• HOME
  • »
  • NEWS
  • »
  • kerala
  • »
  • Reporter's Account രാത്രി എട്ടു മണിക്ക് കടയടച്ചിട്ടും ശിവശങ്കറിന്റെ പുസ്തകം രണ്ടു മണിക്കൂറിൽ വാർത്ത ആയതെങ്ങിനെ?

Reporter's Account രാത്രി എട്ടു മണിക്ക് കടയടച്ചിട്ടും ശിവശങ്കറിന്റെ പുസ്തകം രണ്ടു മണിക്കൂറിൽ വാർത്ത ആയതെങ്ങിനെ?

'രാത്രി പുറത്തു വിട്ട 'അശ്വത്ഥാമാവ് വെറും ഒരു ആന' പിറ്റേദിവസം സ്വപ്നയുടെ വെളിപ്പെടുത്തൽ വിനോദ് തന്നെ പുറത്തുവിട്ടതോടെ ആഞ്ഞു കത്തി'

എം. ശിവശങ്കറിന്റെ പുസ്തകം

എം. ശിവശങ്കറിന്റെ പുസ്തകം

  • Share this:
രാത്രി എട്ടരയ്ക്ക് ആണ് ഒരു കോൾ വരുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങി. തിരുവനന്തപുരം ബ്യൂറോയിൽ നിന്ന് റിപ്പോർട്ടർ വി വി വിനോദാണ് വിളിച്ചത്. 'അളിയാ ഏതെങ്കിലും കട തുറപ്പിച്ചു എങ്കിലും സാധനം പോകണം. അത് കിട്ടി കഴിഞ്ഞാൽ പിന്നെ നിന്റെ സമയമാണ്. ഇന്നു കിട്ടിയില്ലെങ്കിൽ നാളെ അതിരാവിലെ പോയി നോക്കണം. കോട്ടയത്ത് മാത്രമേ കിട്ടു'. പതിവ് ശൈലിയിൽ വിനോദിന്റെ മോട്ടിവേഷൻ. ഇങ്ങനെ ഒരു വിളി ഇടയ്ക്ക് സാധാരണമായി ഉള്ളതിനാൽ പെട്ടെന്ന് ഒന്നും തോന്നിയില്ല. ഒന്നുരണ്ടു മിനിറ്റുകൾക്കുള്ളിൽ കാര്യത്തിലെ ഗൗരവം തലയിൽ കയറി. അന്ന് പകൽ മുഴുവൻ  കേരളം ചർച്ച ചെയ്ത് ഒരു പുസ്തകത്തെ കുറിച്ചാണ് വിനോദ് പറഞ്ഞത്. അത് കോട്ടയത്ത് ഇറങ്ങി എന്നും പറയുന്നു.

ഏറ്റവും അടുത്ത നിമിഷം നേരെ വിളിച്ചത് ഡിസി ബുക്സിലേക്ക് ആണ്. പുസ്തകം കിട്ടുക എന്ന അനിവാര്യത കൊണ്ട് അതിന്റെ മേധാവി ഡിസി രവിയെ തന്നെ നേരിട്ട് വിളിച്ചു. 'പുസ്തകം ഞങ്ങൾ പുറത്തിറക്കി'. ചാനലുകൾ ഒക്കെ വാർത്ത വന്നതുകൊണ്ട് വൈകുന്നേരം തന്നെ കോട്ടയത്തെ മുഴുവൻ പുസ്തകശാലകളിൽ എത്തിച്ചു'. എങ്ങനെയെങ്കിലും ഒരെണ്ണം കിട്ടാൻ വഴിയുണ്ടോ. അയ്യോ ഇനി പറ്റില്ലല്ലോ. ഷോപ്പ് അടച്ചു പോയി. നാളെ രാവിലെ 9 മണിക്ക് തരാം. വേറെ വഴി ഇല്ല. ആരെങ്കിലും വേറെ വാങ്ങിയിട്ടുണ്ടോ എന്നായി അടുത്ത ചോദ്യം.  അതെ. കുറെ പേർ വാങ്ങിയിട്ടുണ്ട് എന്ന് മറുപടി. സത്യത്തിൽ ആകെ ഞെട്ടി. തല ചൂടായി. ഇനി എന്ത്‌ ചെയ്യും.

