലെ വീട്ടിൽനിന്ന് 5 കിലോമീറ്റർ അകലെയാണു വിജേഷിന്റെ കുടുംബവീട്.
കടമ്പേരിയിലെ വീട്ടിൽ അച്ഛനും അമ്മയും മാത്രമാണ് ഇപ്പോഴുള്ളത്. ഈ മാസം 23ന് കടമ്പേരി ക്ഷേത്രത്തിൽ തന്റെ നേതൃത്വത്തിൽ സിനിമയുടെ പൂജ നടക്കുന്നുണ്ടെന്നു വിജേഷ് സുഹൃത്തുക്കളോട് പറഞ്ഞതായി വിവരമുണ്ട്. ഒരു മാസം മുൻപ് വീട്ടിൽ വന്നുപോയിരുന്നതായി അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.