• HOME
  • »
  • NEWS
  • »
  • kerala
  • »
  • അസ്വാഭാവികമായി പലതും സംഭവിക്കുന്നുവെന്ന് ഗവർണർ; ചാൻസലർ സ്ഥാനത്ത് തുടരാൻ പറ്റാത്ത സാഹചര്യം

അസ്വാഭാവികമായി പലതും സംഭവിക്കുന്നുവെന്ന് ഗവർണർ; ചാൻസലർ സ്ഥാനത്ത് തുടരാൻ പറ്റാത്ത സാഹചര്യം

'വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യവും, സമയവുമില്ല. അതു കൊണ്ടാണ് പലപ്പോഴും മൗനം പാലിക്കുന്നത്'

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

  • Share this:
    കൊച്ചി: സർവ്വകലാശാല വിവാദത്തിൽ തുറന്നടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Mohammad Khan). അസ്വാഭാവികമായി പലതും സംഭവിക്കുന്നെന്നും ചാൻസലർ സ്ഥാനത്ത് തുടരാൻ കഴിയാത്ത ഗൗരവസാഹചര്യമാണെന്നും ഗവർണർ കൊച്ചിയിൽ പറഞ്ഞു. എന്നാൽ ഡി-ലിറ്റ് വിഷയത്തിലെ ചോദ്യങ്ങളോട് മൗനം പാലിക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ഗവർണറുടെ മറുപടി.

    ചാൻസലർ പദവിയിൽ തുടരാനില്ലെന്ന് അടിവരയിട്ട് ആവർത്തിക്കുകയാണ് ഗവർണർ. ചെയ്യുന്ന തൊഴിലിൽ ഗൗരവതരമായ പ്രശ്നങ്ങളുണ്ടായാൽ വേണ്ടന്ന് വയ്ക്കാറുണ്ട്. അതുപോലെ തന്നെയാണ് ചാൻസലർ പദവിയുടെ കാര്യത്തിലും തന്റെ നിലപാടെന്നാണ് ഗവർണർ പറയുന്നത്. അസ്വാഭാവികമായ പലതും നടക്കുന്നു, അതീവ ഗൗരവ സാഹചര്യമെന്നും ഗവർണർ.

    വിവാദങ്ങളോട് തർക്കിച്ച് നിൽക്കാൻ താൽപര്യവും, സമയവുമില്ല. അതു കൊണ്ടാണ് പലപ്പോഴും മൗനം പാലിക്കുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാൻ കേരള വിസിയോട് ആവശ്യപ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോൾ പറയുന്നില്ല. ഭരണഘടനയെയും, ദേശീയചിഹ്നങ്ങളെയും ബഹുമാനിക്കുന്നതിനാൽ വിഷയത്തിൽ അനാവശ്യ വിവാദങ്ങൾ വേണ്ടെന്നും ഗവർണർ വ്യക്തമാക്കി.

    ഇപ്പോഴത്തെ തർക്കം പരിഹരിക്കാനുള്ള വഴിയെന്തെന്ന ചോദ്യത്തിന് നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കണമെന്നും നിയമനിർമാണമോ ഓർഡിനൻസോ ഇറക്കി ചാൻസലറെ മാറ്റാനുള്ള തീരുമാനമെടുക്കണമെന്നായിരുന്നു മറുപടി. ചാൻസലർ പദവി ഏറ്റെടുക്കാനില്ലെന്ന് ഗവർണർ ആവർത്തിച്ച് വ്യക്തമാക്കുമ്പോൾ ഈ വിഷയത്തിൽ ഒരു സമവായത്തിനും താൻ തയ്യാറല്ലെന്ന് കൂടിയാണ്  ഗവർണർ പരോക്ഷമായി പറയുന്നത്.

    ഗവർണർ ഇതേനിലപാട് തുടർന്നാൽ, അത് സർവകലാശാലകളുടെ ഭരണത്തെയും ബാധിക്കും. ഇത്  മറികടക്കണമെങ്കിൽ സർക്കാർ അടിയന്തരമായി ഇടപെട്ടേ മതിയാവൂ. എന്നാൽ അത് അത്ര എളുപ്പവുമല്ല.  നിയമസഭ സമ്മേളനം വിളിച്ച്‌  ഇതിൽ പരിഹാരം  കണ്ടെത്താനാണ് ഗവർണറും നിർദ്ദേശിക്കുന്നത്.

    ചാൻസലർ പദവി സംബന്ധിച്ച വിവാദങ്ങളോട് ഗവർണർ പ്രതികരിക്കുമ്പോഴും ഡി. ലിറ്റ് വിവാദത്തിൽ ഒന്നും പറയാനില്ല എന്നു പറഞ്ഞു ഒഴിയുകയാണ് ഗവർണർ ചെയ്യുന്നത്. രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണം എന്ന് കേരള സർവ്വകലാശാല വിസിയോട് ആവശ്യപ്പെട്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഒരു മറുപടിയും ഗവർണർ നൽകുന്നില്ല എന്നതും ശ്രദ്ധേയമാണ്.

    ഭരണഘടനയെയും, ദേശീയചിഹ്നങ്ങളെയും ബഹുമാനിക്കുന്നതിനാലാണ് താൻ ഇതിൽ പ്രതികരിക്കാത്തതെന്ന് പറയുന്ന ഗവർണർ സ്വയം പ്രതിരോധം തീർക്കുകയാണെന്നു ചൂണ്ടി കാണിക്കപ്പെടുന്നു.

    Summary: Governor Arif Mohammad Khan reacts to controversies surrounding Vice Chancellor appointment and other issues
    Published by:user_57
    First published: