• HOME
 • »
 • NEWS
 • »
 • kerala
 • »
 • 'മൈലേജ് ഇല്ലെങ്കിൽ വിറ്റുകൂടെ, വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിന്?': KSRTCയോട് ഹൈക്കോടതി

'മൈലേജ് ഇല്ലെങ്കിൽ വിറ്റുകൂടെ, വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിന്?': KSRTCയോട് ഹൈക്കോടതി

455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. ഇതിപ്പോൾ ഒരു ലക്ഷത്തിൽ താഴെ പോലും ലഭിക്കുമോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.

KSRTC

KSRTC

 • Share this:
  കൊച്ചി: കെഎസ്ആർടിസിക്കെതിരെ (KSRTC) രൂക്ഷ വിമർശനവുമായി കേരള ഹൈക്കോടതി (kerala high court). ഓടിക്കാതെ കെഎസ്ആർടിസി ബസുകൾ വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിനെന്ന് ചോദിച്ച ഹൈക്കോടതി, മൈലേജ് ഇല്ലെങ്കിൽ ബസുകൾ വിറ്റു കൂടെ എന്നും ആരാഞ്ഞു.

  മൈലേജ് ഇല്ലാത്ത വാഹനം എന്നതിന്റെ പേരിൽ ബസുകൾ ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഉണ്ട്. മൈലേജ് ഇല്ല, വാഹനങ്ങൾ ഓടിക്കാൻ കഴിയില്ല എങ്കിൽ വിറ്റു കൂടെ എന്നാണ് ഹൈക്കോടതി ചോദിച്ചത്.

  ശമ്പളം ലഭിക്കാത്തതിനാൽ ജീവനക്കാർ ഇന്നു സമരം ചെയ്യുകയാണ്. എത്രകാലമായി ബസുകൾ ഇങ്ങനെ ഇട്ടിരിക്കുന്നുവെന്ന ചോദ്യത്തിന് ക്യത്യമായ ഉത്തരമില്ലെന്നും കോടതി കുറ്റപെടുത്തി. 455 ബസുകൾ സമയത്ത് വിറ്റിരുന്നെങ്കിൽ ഒരു ബസിന് പത്തു ലക്ഷം രൂപ വീതം ലഭിക്കുമായിരുന്നു. ഇതിപ്പോൾ ഒരു ലക്ഷത്തിൽ താഴെ പോലും ലഭിക്കുമോയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. പൊതുതാല്പര്യ ഹർജിയിന്മേലാണ് കോടതിയുടെ വിമർശനം.

  സംസ്ഥാനത്ത് വിവിധ യാർഡുകളിലായി നിരവധി കെഎസ്ആർടിസി ബസുകൾ തുരുമ്പെടുത്ത് നശിക്കുന്നു. അതിനു കാരണമായി കെഎസ്ആർടിസി പറയുന്നത് അവയ്ക്ക് മൈലേജില്ല എന്നാണ്. ഇങ്ങനെ എന്തിനാണ് വാഹനങ്ങൾ ദുരുപയോ​ഗം ചെയ്യുന്നത് എന്നാണ് കോടതി ചോദിച്ചത്.

  നിലവിൽ കാലാവധി കഴിഞ്ഞ 920 ബസുകളാണ് കണ്ടം ചെയ്യാനുള്ളതെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിൽ 681 സാധാരണ ബസുകളും 239 ജൻറം ബസുകളുമാണ്. 10 വർഷം മുതൽ 19 വർഷം വരെ സർവീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങളും കൈമാറിയിട്ടുണ്ട്. കണ്ടം ചെയ്യുന്ന ബസുകളുടെ വിശദാംശങ്ങൾ അറിയിക്കാൻ ഹൈക്കോടതി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കാസർകോട് സ്വദേശിയായ എൻ. രവീന്ദ്രൻ നൽകിയ പൊതുതാത്പര്യ ഹർജിയിലായിരുന്നു കോടതി വിശദാംശങ്ങൾ തേടിയത്.

  KSRTCക്ക് തിരിച്ചടി; ഡീസലിന് കൂടിയ വില നൽകണം; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

  കെഎസ്ആർടിസിക്ക് (KSRTC) വിപണി നിരക്കിൽ ഡീസൽ നൽകാൻ നിർദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. വില നിർണയിക്കാൻ എണ്ണക്കമ്പനികൾക്ക് അധികാരമുണ്ടെന്നും നയപരമായ തീരുമാനമാണന്നുമുള്ള എണ്ണക്കമ്പനികളുടെ വാദം അംഗീകരിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

  വില നിശ്ചയിച്ചതിൽ പ്രഥമ ദൃഷ്ട്യ അപാകത ഉണ്ടന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെ ഇന്ത്യൻ ഓയിൽ കോർപറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ കമ്പനികൾ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ജസ്റ്റിസുമാരായ സി എസ് ഡയസും ബസന്ത് ബാലാജിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

  വൻകിട ഉപഭോക്താവ് എന്ന നിലയിൽ ഡീസൽ വില കുറച്ചു നൽകണമെന്നും കമ്പനികളുടെ തീരുമാനം ഏകപക്ഷീയവും വിവേചനപരവും ആണന്നുമായിരുന്നു കെഎസ്ആർടിസിയുടെ വാദം. ഇന്ധന വില കൂട്ടാതിരിക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് എണ്ണക്കമ്പനികള്‍ കോടതിയില്‍ വ്യക്തമാക്കി.

  ആഗോള സാഹചര്യങ്ങളിൽ ക്രൂഡ് ഓയിൽ വില വർധിച്ചതാണ് വർധനക്ക് കാരണമെന്നും വില നിർണയിക്കാൻ തങ്ങൾക്ക് അധികാരമുണ്ടന്നും നയപരമായ തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്നുമായിരുന്നു കമ്പനികളുടെ വാദം.

  കച്ചവട കണ്ണോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്നും സാധാരണക്കാര്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് പ്രവര്‍ത്തിക്കുന്നതെന്നും കെഎസ്ആര്‍ടിസി ചൂണ്ടിക്കാട്ടി. കൂടാതെ നിലവില്‍ നഷ്ടത്തിലാണ് സ്ഥാപനം ഓടുന്നതെന്നും കെഎസ്ആര്‍ടിസി ബോധിപ്പിച്ചു. ഈ വാദം അംഗീകരിച്ച് കൊണ്ടായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ മുൻ ഉത്തരവ്.

  അതേസമയം, വിപണി വിലയ്ക്ക് ഡീസൽ നൽകാനാവില്ലെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി.
  Published by:Rajesh V
  First published: