മലയാളം സർവകലാശാല വിസി നിയമനത്തിൽ ഗവർണറെ മറികടന്ന് സർക്കാർ മുന്നോട്ട്
- Published by:Anuraj GR
- news18-malayalam
Last Updated:
ഗവർണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്
തിരുവനന്തപുരം: മലയാളം സർവ്വകലാശാല വിസി നിയമന നടപടികളുമായി സർക്കാർ മുന്നോട്ട്. ഗവർണർ ഇതുവരെ ഒപ്പിടാത്ത സർവ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സെർച്ച് കമ്മിറ്റിയുണ്ടാക്കാനാണ് സർക്കാർ നീക്കം. കമ്മിറ്റിയിലേക്ക് രാജ്ഭവൻ പ്രതിനിധിയെ നൽകാൻ ആവശ്യപ്പെട്ട് സർക്കാർ കത്ത് നൽകിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് കത്തെഴുതിയത്. നിലവിലെ ചട്ടപ്രകാരം സെർച്ച് കമ്മിറ്റിയെ നിയമിക്കേണ്ടത് ഗവർണറാണ്.
ഗവർണറുടെ പ്രതിനിധിക്ക് പുറമെ സർക്കാരിന്‍റെയും യുജിസിയുടേയും ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെയും സിൻഡിക്കേറ്റിന്‍റെയും പ്രതിനിധികൾ സെർച്ച് കമ്മിറ്റിയിലുണ്ടാകുമെന്നാണ് സർക്കാർ അറിയിച്ചത്. ഗവർണറുടെ അധികാരം വെട്ടാൻ നിയമസഭ പാസ്സാക്കിയ നിയമഭേദഗതി അനുസരിച്ചാണ് സെർച്ച് കമ്മിറ്റി ഉണ്ടാക്കുന്നത്. പക്ഷെ ഇതുവരെ ഈ ബില്ലിൽ ഗവർണർ അംഗീകാരം നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ സർക്കാർ ആവശ്യം ഗവർണർ നിരാകരിക്കാനാണ് സാധ്യത.
ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബില്ലിൽ ഒപ്പിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിൽ രാഷ്ട്രപതിക്ക് അയക്കുന്നതിലെ സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും രാഷ്ട്രപതിക്ക് അയക്കുന്നതിൽ തീരുമാനം എടുത്തില്ലെന്നും ഗവർണർ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭാ സമ്മേളനം പാസ്സാക്കിയ 16 ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നു. കഴിഞ്ഞ ഡിസംബർ 13 ന് നിയമസഭ പാസാക്കിയ ബിൽ 22നാണ് സർക്കാർ ഗവർണർക്ക് അയച്ചത്. ഒൻപത് ദിവസത്തിന് ശേഷം ബിൽ സർക്കാർ രാജ്ഭവന് കൈമാറുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
January 21, 2023 10:16 AM IST


