കാഴ്ച പരിമിതിയെ മറികടക്കാൻ കംപ്യൂട്ടർ; പത്താം ക്ലാസ് പരീക്ഷയെഴുതി ഫാത്തിമ അൻഷി
Last Updated:
കഴിഞ്ഞ വർഷം ഇത്തരത്തിൽ പരീക്ഷ എഴുതിയ മേലാറ്റൂർ സ്വദേശി ഹാറൂൺ കരീമിന്റെ ബന്ധു കൂടിയാണ് ഫാത്തിമ അൻഷി.
കാഴ്ചയില്ലെന്ന പരിമിതിയെ ഉൾക്കാഴ്ച കൊണ്ട് മറി കടക്കുന്ന കൊച്ചു ഗായിക കൂടി ആയ ഫാത്തിമ അൻഷി പത്താം തരം പരീക്ഷ കമ്പ്യൂട്ടർ സഹായത്തോടെ ആണ് എഴുതുന്നത്. ഇങ്ങനെ പരീക്ഷ എഴുതുന്ന സംസ്ഥാനത്തെ ആദ്യ വിദ്യാർഥിനി ആണ് മേലാറ്റൂർ ആര് എം എച്ച് എസ് സ്കൂൾ വിദ്യാർഥിനി ഫാത്തിമ ആൻഷി.
വീട് നിറയെ ഫാത്തിമ അൻഷിക്ക് ലഭിച്ച അവാർഡുകൾ ആണ്. എല്ലാം നൽകിയത് അവളുടെ സംഗീതം ആണ്. പാട്ടിന്റെ ലോകത്ത് നിന്ന് ഒരല്പം സമയം പഠനത്തിന് നീക്കി വച്ച് ഫാത്തിമ അൻഷി പരീക്ഷയ്ക്ക് ഒരുങ്ങിയിരിക്കുകയാണ്. കമ്പ്യൂട്ടർ സമയത്തോടെ ആണ് ഫാത്തിമ അൻഷി എസ് എസ് എൽ സി എഴുതുന്നത്. ചക്ഷുമതി എന്ന എൻജിഒയുടെ പിന്തുണയോടെ ആണ് ഫാത്തിമ അൻഷി ഇത്തരത്തിൽ പരീക്ഷ എഴുതാൻ തയ്യാറെടുത്തത്. ഇതിന് മുമ്പ് വരെ മറ്റൊരാളുടെ സഹായത്തോടെ ആയിരുന്നു പരീക്ഷകളെ നേരിട്ടത്. ഇത്തവണ ചോദ്യപ്പേപ്പർ വായിച്ചു കൊടുത്താൽ ഉത്തരങ്ങൾ അൻഷി കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്ത് പിന്നീട് അത് പ്രിന്റ് എടുത്ത് നൽകും. കോവിഡ് ലോക് ഡൗൺ കാലം ആണ് ഫാത്തിമ അൻഷിക്ക് കമ്പ്യൂട്ടർ പരിശീലനത്തിന് സഹായമായത്.
advertisement
'വള്ളിക്കപ്പറ്റയിലെ കാഴ്ച ശക്തി ഇല്ലാത്തവരുടെ സ്കൂളിൽ ആയിരുന്നു ആദ്യം പഠിച്ചത്. പിന്നീട്, ആണ് മേലാറ്റൂർ ആർ എം എച്ച് എസ് സ്കൂളിലേക്ക് മാറിയത്. സാധാരണ കുട്ടികൾക്ക് ഒപ്പം പഠിച്ചു തുടങ്ങിയത് ആത്മ വിശ്വാസം വർധിപ്പിച്ചു. കോവിഡ് ലോക്ഡൗൺ കാലത്ത് ആണ് കമ്പ്യൂട്ടർ സഹായത്തോടെ പരീക്ഷ എഴുതാൻ വേണ്ട ശ്രമം തുടങ്ങിയത്. വളരെ പെട്ടെന്ന് തന്നെ അതിന് വേണ്ട പരിശ്രമം ഫലം കണ്ടു. അങ്ങനെ ആണ് എസ്എസ്എൽസി കമ്പ്യൂട്ടർ സഹായത്തോടെ എഴുതാൻ തീരുമാനിച്ചത്.'
