കോട്ടയം: ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്ക് പ്രയോജനം ചെയ്യുന്ന ചെങ്ങന്നൂര്‍ നിന്നും പമ്പ വരെയുള്ള റെയില്‍വേ പാതയുടെ സാധ്യതാ പഠനം മൂന്നുമാസത്തിൽ പൂർത്തിയാകും. ഇതിനു ശേഷം 2025 ഓടെ പദ്ധതിയിൽ കേന്ദ്രസർക്കാർ തീരുമാനം എടുക്കുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനീറ്റീസ് കമ്മിറ്റി ചെയര്‍മാന്‍ പി കെ കൃഷ്ണദാസ് വ്യക്തമാക്കി.
ചെങ്ങന്നൂരിൽ നിന്ന് പമ്പയിലേക്ക് 45 മിനിറ്റിനുള്ളിൽ എത്താൻ കഴിയുന്ന 75 കിലോമീറ്റർ റെയിൽപാത പദ്ധതിയുടെ അന്തിമ സാധ്യതാ പഠനമാണ് സ്വകാര്യ ഏജൻസി നടത്തുന്നത്. ഇത് മൂന്നു മാസത്തിൽ പൂർത്തിയാകും. പിന്നീട് ഏതാണ്ട് ഒരുവർഷം അതിൻ മേലുള്ള പഠനം നടക്കും. ഇതിനു ശേഷമാണ് പദ്ധതിയുടെ അന്തിമ രൂപം പ്രഖ്യാപിച്ച് നടപടികള്‍ ആരംഭിക്കുകയെന്ന് എന്ന് കൃഷ്ണദാസ് പറഞ്ഞു.
Also Read- ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; പരിസ്ഥിതി ആഘാത പഠനം തുടരുന്നു
തൂണുകളിൽ വരുന്ന എലവേറ്റഡ് റയിൽ പാത ആകാനാണ് സാധ്യത. രാജ്യത്തെ 52 പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ 17,000 കോടി രൂപ ചെലവഴിച്ച് വിമാനത്താവളത്തിന് സമാനമായ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ 300 കോടി രൂപ ചെലവഴിച്ചാണ് വികസന പ്രവര്‍ത്തനം നടത്തുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്ന് പത്തോളം അംഗങ്ങള്‍ക്കൊപ്പമാണ് പി കെ കൃഷ്ണദാസ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. പ്രധാനമായും ശബരിമല ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള തീര്‍ത്ഥാടകര്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനെ ആശ്രയിക്കുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ചെങ്ങന്നൂര്‍- പമ്പ റെയില്‍വേ പാതയ്ക്ക് പച്ചക്കൊടി കാണിച്ചത് എന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.