മധു കൊല്ലപ്പെട്ട കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി
Last Updated:
തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടത്തിന്‍റെ മർദ്ദനമേറ്റ് ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി. കൂടുതൽ ഫീസ് നൽകാനാകില്ലെന്ന കാരണം പറഞ്ഞാണ് പബ്ലിക് പ്രോസിക്യൂട്ടർ പി ഗോപിനാഥിനെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം. ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവിന്‍റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.
മോഷണക്കുറ്റം ആരോപിച്ച് 2018 ഫെബ്രുവരി 21നാണ് അട്ടപ്പാടി ചിണ്ടക്കി സ്വദേശി മധു ആൾക്കൂട്ടത്തിന്‍റെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടത്. കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി പാലക്കാട്ടെ പ്രമുഖ അഭിഭാഷകൻ പി ഗോപിനാഥിനെ സർക്കാർ ഇടപെട്ട് നിയമിക്കുകയായിരുന്നു. എന്നാൽ, ചട്ടപ്രകാരം പബ്ലിക് പ്രോസിക്യൂട്ടർക്ക് നൽകുന്ന പ്രതിഫലം പോരെന്ന് ഗോപിനാഥ് ചൂണ്ടിക്കാട്ടിയതാണ് അദ്ദേഹത്തെ ഒഴിവാക്കാൻ കാരണമായി ആഭ്യന്തര വകുപ്പിന്‍റെ ഉത്തരവിൽ വ്യക്തമാക്കുന്നത്.
advertisement
കേസ് നടക്കുന്ന മണ്ണാർക്കാട് കോടതിക്ക് സമീപം പ്രത്യേകം ഓഫീസും DySP റാങ്കിലുളള ഒരുദ്യോഗസ്ഥന്‍റെ സഹായവും ഗോപിനാഥ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇതും അംഗീകരിച്ചില്ല. നിയമനം റദ്ദാക്കിയെന്ന മറുപടി മാത്രമാണ് ഗോപിനാഥിന് ലഭിച്ചത്. കേസിന്‍റെ വിചാരണ തുടങ്ങാനിരിക്കെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നത്. ഇത് പ്രതികൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. വിചാരണ നടക്കുന്ന മണ്ണാർക്കാട് എസ് സി, എസ് ടി കോടതിയിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്ന ആളാകും ഇനി ഈ കേസിലുമെത്തുക.
advertisement
രാഷ്ടീയ കേസുകളിൽ വൻ തുക നൽകി മറ്റ് കേസുകളിൽ സുപ്രീംകോടതി അഭിഭാഷകരെ ഉൾപ്പടെ കൊണ്ടുവരുമ്പോഴാണ് ഫീസ് തർക്കത്തിന്‍റെ പേരിൽ, ആദിവാസി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 11, 2018 12:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മധു കൊല്ലപ്പെട്ട കേസ്: സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തീരുമാനം സർക്കാർ റദ്ദാക്കി