മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് കന്നിക്കൊയ്ത്തിൽ നാല് ലക്ഷം രൂപയുടെ മീൻ

Last Updated:

വേളപ്പാര, വറ്റപ്പാര, വറ്റ, ഹമൂര്‍, അഴുക, ചെമ്പല്ലി, മോദ തുടങ്ങിയ വമ്പൻ മൽസ്യങ്ങളാണ് ഇവർക്ക് ലഭിച്ചത്. ഇവർ കൊണ്ടുവന്ന വേളപ്പാരയ്ക്ക് മാത്രം നീണ്ടകരയിൽ മൂന്നുലക്ഷം രൂപയോളം വില ലഭിച്ചു

മൽസ്യബന്ധന ബോട്ട്
മൽസ്യബന്ധന ബോട്ട്
കൊല്ലം: മത്സ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി നൽകിയ ബോട്ട് ആദ്യത്തെ തവണ കടലിൽ പോയി തിരികെ വന്നപ്പോൾ നിറയെ മൽസ്യം. ആഴക്കടൽ മത്സ്യബന്ധനത്തിന് വേണ്ടി ജോനകപ്പുറം മൂദാക്കര മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘത്തിന് മുഖ്യമന്ത്രി നല്‍കിയ ബോട്ടിനാണ് ചാകര ലഭിച്ചത്. സെന്റ് ആന്റണി എന്ന ബോട്ടാണ് നിറയെ മീനുമായി കരയിലേക്ക് മടങ്ങിയെത്തിയത്.
മുഖ്യമന്ത്രി നൽകിയ ബോട്ടുമായി മെയ് 29ന് രാത്രിയിലാണ് കൊല്ലത്തെ മൽസ്യത്തൊഴിലാളികൾ ആദ്യമായി കടലിൽ പോയത്. നാലുദിവസത്തെ പണികഴിഞ്ഞ് ഇന്നലെയാണ് സെന്‍റ് ആന്‍റണി നീണ്ടകര തുറമുഖത്ത് തിരിച്ചെത്തിയത്. ബോട്ട് കണ്ട് തുറമുഖത്ത് ഉണ്ടായിരുന്നവർ അമ്പരന്ന് പോയി. ബോട്ടിൽ നിറയെ മൽസ്യം. ഹാർബറിലെ ലേലത്തിനൊടുവിൽ നാല് ലക്ഷം രൂപയുടെ മത്സ്യമാണ് ഈ ബോട്ടിൽനിന്ന് മാത്രം വിറ്റുപോയത്.
സെന്‍റ് ആന്‍റണി ബോട്ടിൽ 16 അംഗ സംഘമാണ് കടലില്‍ പോയത്. കാലാവസ്ഥയിൽ പെട്ടെന്നുണ്ടായ മാറ്റം കാരണം ആദ്യ രണ്ട് ദിവസം തീരെ മത്സ്യം ലഭിച്ചിരുന്നില്ല. മൽസ്യത്തൊഴിലാളികൾ നിരാശരായിരുന്നു. പിറ്റേദിവസവും മൽസ്യം ലഭിച്ചില്ലെങ്കിൽ കരയിലേക്ക് മടങ്ങണമെന്നും അവർ ഉറപ്പിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത രണ്ടു ദിവസങ്ങളിൽ തൊട്ടതെല്ലാം പൊന്നായിരുന്നു. ഓരോ തവണ വലയെറിഞ്ഞ് കോരുമ്പോഴും നിറയെ മൽസ്യം കയറി.
advertisement
വേളപ്പാര, വറ്റപ്പാര, വറ്റ, ഹമൂര്‍, അഴുക, ചെമ്പല്ലി, മോദ തുടങ്ങിയ വമ്പൻ മൽസ്യങ്ങളാണ് ഇവർക്ക് ലഭിച്ചത്. ഇവർ കൊണ്ടുവന്ന വേളപ്പാരയ്ക്ക് മാത്രം നീണ്ടകരയിൽ മൂന്നുലക്ഷം രൂപയോളം വില ലഭിച്ചു. ഒരു കിലോ വേളപ്പാര 440 രൂപയ്ക്കാണ് ലേലത്തില്‍ പോയത്. വേളാപ്പാര മുഴുവൻ മത്സ്യഫെഡാണ് ലേലം പിടിച്ചത്. മത്സ്യഫെഡ് ചെയര്‍മാൻ ടി. മനോഹരന് തൊഴിലാളികള്‍ ചേര്‍ന്ന് മത്സ്യം കൈമാറി.