advertisement

ബഹുമുഖ പ്രതിഭ ആണ് ഈ മിടുക്കി. ശാസ്ത്രീയ സംഗീതം വർഷങ്ങളായി അഭ്യസിക്കുന്നു. കീ ബോർഡിൽ ഏത് തരം സംഗീതവും ഫാത്തിമ അൻഷിക്ക് വഴങ്ങും. സംഗീതം നിരവധി വേദികളിൽ ഈ മിടുക്കിക്ക് ആദരം നൽകിയിട്ടുണ്ട്. വലിയ സ്വപ്നങ്ങൾ ആണ് ഫാത്തിമ അൻഷിക്കുള്ളത്. സ്വപ്നം കാണുക മാത്രമല്ല, അതിലേക്ക് ഉള്ള മുന്നൊരുക്കങ്ങൾ ഇപ്പോഴേ തുടങ്ങിയിട്ടുണ്ട് ഈ മിടുക്കി. ഐ എഫ് എസ് ആണ് ആ സ്വപ്നം.
advertisement
'വള്ളിക്കാപറ്റ സ്കൂളിലെ പ്രധാന അധ്യാപകൻ ആണ് ഐ എഫ് എസിനെ പറ്റി ആദ്യം പറയുന്നത്. അന്ന് മുതൽ അതിനെ പറ്റി അറിയാൻ ശ്രമം തുടങ്ങി. ഇപ്പോൾ ഐ എഫ് എസ് ആണ് സ്വപ്നം. ഒരു പാട് യാത്ര ചെയ്യണം..ലോകം കാണണം.' - അൻഷി പറയുന്നു.
12 ഭാഷകൾ അറിയാം ഫാത്തിമ അൻഷിക്ക്. ഇപ്പോഴും പഠിച്ചു കൊണ്ടിരിക്കുന്നു. ഇതെല്ലാം ഐ എഫ് എസ് എന്ന ലക്ഷ്യത്തിലേക്ക് ഉള്ള ചവിട്ടുപടി ആണ്. യൂ ട്യൂബും ഇന്റർനെറ്റുമാണ് പഠന സഹായികൾ. മകളുടെ കണ്ണും കാതുമായി മനസ്സറിഞ്ഞ് അച്ഛൻ അബ്ദുൽ ബാരിയും അമ്മ ഷംലയും നിഴൽ പോലെ ഒപ്പം ഉണ്ട്. മകളുടെ പേരിൽ അറിയപ്പെടുന്നത് ഇവർക്ക് നൽകുന്ന അഭിമാനം വാക്കുകൾക്ക് അതീതമാണ്.
advertisement

'ഇവൾ ജനിച്ചപ്പോൾ ഷംലയുടെ ഉപ്പ പറഞ്ഞു, ഇവൾക്ക് കാഴ്ച ശക്തി ഇല്ലെന്ന് ഓർത്ത് വിഷമിക്കരുത്. നാളെ നിങ്ങള് ഇവളുടെ പേരിൽ ആകും അറിയപ്പെടുക. അന്നത് ആശ്വസിപ്പിക്കാൻ വേണ്ടി പറയുകയാണെന്ന് ആണ് കരുതിയത്. പക്ഷേ ഇപ്പോൾ മനസ്സിലാക്കുന്നു അക്ഷരാർത്ഥത്തിൽ അത് ശരിയാണെന്ന്. ഫാത്തിമ അൻഷിയുടെ വീട് എവിടെ ആണ് എന്നാണ് ഇപ്പൊൾ ആളുകൾ അന്വേഷിക്കുന്നത്. അവള് കാണുന്ന സ്വപ്നങ്ങൾ എല്ലാം ഞങ്ങളുടെ കൂടിയാണ്. ഞങ്ങൾക്ക് ഇവൾ അനുഗ്രഹീത ആണ്.' -
advertisement
കഴിഞ്ഞ വർഷം ഇത്തരത്തിൽ പരീക്ഷ എഴുതിയ മേലാറ്റൂർ സ്വദേശി ഹാറൂൺ കരീമിന്റെ ബന്ധു കൂടിയാണ് ഫാത്തിമ അൻഷി. കേരളത്തിൽ ആദ്യമായി കമ്പ്യൂട്ടർ സഹായത്തോടെ എസ് എസ് എൽസി പരീക്ഷ എഴുതിയ കാഴ്ച ശക്തി ഇല്ലാത്ത വിദ്യാർത്ഥി ഹാറൂൺ കരീം ആണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 09, 2021 10:22 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാഴ്ച പരിമിതിയെ മറികടക്കാൻ കംപ്യൂട്ടർ; പത്താം ക്ലാസ് പരീക്ഷയെഴുതി ഫാത്തിമ അൻഷി