പ്രതീക്ഷിച്ച വഴിയടഞ്ഞതും പിന്നെ മുറിയിൽ ഇരിക്കാൻ തോന്നിയില്ല. കടകൾ അടച്ചു എന്ന് പറഞ്ഞെങ്കിൽ പോലും നേരെ ബൈക്ക് എടുത്ത് ടൗണിലേക്ക്. മുതലാളി തന്നെ കടയടച്ച കാര്യം പറഞ്ഞെങ്കിലും ഡിസി ബുക്സിലേക്കാണ് ആദ്യം പോയത്. ടൗണിലെ രണ്ട് ഷോപ്പുകളിലും എത്തി എങ്കിലും എപ്പോഴോ അടച്ചു പോയ കടകൾ മാത്രമാണ് കണ്ടത്. പ്രതീക്ഷ കൈവിടാതെ നേരെ വിദ്യാർത്ഥിമിത്രത്തിലേക്ക്. അവിടെയും ഇരുട്ട് മാത്രം കണ്ടു. എട്ടുമണിക്ക് കടകളെല്ലാം അടച്ചു ഇരുട്ടിന് വഴി മാറുന്ന കോട്ടയം പട്ടണത്തിൽ എന്റെ ആഗ്രഹം അത്യാഗ്രഹം ആയി തോന്നിപ്പോയി.

പ്രതീക്ഷകൾ എല്ലാം നഷ്ടപ്പെട്ടതോടെ വായനയിൽ ഗുരുവായ സുഹൃത്തിന് മെസ്സേജ് അയച്ചു. എങ്ങനെയെങ്കിലും ഒന്ന് സഹായിക്കണം. അത്യാവശ്യം എല്ലായിടത്തും ഉന്നത ബന്ധമുള്ള ആൾ ആയതുകൊണ്ട് തന്നെ കാര്യം നടക്കുമെന്ന് ഉറപ്പിച്ചാണ് മെസ്സേജ് ഇട്ടത്. ആൾ സഹായിക്കാൻ ഉള്ള ശ്രമവും തുടങ്ങി.  ഇതിനിടെ മറ്റൊരു സുഹൃത്തിനോടും കാര്യം പറഞ്ഞിരുന്നു. ആളും തിരയാൻ ഒപ്പം കൂടി. ഒടുവിൽ  നഗരപരിധിയിൽ തന്നെ ഉള്ള ഒരാൾ പുസ്തകം വാങ്ങിയതായി പറഞ്ഞു. പുസ്തകം നേരിട്ട് തരില്ല, പക്ഷേ കാണാൻ തരാം. അദ്ദേഹം പറഞ്ഞു.  പിന്നെ ഒരു നിമിഷം പോലും കാത്തിരുന്നില്ല അന്നേരം നിന്ന സി എം എസ്  കോളേജിന് മുന്നിൽ നിന്ന് ബൈക്കിൽ താഴത്തങ്ങാടിയിലേക്ക് പാഞ്ഞു.

