• HOME
  • »
  • NEWS
  • »
  • kerala
  • »
  • ശബരിമല വിമാനത്താവളത്തിന്‌ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; പരിസ്ഥിതി ആഘാത പഠനം തുടരുന്നു

ശബരിമല വിമാനത്താവളത്തിന്‌ പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി; പരിസ്ഥിതി ആഘാത പഠനം തുടരുന്നു

കെഎസ്ഐഡിസി പദ്ധതി പ്രദേശത്തു പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനം നടത്തുന്ന പ്രക്രിയയിലാണെന്നും മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ ആന്റോ ആന്റണിക്ക്‌ മറുപടി നൽകി

  • Share this:

    ന്യൂഡൽഹി: ശബരിമല വിമാനത്താവളത്തിന് പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയിൽ അറിയിച്ചു. എരുമേലിക്ക് സമീപമുള്ള ചെറുവള്ളി എസ്റ്റേറ്റിൽ വിമാനത്താവളം തുടങ്ങുന്നതിന് 2020 ജൂണിൽ സംസ്ഥാന സർക്കാർ സംരംഭമായ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷൻ (കെഎസ്ഐഡിസി), വ്യോമയാന മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചിരുന്നു.

    എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), പ്രതിരോധ മന്ത്രാലയം, ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എന്നിവരുമായി കൂടിയാലോചിച്ചാണ് കെഎസ്ഐഡിസി നിർദേശം പരിഗണിച്ചത്. എഎഐ, ഡിജിസിഎ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി സാങ്കേതിക, സാമ്പത്തിക സാധ്യത പഠന റിപ്പോർട്ട് 2022 ജൂണിൽ കെഎസ്ഐഡിസി സമർപ്പിച്ചു. കെഎസ്ഐഡിസിക്ക് സൈറ്റ് അനുമതി നൽകാൻ പരിഗണിക്കുന്നതിനായി കഴിഞ്ഞ നവംബറിൽ ഗ്രീൻഫീൽഡ് വിമാനത്താവളങ്ങളെക്കുറിച്ചുള്ള സ്റ്റിയറിങ്‌ കമ്മിറ്റിയിൽ സമർപ്പിച്ചു. തുടർന്ന്‌ ഭൂമിയുടെ ലഭ്യത(എല്ലാ ബാധ്യതകളിൽ നിന്നും മുക്തമായത്), സ്വതന്ത്ര ഏജൻസിയുടെ ഇംപാക്‌ട്‌ അസസ്‌മെന്റ്‌ ഡാറ്റ പരിശോധന, ആഭ്യന്തര വരുമാന നിരക്ക് എന്നിവ കെഎസ്ഐഡിസിയിൽ നിന്ന് ആവശ്യപ്പെട്ടു.

    Also Read- ശബരിമല വിമാനത്താവളം: ചെറുവള്ളി എസ്റ്റേറ്റിന്റെ ഭൂനികുതി സ്വീകരിക്കാൻ റവന്യു വകുപ്പ് നിർദേശം; നടപടി ഹൈക്കോടതി ഉത്തരവ് പ്രകാരം

    ഡിസംബറിൽ കെഎസ്ഐഡിസിയിൽ നിന്ന് ഇവ ലഭിച്ചു. ഡിജിസിഎയുടെയും എഎഐയുടെയും അഭിപ്രായവും കിട്ടി. തുടർന്ന്, നിർദിഷ്‌ട വിമാനത്താവളത്തിൽ നിന്ന് 150 കിലോമീറ്ററിനുള്ളിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും ആഘാത വിലയിരുത്തൽ നടത്താനും മൂന്നാം കക്ഷിയെ ഉൾപ്പെടുത്തി ഇംപാക്റ്റ് ഡാറ്റ പരിശോധിക്കാനും കെഎസ്ഐഡിസിയോട് വ്യോമയാന മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ട്‌. കെഎസ്ഐഡിസി പദ്ധതി പ്രദേശത്തു പരിസ്ഥിതി ആഘാത വിലയിരുത്തൽ പഠനം നടത്തുന്ന പ്രക്രിയയിലാണെന്നും മന്ത്രി ലോക്‌സഭയിൽ ആന്റോ ആന്റണിക്ക്‌ മറുപടി നൽകി.

    Published by:Rajesh V
    First published: