വിമുക്തഭടനെയും ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലിൽ മരിച്ചനിലയിൽ കണ്ടെത്തി
- Published by:Sarika KP
- news18-malayalam
Last Updated:
കല്യാണം കഴിഞ്ഞ് ആറുവർഷങ്ങൾക്കുശേഷം ആറ്റുനോറ്റു കിട്ടിയകൺമണി ജീവച്ഛവമായി കണ്മുന്നില്‍ കണ്ട് വാവിട്ടു നിലവിളിക്കുന്ന അശ്വതിയെയും അനിൽകുമാറിനെയും ആശ്വസിപ്പിക്കാനാകാതെ പ്രദേശവാസികൾ വിറങ്ങലിച്ചു നിന്നുപോയി .
ആലപ്പുഴ: കലവൂരില്‍ വിമുക്തഭടനെയും ബന്ധുവിന്റെ ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആര്യാട് പഞ്ചായത് ഏഴാംവാര്‍ഡ് ശിവകൃപയില്‍ ഗോപന്‍ (51), ഇയാളുടെ ഭാര്യാസഹോദരന്‍ ആര്യാട് പോത്തശ്ശേരി അനില്‍കുമാറിന്റെയും അശ്വതിയുടെയും ഒന്നര വയസുള്ള മകള്‍ മഹാലക്ഷ്മി എന്നിവരാണ് മരിച്ചത്. വേമ്പനാട്ടുകായലിൽ ചാരംപറമ്പ് ജെട്ടിക്കുസമീപമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഞായാഴ്ച രാത്രി 10.45 ഓടെയാണ് സംഭവം.
വൈകുന്നേരത്തോടെ അനില്‍കുമാറിന്റെ വീട്ടിലെത്തിയ ഗോപന്‍ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കു പോയതാണ്. കുറെനേരമായിട്ടും കാണാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയപ്പോഴാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്നും പ്രദേശവാസികള്‍ പറഞ്ഞു.
രാത്രി 10.45 ഓടെ ചാരംപറമ്പ് ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തുനിന്ന് ഗോപന്റെ മൃതദേഹം കണ്ടെത്തിയത്. ഗോപൻ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മഹാലക്ഷ്മിയുമായി ഗോപൻ മിക്കപ്പോഴും പുറത്തുപോകാറുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. ആലപ്പുഴ നോർത്ത് പോലീസ് അന്വേഷണം തുടങ്ങി. കാൽവഴുതി കായലിൽ വീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഭിരാമി, ആദർശ്.
advertisement
കല്യാണം കഴിഞ്ഞ് ആറുവർഷങ്ങൾക്കുശേഷം കിട്ടിയ തങ്ങളുടെ പൊന്നുമോൾ ഇനി തിരിച്ചുവരില്ലെന്നറിഞ്ഞു വാവിട്ടു നിലവിളിക്കുന്ന അശ്വതിയെയും അനിൽകുമാറിനെയും ആശ്വസിപ്പിക്കാനാകാതെ പ്രദേശവാസികൾ വിറങ്ങലിച്ചു നിന്നുപോയി. തൊട്ടടുത്തുള്ള രണ്ടു വീടുകളിലായുണ്ടായ രണ്ടുമരണങ്ങൾ ചാരംപറമ്പ് പ്രദേശത്തെ ദുഖത്തിലാഴ്ത്തി. കായലിനടുത്താണ് ഇരുവീടുകളും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Alappuzha,Kerala
First Published :
January 16, 2023 8:57 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
വിമുക്തഭടനെയും ഒന്നരവയസ്സുള്ള പെൺകുഞ്ഞിനെയും കായലിൽ മരിച്ചനിലയിൽ കണ്ടെത്തി