സമയം 9 മണി കഴിഞ്ഞു.  ആ വീട്ടിലെത്തി. ചേട്ടൻ പുസ്തകം മുഴുവൻ വായിച്ചോ? ആദ്യ ചോദ്യം അതായിരുന്നു. പിന്നെ. പെട്ടെന്ന് വായിച്ചു. എന്താണ് ചേട്ടാ പുസ്തകത്തിൽ ആകെയുള്ളത്? മുഖ്യമന്ത്രിക്ക് എതിരെ എന്തെങ്കിലും പറയുന്നുണ്ടോ?  സർക്കാറിനെതിരെ പറയുന്നുണ്ടോ? ഇതുവരെ ഇല്ലാത്ത വെളിപ്പെടുത്തൽ എന്തെങ്കിലുമുണ്ടോ. ഒരു മണിക്കൂറിനുള്ളിൽ വാർത്ത എയറിൽ പോകണമെന്ന് പരിമിതിയിൽ എല്ലാം ആദ്യ വായനക്കാരനിൽ നിന്നു ചോദിച്ചറിഞ്ഞു. പ്രസക്തമായ  പേജുകൾ പലതും  ആ ചേട്ടൻ തന്നെ കാണിച്ചു തന്നു. പിന്നെ ആകെ മൊത്തത്തിൽ ഒന്ന് ഓടിച്ചു വായിച്ചു. പോയിന്റുകൾ പലതും ബ്രേക്കിംഗ് ടെക്സ്റ്റ് ആക്കി എഴുതി. പല പേജുകളുടെയും ചിത്രങ്ങൾ എടുത്തു. പുസ്തകത്തിന്റെ ആകെ രൂപം മൊബൈൽ വീഡിയോയിൽ പകർത്തി. ഇതിനിടയ്ക്ക് തന്നെ ഡെസ്കിലേക്ക് വിളിച്ച് കാര്യം പറഞ്ഞു. പത്തുമണി വരെ മാത്രമാണ് വാർത്തയെന്ന് അറിയിച്ചതോടെ എഡിറ്റർ പ്രദീപ്‌ പിള്ളയെ തന്നെ കാര്യം അറിയിച്ചു.  വാർത്ത കൊടുത്തോ. നമുക്ക് ബുള്ളറ്റിൻ നീട്ടാം. ഇതിനിടക്ക് ക്യാമറാമാനോടും ഒരു ലൈവ് വെക്കാൻ നിർദേശം നൽകി. അങ്ങനെ 9.45 ന് വായന പൂർത്തിയാക്കി നേരെ ക്യാമറമാന്റെ മുറിയിലേക്ക്.

Also Read- Swapna Suresh | സ്വർണക്കടത്ത് കേസ്; 'മുഖ്യമന്ത്രിക്കും സർക്കാരിനും ബന്ധമില്ലെന്ന ഫോൺ സംഭാഷണം പറയിപ്പിച്ചത്': സ്വപ്ന സുരേഷ്

മുറിക്ക് കുറച്ചു മുൻപ് റോഡ് പൂർണമായും മുറിച്ച് ഇട്ടിരിക്കുന്നു. പിന്നെ ബൈക്ക് ഒതുക്കിവെച്ച് ഒറ്റ ഓട്ടമായിരുന്നു. അങ്ങനെ രാത്രി 10.10 ന് ന്യൂസ്‌ 18 ബ്രേക്കിങ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ പുസ്തകം ഇതാദ്യമായി ന്യൂസ്18 പുറത്തുവിടുന്നു. രാത്രി പുറത്തു വിട്ട 'അശ്വത്ഥാമാവ് വെറും ഒരു ആന' പിറ്റേദിവസം സ്വപ്നയുടെ വെളിപ്പെടുത്തൽ വിനോദ് തന്നെ പുറത്തുവിട്ടതോടെ ആഞ്ഞു കത്തി. ആകെ മൊത്തം ഒരു സിനിമാസ്റ്റൈൽ. ഓരോ മിനിറ്റിലും തീപിടിച്ച നിമിഷങ്ങൾ. അങ്ങനെ  ഒരു പുസ്തകവും പുസ്തകശാലയുമൊക്കെ എപ്പോൾ വേണമെങ്കിലും ബിഗ് ബ്രേക്കിംഗ് ആകാമെന്നും അനുഭവിച്ചറിഞ്ഞു. ഇങ്ങനെ ഒരു പുസ്തകം എഴുതണമായിരുന്നൊ എന്ന് എഴുത്തുകാരൻ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും എന്നാണ് ഈ നിമിഷം മനസ് പറയുന്നത്.
Published by:Anuraj GR
First published: