കെഎസ്‌യു സംസ്ഥാന കൺവീനറുടെ പേരിലും വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; ബിരുദധാരിയല്ലെന്ന് നേതാവ്
- Published by:Rajesh V
- news18-malayalam
Last Updated:
താൻ ബിരുദധാരി അല്ലെന്നും ബികോം പഠിച്ചിട്ടില്ലെന്നും അൻസിൽ ജലീൽ ന്യൂസ് 18 നോട് പറഞ്ഞു. നിലവിൽ ആലപ്പുഴയിൽ ചായക്കട നടത്തുകയാണെന്നും വിശദീകരിക്കുന്നു
തിരുവനന്തപുരം: കെ എസ് യു നേതാവിന്റെ പേരിലും വ്യാജ ബിരുദ സർട്ടിഫിക്കറ്റ് വിവാദം. സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ പേരിലാണ് ബിരുദ സർട്ടിഫിക്കറ്റ്. എന്നാൽ, താൻ ബിരുദധാരി അല്ലെന്നും സംഭവത്തിൽ പൊലീസിനെ സമീപിക്കുമെന്നും അൻസിൽ ന്യൂസ് 18 നോട് പറഞ്ഞു.
അൻസിൽ ജലീൽ കേരള സർവകലാശാലയിൽ നിന്ന് 2016ൽ ബികോം ബിരുദം നേടിയതായാണ് സർട്ടിഫിക്കറ്റ്. സർവകലാശാലയുടെ ഔദ്യോഗിക എംബ്ലവും ലോഗോയും സീലും വൈസ് ചാൻസിലറുടെ ഒപ്പും സർട്ടിഫിക്കറ്റിലുണ്ട്. 2014 മുതൽ 2018 വരെ കേരള സർവകലാശാലയുടെ വൈസ് ചാൻസിലറായിരുന്നത് പി കെ രാധാകൃഷ്‌ണനാണ്. എന്നാൽ സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ഒപ്പ് 2004 മുതൽ 2008 വരെ ചാൻസിലറായിരുന്ന ഡോ. എം കെ രാമചന്ദ്രൻ നായരുടേതും.
advertisement
സർട്ടിഫിക്കറ്റിലെ രജിസ്റ്റർ നമ്പറുകളിലും വൈരുധ്യമുണ്ട്. സെപ്റ്റംബർ 2013ലെ രജിസ്റ്റർ നമ്പറായി കാണിച്ചിരിക്കുന്നത് 962039 ആണ്. എന്നാൽ, ആ വർഷം സർവകലാശാല അനുവദിച്ചത് 4044 എന്ന നമ്പറിൽ തുടങ്ങുന്ന രജിസ്റ്റർ നമ്പറുകളായിരുന്നു. ഏപ്രിൽ 2013ലെ നമ്പർ സർട്ടിഫിക്കറ്റിൽ 622087 ആണ്. ഈ കാലയളവിൽ സർവകലാശാല അനുവദിച്ചത് 70 എന്ന നമ്പറിലാരംഭിക്കുന്ന സർട്ടിഫിക്കറ്റാണ്. ഇതേ വർഷങ്ങളായിരിക്കണം സർട്ടിഫിക്കറ്റിന്റെ അവസാന ഭാഗത്തും ഉണ്ടാകേണ്ടത് എന്നിരിക്കെ വ്യാജസർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 2014 എന്നാണ്.
advertisement
2016 ഏപ്രിലിലെ മെയിൻ പരീക്ഷയ്‌ക്ക് 80247 ആണ് രജിസ്റ്റർ നമ്പറായി സർട്ടിഫിക്കറ്റിലുള്ളത്. പലതവണ പരാജയപ്പെട്ടവർക്കായുള്ള അവസാന അവസര (മേഴ്‌സി ചാൻസ്) പരീക്ഷയുടെ രജിസ്റ്റർ നമ്പറാണ് 80 എന്ന നമ്പറിൽ ആരംഭിച്ചത്. സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന വിഷയത്തിൽ സർവകലാശാല ഒടുവിൽ മേഴ്‌സി ചാൻസ് നൽകിയതാകട്ടെ 2015ലും 2017ലുമാണ്. സർട്ടിഫിക്കറ്റിൽ മൂന്നാം പാർട്ട് വിഷയമായി കാണിച്ചിരിക്കുന്നത് ‘ടാക്‌സേഷൻ ലോ ആൻഡ് പ്രാക്‌ടീസ്’ എന്നാണ്. 1996 സ്കീമിലാണ് സർവകലാശാലയിൽ ഈ പേപ്പർ പഠിക്കാനുണ്ടായിരുന്നത്.
അതേസമയം താൻ ബിരുദധാരി അല്ലെന്നും ബികോം പഠിച്ചിട്ടില്ലെന്നും അൻസിൽ ജലീൽ ന്യൂസ് 18 നോട് പറഞ്ഞു. നിലവിൽ ആലപ്പുഴയിൽ ചായക്കട നടത്തുകയാണെന്നും സിനിമയിൽ പ്രവർത്തിക്കുന്നുണ്ടെന്നും അൻസിൽ വിശദീകരിക്കുന്നു. സംഭവത്തിൽ പൊലീസിൽ പരാതി നൽകാനാണ് അൻസിലിന്റെ തീരുമാനം.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
June 13, 2023 12:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെഎസ്‌യു സംസ്ഥാന കൺവീനറുടെ പേരിലും വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; ബിരുദധാരിയല്ലെന്ന് നേതാവ്