ഇക്കഴിഞ്ഞ മെയ് അഞ്ചിനാണ് കൊല്ലത്ത് മൽസ്യത്തൊഴിലാളികൾക്ക് മുഖ്യമന്ത്രി ബോട്ട് കൈമാറിയത്. എൽഡിഎഫ്‌ സർക്കാരിന്റെ രണ്ടാം വാർഷികാചരണത്തിന്‍റെ ഭാഗമായാണ് സർക്കാർ വികസന പദ്ധതികളായ ലൈഫ്‌ വീട്, ആഴക്കടൽ മീൻപിടിത്തബോട്ടിന്റെ വിതരണം എന്നിവ മുഖ്യമന്ത്രി നിർവ്വഹിച്ചത്.
advertisement
കൊച്ചിൻ ഷിപ്പ് യാർഡിൽ നിർമ്മിച്ച 5 ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളാണ് കൊല്ലം നീണ്ടകരയിൽ വെച്ച് ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു. പരമ്പരാഗത യാനങ്ങളിൽ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികളെ ഘട്ടം ഘട്ടമായി സുരക്ഷിത യന്ത്രവത്കൃത മത്സ്യബന്ധന രീതിയിലേക്ക് പരിവർത്തനം ചെയ്യാനും, ആഴക്കടൽ മത്സ്യബന്ധനത്തിന് പ്രാപ്തരാക്കി മെച്ചപ്പെട്ട സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുമാണ് സർക്കാരിന്റെ പദ്ധതി.
പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ ബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. വർദ്ധിച്ച മത്സ്യ സംഭരണ ശേഷി, ശീതീകരണ സൗകര്യങ്ങൾ, എഞ്ചിൻ ശേഷി തുടങ്ങിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി കൊച്ചിൻ ഷിപ്പ് യാർഡ് രൂപകൽപന ചെയ്ത ഒരു യാനത്തിൻറെ വില 1.57 കോടി രൂപയായിരുന്നു. അതിൽ 40% സർക്കാർ സബ്സിഡിയും (24% കേന്ദ്ര വിഹിതവും 16% സംസ്ഥാന വിഹിതവും) 60% ഗുണഭോക്തൃ വിഹിതവുമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഖ്യമന്ത്രിയുടെ കൈ 'പൊലിച്ചു'; കൊല്ലത്ത് നൽകിയ ബോട്ടിലെ മത്സ്യത്തൊഴിലാളികൾക്ക് കന്നിക്കൊയ്ത്തിൽ നാല് ലക്ഷം രൂപയുടെ മീൻ
Next Article
advertisement
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
ഡോക്ടർക്ക് വെട്ടേറ്റതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് വ്യാഴാഴ്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം
  • സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാർ വ്യാഴാഴ്ച പ്രതിഷേധ ദിനം ആചരിക്കും.

  • ആശുപത്രി ആക്രമണങ്ങൾ തടയാൻ ആവശ്യങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കെജിഎംഒ ആവശ്യപ്പെട്ടു.

  • പ്രതിഷേധ ദിനത്തിൽ രോഗീപരിചരണം ഒഴികെയുള്ള എല്ലാ സേവനങ്ങളിൽനിന്നും ഡോക്ടർമാർ വിട്ടുനിൽക്കും.

View All
advertisement