നെൽപാടത്ത് വൈദ്യുതി കമ്പിപൊട്ടി കർഷകൻ ഷോക്കേറ്റ് മരിച്ചു; ഉദ്യോഗസ്ഥരുടെ അനാസ്ഥ എന്ന് ആരോപണം
- Published by:Sneha Reghu
- news18-malayalam
Last Updated:
വൈദ്യുതി കമ്പിപൊട്ടി വീണ കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി വലിക്കുകയോ ഫ്യൂസ് ഊരുകയോ ചെയ്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം
ആലപ്പുഴ: നെൽപാടത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. എടത്വാ മരിയാപുരം കാഞ്ചിക്കൽ സ്വദേശി ബെന്നി ജോസഫ് (62) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. സംഭവത്തെ തുടർന്ന്, വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി വലിക്കുകയോ ഫ്യൂസ് ഊരുകയോ ചെയ്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
വ്യാഴാഴ്ച രാവിലെ പാടത്തേക്ക് പോകുമ്പോഴായിരുന്നു ബെന്നിക്ക് വൈദ്യുതാഘാതമേറ്റത്. നടുവിലേ പോച്ച വടക്ക് ദേവസ്വം തുരുത്ത് പാടശേഖരത്തിനു സമീപത്തെ ചിറയിലാണ് രാത്രിയിലുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുത കമ്പി പൊട്ടി വീണത്. ഇക്കാര്യം വൈദ്യുത ബോർഡിനെ അറിയിച്ചപ്പോൾ നാട്ടുകാരോട് തന്നെ ഫ്യൂസൂരാനാണ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത്.
എന്നാൽ, ഊരിയ ഫ്യൂസ് മാറിപ്പോകുകയായിരുന്നെന്നാണ് വിവരം . ഇത് അറിയാതെയായിരുന്നു ബെന്നി ജോസഫ് പാടത്തേക്ക് എത്തിയത്. ലൈൻ പൊട്ടി വീണത് ബെന്നി അറിഞ്ഞിരുന്നെങ്കിലും വൈദ്യുതി വിഛേദിച്ചിട്ടുണ്ടെന്നാണ് കരുതിയത്. ബെന്നിക്ക് ഷോക്കേൽക്കുന്നത് കണ്ട് സമീപത്ത് നിന്നരുന്ന നാട്ടുകാരനായ വിബീഷ് ഓടിയെത്തി ഉടുവസ്ത്രം ചുറ്റി കമ്പി വലിച്ചു നീക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
advertisement
വൈദ്യുതി കമ്പി പൊട്ടിവീണതു ദേവസ്വം തുരുത്ത് പാടശേഖര സമിതി സെക്രട്ടറി ഗ്രിഗറി ജോർജാണ് കെഎസ്ഇബിയെ അറിയിച്ചത്. നിരവധി തവണ കെഎസ്ഇബിയിൽ വിളിച്ചെങ്കിലും ഫ്യൂസ് ഊരാനായിരുന്നു നിർദേശമെന്ന് ഗ്രിഗറി പറഞ്ഞു. ഒട്ടേറെപ്പേർ താമസിക്കുന്ന സ്ഥലമാണെന്നും ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വിളിച്ചപ്പോൾ, മറ്റു സ്ഥലങ്ങളിലും പോകേണ്ടതിനാൽ പിന്നീടു വരാമെന്നായിരുന്നു മറുപടി. ഇതിന് രണ്ടു മണിക്കൂർ ശേഷമാണ് അപകടം സംഭവിച്ചത്.
പലയിടത്തും കമ്പി പൊട്ടിവീണിരുന്നെന്നും രാത്രി എത്താൻ കഴിയാത്തതിനാലാണു ഫ്യൂസ് ഊരാൻ പറഞ്ഞതെന്നുമാണു വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഫ്യൂസ് ഊരിയിട്ടും എങ്ങനെ വൈദ്യുതി പ്രവഹിച്ചെന്ന് അന്വേഷിക്കുന്നുണ്ടെന്നും അസിസ്റ്റന്റ് എൻജിനീയർ പറഞ്ഞു.
advertisement
Summary : Electricity officials did not arrive despite reporting that the power line had snapped. Farmer died in alappuzha
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Alappuzha,Kerala
First Published :
October 25, 2024 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നെൽപാടത്ത് വൈദ്യുതി കമ്പിപൊട്ടി കർഷകൻ ഷോക്കേറ്റ് മരിച്ചു; ഉദ്യോഗസ്ഥരുടെ അനാസ്ഥ എന്ന് ആരോപണം