തൃശൂരിന് മുകളിൽ വട്ടം കറങ്ങിയത് നാല് ഹെലികോപ്റ്ററുകൾ; പരിഭ്രാന്തരായ ആളുകൾ പൊലീസിനെ വിളിച്ചു, കാര്യമറിഞ്ഞപ്പോൾ അന്തംവിട്ട് ജനം
Last Updated:
ലോക്ക്ഡൗൺ കാലത്ത് എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരുന്ന സമയത്ത് ആകാശത്തിന് മുകളിൽ കൂടി തലങ്ങും വിലങ്ങും ഹെലികോപ്റ്ററുകൾ വട്ടം കറങ്ങിയതാണ് തൃശൂരുകാരെ ആശയക്കുഴപ്പത്തിലാക്കിയത്.
തൃശൂർ: ലോക്ക്ഡൗൺ കാലത്ത് പുറത്തു പോലും ഇറങ്ങാൻ കഴിയാതെ വീട്ടിൽ തന്നെ കഴിച്ചു കൂട്ടുന്നതിനിടയിലാണ് ആകാശത്തിൽ കൂടെ ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറക്കുന്നത് തൃശൂരിലെ ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. അതും ഒരു ഹെലികോപ്റ്ററല്ല നാലെണ്ണം. കഴിഞ്ഞയാഴ്ചയാണ് സംഭവം. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ആളും അനക്കവുമില്ലാത്ത നഗരത്തിന്റെ മുകളിൽ ഹെലികോപ്റ്ററുകൾ പറന്നു തുടങ്ങിയതോടെ ആളുകളും പരിഭ്രാന്തിയിലായി. ഇടയ്ക്കിടയ്ക്ക് ഹെലികോപ്റ്ററുകൾ വട്ടമിട്ട് പറക്കുന്നത് കാണുന്നുണ്ടെന്ന് മറ്റു ചിലർ പറയുക കൂടി ചെയ്തതോടെ ആശങ്കയുടെ അളവും വർദ്ധിച്ചു.
ആശങ്കയിലായ ആളുകൾ വെറുതെ ഇരുന്നില്ല. ചിലർ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് കാര്യം പറഞ്ഞപ്പോൾ മറ്റു ചിലർ മാധ്യമസ്ഥാപനങ്ങളിലേക്ക് വിളിക്കുകയാണ് ചെയ്തത്. നാല് ഹെലികോപ്റ്ററുകൾ തുടർച്ചയായി നഗരത്തിന് മുകളിൽ കൂടെ എന്തിനാണ് ഇങ്ങനെ പറക്കുന്നതെന്നായിരുന്നു എല്ലാവരുടെയും ആശങ്ക. ഒടുവിൽ പൊലീസ് തന്നെ അതിന് ഉത്തരം കണ്ടെത്തി.
ആദ്യഘട്ടത്തിൽ തന്നെ പൊലീസ് ചെയ്തത് നഗരത്തിൽ ഹെലികോപ്റ്റർ സ്വന്തമായുള്ള ബിസിനസുകാരെ വിളിച്ച് ചോദിക്കുകയായിരുന്നു. അപ്പോഴാണ് സംഗതി മനസിലായത്. ജില്ലയിലെ വൻ വ്യവസായികളും ബിസിനസുകാരുമായ നാലഞ്ചുപേർക്ക് സ്വന്തമായി ഹെലികോപ്റ്ററും ചെറുവിമാനവും ഒക്കെയുണ്ട്. കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഇവയൊക്കെ വെറുതെ ഇട്ടിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രകൾ തടസപ്പെട്ടതാണ് ഇതിന് കാരണം. ഹെലികോപ്റ്ററും ഒരു യന്ത്രം മാത്രമാണല്ലോ. കുറേ ദിവസങ്ങൾ തുടർച്ചയായി പ്രവർത്തിക്കാതിരുന്നാൽ കേടുപാടുകൾ സംഭവിക്കാം. ചിലപ്പോൾ ബാറ്ററിക്ക് പ്രശ്നങ്ങളും ഉണ്ടാകാം. അതുകൊണ്ടാണ് ഇടയ്ക്കിടെ ഹെലികോപ്റ്റർ ഒന്നു പറത്തി നോക്കുന്നത്.
advertisement
വൻ വ്യവസായികളായ എം എ യൂസഫലി, ജോയ് ആലുക്കാസ്, ബോബി ചെമ്മണ്ണൂർ, കല്യാൺ ഗ്രൂപ്പ് എന്നിവർക്കൊക്കെ തൃശൂരിൽ ഹെലികോപ്റ്ററുകളുണ്ട്. ഇത് നഗരത്തിനു മുകളിലൂടെ പറക്കുന്നത് തൃശൂരുകാർക്ക് പുതുമയുമല്ല. എന്നാൽ, ലോക്ക്ഡൗൺ കാലത്ത് എല്ലാവരും പുറത്തിറങ്ങാതെ വീട്ടിലിരുന്ന സമയത്ത് ആകാശത്തിന് മുകളിൽ കൂടി തലങ്ങും വിലങ്ങും ഹെലികോപ്റ്ററുകൾ വട്ടം കറങ്ങിയതാണ് തൃശൂരുകാരെ ആശയക്കുഴപ്പത്തിലാക്കിയത്.
advertisement
കോവിഡ് പോകാൻ വേണ്ടി എന്തെങ്കിലും മരുന്ന് തളിക്കുന്നതാണോയെന്ന് ആയിരുന്നു കുറേ പേരുടെ സംശയം. എന്നാൽ, കോവിഡിനെ തുടർന്ന് ലോക്ക്ഡൗൺ ഒക്കെ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പൊലീസ് നടത്തുന്ന നിരീക്ഷണം വല്ലതുമാണോ എന്നായിരുന്നു മറ്റു ചിലരുടെ സംശയം. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ആയിരുന്നു ഇതിനുമുമ്പ് ഇതുപോലെ തൃശൂരിന് മുകളിൽ ഹെലികോപ്റ്റർ വട്ടം കറങ്ങിയത്. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് എൻ ഡി എ സ്ഥാനാർത്ഥിയായ സുരേഷ് ഗോപിയുടെ സഞ്ചാരം ഹെലികോപ്റ്ററിൽ ആയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 13, 2021 7:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തൃശൂരിന് മുകളിൽ വട്ടം കറങ്ങിയത് നാല് ഹെലികോപ്റ്ററുകൾ; പരിഭ്രാന്തരായ ആളുകൾ പൊലീസിനെ വിളിച്ചു, കാര്യമറിഞ്ഞപ്പോൾ അന്തംവിട്ട് ജനം