കോട്ടയം: ഏഴ് ദിവസം മുൻപ് ദുബായിൽ ആത്മഹത്യ ചെയ്ത ആളിന്റെ മൃത്ദേഹം ഏറ്റെടുക്കുന്നതിനെ ചൊല്ലി തർക്കം. കോട്ടയം ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കുന്നതിലാണ് തർക്കം. ബന്ധുക്കൾ ഏറ്റെടുക്കുന്നില്ലെന്ന പരാതിയുമായി ലക്ഷദ്വീപ് സ്വദേശി സഫിയ രംഗത്തെത്തി.
വിവാഹിതനായ ജയകുമാർ സഫിയയുമൊത്ത് 4 വർഷമായി ഒരുമിച്ചു താമസിക്കുകയാണ്. മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഏറ്റെടുത്ത സഫിയ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ബന്ധുക്കൾ ഏറ്റെടുക്കണം എന്നാണ് സഫിയയുടെ ആവശ്യം. എന്നാൽ ജയകുമാറിന്റെ മരണ വിവരം ഔദ്യോഗികമായി അറിഞ്ഞിട്ടെല്ലെന്നും എൻആർഐ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ പറയുന്നു.
ഇന്ന് പുലർച്ചെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹം എത്തിയത്. ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂർ സ്വദേശി ദുബായിൽ ആത്മഹത്യ ചെയ്തത്. മൃതദേഹം നാട്ടിലെത്തിക്കാൻ സന്നദ്ധ സംഘടനകൾ ശ്രമം തുടങ്ങിയപ്പോൾ തന്നെ ഏറ്റെടുക്കില്ലെന്ന് കുടുംബാംഗങ്ങൾ അറിയിച്ചിരുന്നു. മരണ സർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റ് സർട്ടിഫിക്കറ്റുകളും മാത്രം നൽകിയാൽ മതിയെന്നായിരുന്നു കുടുംബാംഗങ്ങൾ അറിയിച്ചതത്രെ.
അധിക ദിവസം മൃതദേഹം ദുബായിൽ സൂക്ഷിക്കാനാകില്ലെന്ന് അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കുടുംബാംഗങ്ങളുമായി ചർച്ച നടത്തുകയും അതിന്റെ ഫലമായി നാട്ടിലെത്തിച്ചശേഷം വിളിച്ചാൽ മതിയെന്ന് കുടുംബാംഗങ്ങൾ അറിയിക്കുകയുമായിരുന്നു. സാമൂഹിക പ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
മരിച്ച ജയകുമാർ ഭാര്യയിൽ നിന്ന് വിവാഹമോചനത്തിനായി കേസ് നൽകിയിട്ടുണ്ട്. മൂന്നു വർഷമായി കേസ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇയാൾ സുഹൃത്തായ യുവതിക്കൊപ്പമായിരുന്നു കഴിഞ്ഞത്. അതിനിടെയാണ് വീണ്ടും ദുബായിലേക്ക് പോയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dubai, Ettumanoor